ഓഹരി വിപണി കാര്യമായ നഷ്ടത്തിലൂടെ പോയ മാസങ്ങളാണ് സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന ഭാഗത്തുള്ളത്. സെന്‍സെക്സും നിഫ്റ്റിയും സര്‍വകാല ഉയരത്തില്‍ നിന്നാണ് താഴേക്ക് വന്നത് എന്നതിനാല്‍ തന്നെ നിക്ഷേപവര്‍ നേട്ടവും നഷ്ടവും അനുഭവിച്ചു. ഉയരത്തില്‍ നിന്നും 15 ശതമാനമാണ് സൂചികകള്‍ ഇടിഞ്ഞത്.
ഈ സാമ്പത്തിക വര്‍ഷം വിപണിയില്‍ നിന്നും നേട്ടവും നഷ്ടവുമുണ്ടാക്കിയവരാണെങ്കില്‍ ടാക്സ് ലോസ് ഹാര്‍വെസ്റ്റിങ് (tax loss harvesting) വഴി നികുതി ബാധ്യത കുറയ്ക്കാനാകും. 2024ലെ ബജറ്റില്‍ മൂലധനനേട്ട നികുതി നിരക്കുകള്‍ ഉയര്‍ത്തുക കൂടി ചെയ്തതോടെ നിക്ഷേപകര്‍ക്ക് നികുതി ബാധ്യത കുറയ്ക്കാനുള്ള മികച്ച വഴിയാണിത്.
നികുതി നിരക്കുകള്‍ ഇങ്ങനെ
2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ ഹ്രസ്വകാല മൂലധനനേട്ട നികുതി (Short-term Capital Gain) 15 ശതമാനത്തില്‍ നിന്നും 20 ശതമാനമായാണ് ഉയര്‍ത്തിയത്. 12 മാസത്തില്‍ താഴെ ഹോള്‍ഡ് ചെയ്ത ഓഹരി വിറ്റാലാണ് ഹ്രസ്വകാല മൂലധന നേട്ടനികുതി ബാധകമാകുക. 1.25 ലക്ഷം രൂപ വരെ ദീര്‍ഘകാല മൂലധന നേട്ട നികുതി (Long-term Capital Gain) നല്‍കേണ്ടതില്ല. ശേഷം 12.50 ശതമാനം നികുതി നല്‍കണം. 12 മാസത്തില്‍ കൂടുതല്‍ ഓഹരി കൈവശം വെച്ചാലാണ് ദീര്‍ഘകാല മൂലധന നേട്ടനികുതി ബാധകമാകുക.
എന്താണ് ടാക്സ് ലോസ് ഹാര്‍വെസ്റ്റിങ്
മൊത്തം നികുതി ബാധ്യത കുറയ്ക്കാന്‍ നഷ്ടത്തിലുള്ള ഓഹരിയോ മ്യൂച്വല്‍ ഫണ്ടോ വിറ്റ് നികുതി നല്‍കേണ്ട തുകയില്‍ നിന്നും കുറച്ച് നികുതി ബാധ്യത കുറയ്ക്കാന്‍ നിക്ഷേപകരെ സഹായിക്കുന്നൊരു രീതിയാണിത്. നിക്ഷേപകര്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍ നേട്ടത്തേക്കാള്‍ കൂടുതല്‍ നഷ്ടം സംഭവിച്ചാല്‍, ടാക്സ് ലോസ് ഹാര്‍വെസ്റ്റിങിന് ശേഷമുള്ള നഷ്ടം അടുത്ത സാമ്പത്തിക വര്‍ഷത്തിലെ നികുതി ബാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഇത് 8 വര്‍ഷത്തേക്ക് ഉപയോഗിക്കാം.
ഹ്രസ്വകാല മൂലധനനേട്ട നികുതി
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കാരണം 2024 ജൂലായ് 23 ന് മുന്‍പ് വിറ്റ ഓഹരികള്‍ക്ക് 15 ശതമാനമാണ് ഹ്രസ്വകാല മൂലധനനേട്ട നികുതി. ജൂലായ് 23 ന് ശേഷം വിറ്റവയ്ക്ക് 20 ശതമാനം നികുതി നല്‍കണം. ഉദാഹരണമായി 2024-25 സാമ്പത്തിക വര്‍ഷം 1 ലക്ഷം രൂപ ഹ്രസ്വകാല മൂലധനനേട്ടമുള്ള ഒരു നിക്ഷേപകനെ പരിഗണിക്കാം.
ഓഹരി വിറ്റ് ലാഭമെടുത്തത് 2024 ജൂലായ് 23 ന് മുന്‍പായതിനാല്‍ 15 ശതമാനമാണ് നികുതി. 15,000 രൂപ ഇദ്ദേഹത്തിന് നികുതി ബാധ്യത വരും. ഇതേ നിക്ഷേപകന്‍ നിലവില്‍ 60,000 രൂപ നഷ്ടം നേരിടുന്നു. ഈ സാഹചര്യത്തില്‍ നഷ്ടം ബുക്ക് ചെയ്ത് ഹ്രസ്വകാല മൂലധന നേട്ട നികുതി 40,000 രൂപയായി കുറയ്ക്കാം. 15 ശതമാനം നികുതി കണക്കാക്കിയാല്‍ നല്‍കേണ്ടത് 6,000 രൂപ മാത്രമാകും. 9,000 രൂപയാണ് നികുതിയില്‍ ലാഭിക്കുന്നത്.
ഓഹരി വിറ്റത് 2024 ജൂലായ് 23 ന് ശേഷമാണെങ്കില്‍ 20 ശതമാനമാണ് നികുതി നിരക്ക്. 40,0000 രൂപയ്ക്ക് 8,000 രൂപ നികുതി നല്‍കണം. ഇവിടെ ലാഭം 7,000 രൂപയാണ്. ഹ്രസ്വകാല മൂലധനനേട്ട നഷ്ടം, ഹ്രസ്വകാല മൂലധനനേട്ട നികുതിയുമായും ദീര്‍ഘകാല മൂലധനനേട്ട നികുതിയുമായും കുറയ്ക്കാന്‍ സാധിക്കും.
ദീര്‍ഘകാല മൂലധനനേട്ട നികുതി
ദീര്‍ഘകാല മൂലധനനേട്ടമാണെങ്കില്‍ 2024 ജൂലായ് 23 ന് മുന്‍പ് 1 ലക്ഷം രൂപ വരെയായിരുന്നു ഇളവ്. ശേഷം 10 ശതമാനം നികുതി നല്‍കണം. ഉദാഹരണമായി 1,10 ലക്ഷം രൂപ ലാഭമുണ്ടാക്കിയാല്‍ 10,000 രൂപ നികുതി അടയ്ക്കണം. ഇവിടെയും സമാനരീതിയില്‍ നഷ്ടം കുറയ്ക്കാം. ദീർഘകാല മൂലധന നേട്ടത്തിന് മുകളില്‍ ദീർഘകാല മൂലധന നഷ്ടം മാത്രമെ കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ.
ശ്രദ്ധിക്കേണ്ട തീയതികള്‍
സാമ്പത്തിക വര്‍ഷത്തെ അവസാന തീയതിയായ മാര്‍ച്ച് 31 ന് മുന്‍പ് നികുതി ലാഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. ടാക്സ് ലോസ്റ്റ് ഹാര്‍വെസ്റ്റിങ് നടത്തേണ്ടവര്‍ മാര്‍ച്ച് 28 നകം ഓഹരി വിറ്റ് നഷ്ടം ബുക്ക് ചെയ്യണം. മാര്‍ച്ച് 29, 30, 31 തീയതികളില്‍ ഓഹരി വിപണി അവധിയാണ്,