AI Generated Image
നിങ്ങള്‍ വായ്പയെടുത്തവരാണോ? ഇനി എടുക്കാൻ പ്ലാനുണ്ടോ? റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ വായ്പ പലിശ നിരക്കുകൾ കുറയ്ക്കാനൊരുങ്ങുകയാണ് ബാങ്കുകൾ. കേന്ദ്രബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പ പലിശ നിരക്കായ റിപ്പോയില്‍ 1.25 ശതമാനത്തിന്‍റെ കുറവാണ് ആർബിഐ ഈ വര്‍ഷം വരുത്തിയത്. ഇതോടെ ഈ വര്‍ഷം തുടക്കത്തിലുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഭവന വായ്പകള്‍ വര്‍ഷാവസാനത്തില്‍ ലഭിക്കും.
2019 ഒക്ടോബര്‍ ഒന്നുമുതല്‍ അനുവദിക്കുന്ന ഫ്ളോട്ടിങ് റേറ്റ് വായ്പകളില്‍ ഭൂരിഭാഗവും റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയവയാണ്. അതിനാല്‍ റിപ്പോനിരക്ക് കുറയുന്ന ഘട്ടത്തില്‍ പലിശ നിരക്കുകള്‍ കുറയും. പ്രതിമാസ ഇഎംഐ ചുരുങ്ങുന്നതോടെ പലിശ ഭാരം കുറയ്ക്കാനാകും.
വായ്പകൾ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ളതാണോ എന്നാണ് നിക്ഷേപകർ ഈ സമയം ശ്രദ്ധിക്കേണ്ടത്. റിപ്പോ നിരക്ക് കുറയ്ക്കുന്ന ഘട്ടത്തില്‍ റിപ്പോ നിരക്കിനെ അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ നിരക്ക് വേഗത്തില്‍ കുറയും. എംസിഎൽആർ വായ്പകൾ ബാങ്കുകളുടെ ആഭ്യന്തര ചെലവുകളെ അടിസ്ഥാനമാക്കിയാണ് എംസിഎല്‍ആര്‍ നിരക്കുകള്‍ കണക്കുന്നത്. ഇവയുടെ നിരക്ക് കുറയാൻ സാവകാശമെടുക്കും.
റിപ്പോ നിരക്കില്‍ മാറ്റം വരുമ്പോൾ റിപ്പോ അടിസ്ഥാനമാക്കിയ വായ്പകളുടെ പലിശ നിരക്ക് ഉടനെയോ മൂന്നു മാസത്തിലൊരിക്കലോ പരിഷ്കരിക്കും. പുതിയ ഭവന വായ്പയെടുക്കുന്നവർക്ക് കുറഞ്ഞ നിരക്കുകളുടെ പ്രയോജനം വേഗത്തിൽ ലഭിക്കും. റീസെറ്റ് സൈക്കിളുകൾക്ക് ശേഷമാകും പലഘട്ടത്തിലും നിലവിലുള്ള വായ്പക്കാർക്കും ഇളവുകൾ ലഭിക്കുക.
ഇനിയൊരു ഉദാഹരണം നോക്കാം, 8.50 ശതമാനം പലിശ നിരക്കില്‍ 20 വര്‍ഷത്തേക്ക് 50 ലക്ഷം രൂപയുടെ ഭവന വായ്പയെടുത്തൊരാള്‍ക്ക് മാസം വരുന്ന ഇഎംഐ 43391 രൂപയാണ്. പലിശ നിരക്ക് 1.25 ശതമാനം കുറഞ്ഞാല്‍ ഇഎംഐ 39,518 രൂപയായി കുറയും. ആകെ പലിശയില്‍ 9 ലക്ഷ രൂപ വരെ ലാഭിക്കാം. ഇനി കുറഞ്ഞ പലിശയില്‍ ഇഎംഐ പഴയതു പോലെ തുടര്‍ന്നാല്‍ മൂന്നര വരഷം നേരത്തെ വായ്പ അവസാനിപ്പിക്കാം.