ധനലക്ഷ്മി ബാങ്കിന്‍റെ ആസ്ഥാനമന്ദിരം
ധനലക്ഷ്മി ബാങ്കിന് ഈ സാമ്പത്തികവര്‍ഷത്തിന്‍റെ രണ്ടാംപാദത്തില്‍ 23.20 കോടി രൂപയുടെ ലാഭം. ത്രൈമാസാടിസ്ഥാനത്തിലുള്ള മൊത്തം വരുമാനത്തില്‍ 9.86 ശതമാനം വാര്‍ഷികവളര്‍ച്ചയും അര്‍ധവാര്‍ഷികാടിസ്ഥാനത്തില്‍ 14.84 ശതമാനം വളര്‍ച്ചയും കൈവരിച്ചു. കഴിഞ്ഞ (2024–25) സാമ്പത്തികവര്‍ഷത്തിലെ രണ്ടാംപാദത്തെ അപേക്ഷിച്ച് പലിശവരുമാനത്തില്‍ 16.66 ശതമാനം വളര്‍ച്ച നേടി. 28.19 കോടി രൂപയാണ് ഈ സാമ്പത്തികവര്‍ഷത്തെ രണ്ടാംപാദത്തിലെ പ്രവര്‍ത്തനലാഭം. ആദ്യപകുതിയില്‍ ആകെ ലാഭം 35.38 കോടി രൂപയായിരുന്നു.
മൊത്തം ബിസിനസില്‍ ധനലക്ഷ്മി ബാങ്ക് 17.53 ശതമാനം വാര്‍ഷികവളര്‍ച്ച കൈവരിച്ചു. 25,650 കോടി രൂപയില്‍ നിന്ന് 30,146 കോടി രൂപയായാണ് ബിസിനസ് വര്‍ധിച്ചത്. മൊത്തം നിക്ഷേപം കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 14632 കോടി രൂപയായിരുന്നത് ഇത്തവണ 17,105 കോടി രൂപയായി ഉയര്‍ന്നു. 16.90 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. റീട്ടെയില്‍ നിക്ഷേപങ്ങളില്‍ 12.32 ശതമാനം വളര്‍ച്ചയുണ്ടായി. മൊത്തം നിക്ഷേപത്തിന്‍റെ 28.87 ശതമാന കറന്‍റ്, സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളാണ്.
മൊത്തം വായ്പ 18.36 ശതമാനം വര്‍ധിച്ചു. 11,018 കോടി രൂപയില്‍ നിന്ന് 13,041 കോടിയായാണ് വായ്പയുടെ അളവ് വര്‍ധിച്ചത്. സ്വര്‍ണപ്പണയവായ്പയില്‍ 31.84 ശതമാനം വാര്‍ഷികവളര്‍ച്ച കൈവരിച്ചു. 3373 കോടിരൂപയില്‍ നിന്ന് 4447 കോടി രൂപയായാണ് സ്വര്‍ണപ്പണയവായ്പ ഉയര്‍ന്നത്. വായ്പാനിക്ഷേപാനുപാതം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയ 75.31 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 76.24 ശതമാനമായി വര്‍ധിച്ചു.
നിഷ്ക്രിയ ആസ്തി ഗണ്യമായി കുറയ്ക്കാനും ഈ കാലയളവില്‍ ബാങ്കിന് സാധിച്ചതായി ധനലക്ഷ്മി ബാങ്ക് മാനേജ്മെന്‍റ് അറിയിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ നിഷ്ക്രിയ ആസ്തി 3.82 ശതമാനത്തില്‍ നിന്ന് 3.10 ശതമാനമായി കുറയ്ക്കാനും അറ്റ നിഷ്ക്രിയ ആസ്തി 1.12 ശതമാനത്തില്‍ നിലനിര്‍ത്താനും കഴിഞ്ഞു. നിഷ്ക്രിയ ആസ്തിയിലേക്കുള്ള നീക്കിയിരുപ്പ് തോത് 86.94 ശതമാനമാണ്.
സെപ്തംബര്‍ 30ന് ധനലക്ഷ്മി ബാങ്ക് ഓഹരിയുടെ ബുക് വാല്യു 35.91 രൂപയും മൊത്തം വിപണി മൂല്യം 982.01 കോടി രൂപയുമായി വര്‍ധിച്ചു. രണ്ടാംപാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ ബാങ്കിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതും ദീര്‍ഘകാല വളര്‍ച്ചാലക്ഷ്യങ്ങളുമായി പൂര്‍ണതോതില്‍ പൊരുത്തപ്പെടുന്ന രീതിയിലുമാണെന്ന് ധനലക്ഷ്മി ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ കെ.കെ.അജിത് കുമാര്‍ പറഞ്ഞു. സാങ്കേതികമേഖലയിലെ നിക്ഷേപങ്ങള്‍, ഉപഭോക്തൃസേവനം എന്നിവ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് എല്ലാ അടിസ്ഥാനമേഖലകളിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ ബാങ്കിനെ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.