AI Generated Image
എടിഎം ഇടപാടുകള്‍ക്കുള്ള നിരക്ക് വര്‍ധിപ്പിച്ച് ബാങ്കുകള്‍. എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബന്‍ഡന്‍ ബാങ്ക് എന്നിവയാണ് ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധിപ്പിച്ചത്. പണം പിന്‍വലിക്കല്‍ പരിധി, സൗജന്യ പിന്‍വലിക്കല്‍ പരിധി എന്നിവയില്‍ മാറ്റമുണ്ട്.
എച്ച്.ഡി.എഫ്.സി ബാങ്കില്‍ യു.പി.ഐ ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിച്ചാലും ഇനി സാധാരണ എടിഎം ഇടപാടുകളായി കണക്കാക്കും. ഇവയെ മാസത്തിലെ സൗജന്യ എടിഎം പിന്‍വലിക്കല്‍ പരിധിയില്‍ ഉള്‍പ്പെടുത്തും. മാസത്തില്‍ അഞ്ചു തവണ എടിഎമ്മില്‍ നിന്നും സൗജന്യമായി പണം പിന്‍വലിക്കാം. ശേഷം ചാര്‍ജ് ഈടാക്കും. ഓരോ ഇടപാടിനും 23 നിരക്കിലാണ് ചാര്‍ജ്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ വിവിധ ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള പിന്‍വലിക്കല്‍ പരിധിയില്‍ മാറ്റമുണ്ട്. നേരത്തെ 1 ലക്ഷം രൂപ വരെ പിന്‍വലിക്കല്‍ അനുവദിച്ചിരുന്നിടത്ത് 50,000 രൂപയാക്കി കുറച്ചു. 1.50 ലക്ഷം രൂപ പരിധി ഉണ്ടായിരുന്ന പ്രീമിയം കാര്‍ഡുകളില്‍ ഇത് 75,000 രൂപയായി കുറച്ചു.
ബന്‍ഡന്‍ ബാങ്ക് സൗജന്യ എടിഎം ഇടപാട് പരിധിയില്‍ മാറ്റം വരുത്തി. മാസത്തിൽ അഞ്ച് തവണ എടിഎം വഴി സൗജന്യമായി പണം പിൻവലിക്കാം. ബാലൻസ് പരിശോധന, മിനി സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവ സാമ്പത്തിക ഇതര ഇടപാടുകള്‍ പരിധിയില്ലാതെ സൗജന്യമായി ഉപയോഗിക്കാം. മറ്റു ബാങ്കുകളിലെ എടിമ്മുകളില്‍ സൗജന്യ ഇടപാട് പരിധി ഇങ്ങനെയാണ്, മെട്രോ നഗരങ്ങളില്‍ മൂന്നെണ്ണവും നോണ്‍ മെട്രോ നഗരങ്ങളില്‍ അഞ്ചെണ്ണവും.
പരിധിക്കപ്പുറം പണം പിന്‍വലിച്ചാല്‍ 23 രൂപ ഈടാക്കും. പണമില്ലാത്ത കാരണത്തില്‍ ഇടപാട് തടസപ്പെട്ടാല്‍ 25 രൂപ ഈടാക്കും.