ഫയല്‍ ചിത്രം
ആദായ നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നതും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള ഫീസിലും തത്കാല്‍ ബുക്കിങിലും വരെ ഇന്ന് മുതല്‍ അടിമുടി മാറ്റമാണ്. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകളുടെ ഉപഭോക്താക്കളെയാണ് പുതിയ ബാങ്ക് നിരക്കുകള്‍ ബാധിക്കുക.
ആധാര്‍ ഇല്ലെങ്കില്‍ പുതിയ പാന്‍ കാര്‍ഡ് ഇല്ല
പാന്‍ കാര്‍ഡിനായുള്ള പുതിയ അപേക്ഷകര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിന്‍റെ ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ ഡിസംബര്‍ 31നകം ആധാര്‍ കാര്‍ഡ് പാന്‍കാര്‍ഡുമായി ലിങ്ക് ചെയ്യുകയും വേണം. പാന്‍ കാര്‍ഡ് എടുക്കുന്നതിനായി ഇതുവരെ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകളായ ഡ്രൈവിങ് ലൈസന്‍സോ, ജനന സര്‍ട്ടിഫിക്കറ്റോ മതിയായിരുന്നു. ഡിസംബര്‍ 31നകം ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ അസാധുവാകുകയും ചെയ്യും.
തത്കാല്‍ ടിക്കറ്റ് വേണോ ആധാര്‍ വേണം
തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ഇന്നുമുതല്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. ജൂലൈ 15 മുതല്‍ ഒടിപി ഉള്‍പ്പടെയുള്ള ടു ഫാക്ടര്‍ ഓതന്‍റിക്കേഷനും നിര്‍ബന്ധമാണ്. ട്രെയിന്‍ ടിക്കറ്റ് നിരക്കിലും ഇന്ന് മുതല്‍ വര്‍ധനയുണ്ട്. നോണ്‍ എസി കോച്ചുകളില്‍ ടിക്കറ്റിന് ഒരു പൈസയെന്ന നിരക്കിലും എസി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ടു പൈസയെന്ന നിരക്കിലുമാണ് വര്‍ധന.
ക്രെഡിറ്റ് കാര്‍ഡിലെ മാറ്റങ്ങള്‍ അറിയാം
ചില പ്രീമിയം കാര്‍ഡുകള്‍ക്ക് നല്‍കി വന്നിരുന്ന എയര്‍ ആക്സിഡന്‍റ് ഇന്‍ഷൂറന്‍സ് എസ്ബിഐ നിര്‍ത്തലാക്കി. എസ്ബിഐ എലീറ്റ്, മൈല്‍സ് എലീറ്റ്, മൈല്‍സ് പ്രൈം കാര്‍ഡുകള്‍ ഉപയോഗിച്ച് വിമാന ടിക്കറ്റുകള്‍ എടുക്കുമ്പോഴായിരുന്നു ഇന്‍ഷൂറന്‍സ് ലഭിച്ചിരുന്നത്.
എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകളും ചില പണമിടപാടുകള്‍ക്കുള്ള നിരക്കില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എച്ച്ഡിഎഫ്സി ഉപഭോക്താക്കള്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍ സ്കില്‍ ബേസ്ഡ് ഗെയിമുകളില്‍ 10,000 രൂപയ്ക്ക് മേല്‍ ചെലവഴിച്ചാല്‍ ഓരോ പണമിടപാടിനും ഒരു ശതമാനമെന്ന നിരക്കില്‍ ചാര്‍ജ് നല്‍കേണ്ടി വരും. ഈ ഫീസ് പരമാവധി 4,999യാണ്. 50,000 രൂപയ്ക്ക് മേലുള്ള യൂട്ടിലിറ്റി ഫീസുകള്‍ക്കും ഇതേ നിരക്കില്‍ പണം നല്‍കേണ്ടി വരും. അതേസമയം, ഇന്‍ഷൂറന്‍സ് ഇടപാടുകള്‍ക്ക് നിരക്ക് ബാധകമല്ല. ഡിജിറ്റല്‍ വാലറ്റിലേക്ക് 10,000 രൂപയില്‍ കൂടുതല്‍ പണം ഒറ്റത്തവണ നീക്കി വച്ചാലും മേല്‍ പറഞ്ഞ നിരക്കില്‍ ചാര്‍ജ് നല്‍കേണ്ടി വരും.
ഐസിഐസിഐ ഉപഭോക്താക്കള്‍ക്കാവട്ടെ എടിഎം ഇടപാടിനടക്കമുള്ള ചാര്‍ജുകളില്‍ വര്‍ധനയുണ്ട്. എടിഎമ്മില്‍ നിന്നും ആദ്യ അഞ്ചു തവണ പണം പിന്‍വലിക്കുന്നത് മുന്‍പത്തേത് പോലെ സൗജന്യമായി തുടരും. അതു കഴിഞ്ഞുള്ള ഓരോ പിന്‍വലിക്കലുകള്‍ക്കും 23 രൂപ വീതം ല്‍കേണ്ടി വരും. അതേസമയം, പണമിടപാടല്ലാത്ത സേവനങ്ങള്‍ സൗജന്യമായി തുടരും.
സ്വന്തം ബാങ്കിന്‍റേതല്ലാത്തതായുള്ള എടിഎം ഉപയോഗങ്ങള്‍ ഐസിഐസിഐ ഉപഭോക്താക്കള്‍ക്ക് മെട്രോ നഗരങ്ങളില്‍ മൂന്നും ചെറിയ നഗരങ്ങളില്‍ അഞ്ചുമാണ്. ഇതില്‍ കൂടുതല്‍ തവണ പണമിടപാട് മറ്റ് എടിഎമ്മുകളില്‍ നിന്ന് നടത്തിയാല്‍23 രൂപയും ഇടപാടൊന്നിന് 8.5 രൂപ വീതവും നല്‍കേണ്ടി വരും.
രാജ്യാന്തര എടിഎം ഇടപാടുകള്‍ക്ക് , അതായത് പണം പിന്‍വലിക്കുകയാണെങ്കില്‍ ഇടപാടൊന്നിന് 125 രൂപയും പണേതര ഇടപാടിന് 25 രൂപയും നിലവിലെ വിനിമയ നിരക്കിന്‍റെ മൂന്നര ശതമാനവും പണം നല്‍കേണ്ടി വരും. ഓണ്‍ലൈന്‍ പണമിടപാടുകളും പരിഷ്കരിച്ചിട്ടുണ്ട്. രണ്ടര രൂപ മുതല്‍ 15 രൂപവരെയാണ് കൈമാറ്റം ചെയ്യുന്ന തുക അനുസരിച്ച് ഈടാക്കുക. ഒരു ലക്ഷത്തില്‍ കൂടുതല്‍ പണം പ്രതിമാസം നിക്ഷേപിക്കുകയാണെങ്കില്‍ , ഒരു ലക്ഷത്തിന് മേലുള്ള ഓരോ ആയിരം രൂപയ്ക്കും 150,350 എന്നീ നിരക്കില്‍ ചാര്‍ജ് നല്‍കേണ്ടി വരും.
ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള തീയതി നീട്ടി
ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ള തീയതി ഈ വര്‍ഷം മുതല്‍ ജൂലൈ 31ല്‍ നിന്നും സെപ്റ്റംബര്‍ 15ലേക്ക് മാറ്റി. നികുതിദായകര്‍ക്ക് ഇതോടെ ഫയലിങ് പൂര്‍ത്തിയാക്കാന്‍ 46 ദിവസം അധികമായി ലഭിക്കും. അതേസമയം, രേഖകളെല്ലാം കൈവശമുള്ളവര്‍ക്ക് പഴയത് പോലെ തന്നെ റിട്ടേണ്‍സ് സമര്‍പ്പിക്കാം.