വരുന്നത് ഓണാക്കാലമാണ്. ഒരുപാട് പണച്ചെലവുള്ള കാലം. ഇതിനൊപ്പം സെപ്റ്റംബറിലെ സാമ്പത്തിക മാറ്റങ്ങളറിഞ്ഞില്ലെങ്കില്‍ അധിക ചെലവും വന്നേക്കാം. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് മുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന്‍റെ അവസാന തീയതി അടക്കം വരുന്നത് സെപ്റ്റംബര്‍ മാസത്തിലാണ്.

രജിസ്റ്റേഡ് പോസ്റ്റ് സര്‍വീസ് സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്പീഡ് പോസ്റ്റ് സര്‍വീസുമായി ലയിപ്പിക്കുമെന്ന് തപാല്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മുതല്‍ രജിസ്റ്റേഡ് ആയ അയക്കുന്ന തപാല്‍ സ്പീഡ് പോസ്റ്റായാണ് ലഭിക്കുക.

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിന്‍റെ റിവാര്‍ഡ് പോയിന്‍റില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ മാറ്റം വരും. ഡിജിറ്റല്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകളിലും സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഇടപാടുകള്‍ക്കും റിവാര്‍ഡ് പോയിന്‍റ് ലഭിക്കില്ല. സെപ്റ്റംബര്‍ 16 മുതല്‍ നിലവിലെ ക്രെഡിറ്റ് കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ ഉപഭോക്താക്കള്‍ പുതുക്കിയ പ്ലാനിലേക്ക് മാറും.

വ്യക്തിഗത നികുതിദായകര്‍ക്കും ഹിന്ദു അഭിവക്ത കുടുംബങ്ങള്‍ക്കും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബര്‍ 15 വരെയാണ്. നേരത്തെ ജൂലൈ 31 ന് അവസാനിച്ചിരുന്ന സമയപരിധി ഇത്തവണ സെപ്റ്റംബര്‍ 15 ലേക്ക് നീട്ടുകയായിരുന്നു.

ജന്‍ ധന്‍ അക്കൗണ്ട് ഉടമകളാണെങ്കില്‍ റീ–കെവൈസി ശ്രദ്ധിക്കേണ്ട മാസം കൂടിയാണ് സെപ്റ്റംബര്‍. 10 വര്‍ഷം കഴിഞ്ഞ ജന്‍ ധന്‍ അക്കൗണ്ടുകള്‍ക്കാണ് റീ കെവൈസി ആവശ്യമായി വരുന്നത്. സെപ്റ്റംബര്‍ 30 വരെ പൊതുമേഖലാ ബാങ്കുകള്‍ ഇതിനായുള്ള ക്യാംപുകള്‍ നട‌ത്തും.

നാഷണല്‍ പെന്‍ഷന്‍ സ്കീമിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യൂണിഫൈഡ് പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30 ആണ്. പൊതുമേഖലാ എണ്ണ കമ്പനികള്‍ ഇന്ധന, പാചകവാതക വില പുതുക്കുന്നത് മാസത്തിന്‍റെ തുടക്കത്തിലാണ്. ഒരു വര്‍ഷത്തിലേറെയായി കുറയാത്ത ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില കുറയുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തുടര്‍ച്ചയായ മാസങ്ങളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വില കുറയ്ക്കുന്നുണ്ട്. ഇതില്‍ ഇക്കുറി എത്ര കുറയുമെന്നും സെപ്റ്റംബര്‍ ഒന്നിന് അറിയാം.

ENGLISH SUMMARY:

September financial changes include updates to SBI credit cards, income tax deadlines, and Jan Dhan accounts. Stay informed this month to avoid unexpected expenses and manage your finances effectively.