രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങളിൽ 26 ശതമാനത്തിൻറെ വർധനവ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് പ്രകാരം 78,213 കോടി രൂപയാണ് അവകാശികളില്ലാതെ ആർ.ബി.ഐയുടെ ഡിപ്പോസിറ്റർ എഡ്യുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിൽ കിടക്കുന്നത്. 10 വർഷത്തിലേറെയായി ബാങ്കുകളിൽ അവകാശികളില്ലാത്ത ഫണ്ടുകളാണ് ഡിപ്പോസിറ്റർ എഡ്യുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് മാറ്റുന്നത്. 2023 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 62,225 കോടി രൂപയായിരുന്നു ഈ ഫണ്ടിലുണ്ടായിരുന്നത്.
ആരോരുമില്ലാത്ത കോടികളുടെ കണക്കിങ്ങനെ..
2014-15 സാമ്പത്തിക വർഷത്തിൽ 7,875 കോടി രൂപയാണ് അവകാശികളില്ലാതെ കിടന്നിരുന്നത്. തൊട്ടടുത്ത വർഷം 10,585 കോടി, 2016-17ൽ 14,697 കോടി, 2017-18 ൽ 19,567 കോടി രൂപ എന്നിങ്ങനെയാണ് കണക്ക്. 2018-19 ൽ 25,747 കോടി രൂപയായിരുന്ന നിക്ഷേപം കോവിഡിന് ശേഷം വലിയ വർധനവുണ്ടായി. 2019-20 തിൽ 33,114 കോടിയും 2020-21 ൽ 39,264 കോടി രൂപയും 2021-22 ൽ 48,262 കോടി രൂപയുമാണ് അനാഥമായി കിടന്നത്. പൊതുമേഖലാ ബാങ്കുകളിലാണ് ഏറ്റവുമധികം തുക അവകാശികളില്ലാതെ കിടക്കുന്നത്.
തുക എങ്ങനെ തിരിച്ചു പിടിക്കും?
സേവിംഗ്സ് അക്കൗണ്ടുകൾ ഉപയോഗിക്കാതെ ഡോർമൻറ് അക്കൗണ്ടുകളാകുന്നതും സ്ഥിര നിക്ഷേപങ്ങൾ കാലാവധിക്ക് ശേഷവും പിൻവലിക്കാതെ കിടക്കുന്നതുമാണ് ഈ നിക്ഷേപങ്ങൾ വർധിക്കാനുള്ള കാരണം. താമസം മാറുന്നതിനൊപ്പം അക്കൗണ്ടുകൾ ഒഴിവാക്കുന്നു എന്നതാണ് ബാങ്കുകൾ ഇതിനുള്ള കാരണമായി പറയുന്നത്. കോവിഡിന് ശേഷം നോമിനികളില്ലാതെ മരണപ്പെട്ടവരുടെ അക്കൗണ്ടുകളിൽ നിന്നും ഇത്തരത്തിൽ ഉയർന്ന തുക ഡിപ്പോസിറ്റർ എഡ്യുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. നിക്ഷേപം ക്ലെയിം ചെയ്യാൻ ബ്രാഞ്ചുകളിൽ നേരിട്ടെത്തണം. അവകാശികളാണെങ്കിൽ പണം ലഭിക്കാൻ ആവശ്യമായ രേഖകളും ഹാജരാക്കണം.
അതേസമയം ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങളിൽ ആർ.ബി.ഐക്ക് കൃത്യമായ നിരീക്ഷണമുണ്ട്. ഇത്തരം അക്കൗണ്ടുകളിൽ കൃത്യമായ നിരീക്ഷണം നടത്താനും അക്കൗണ്ടുടമകളെ കണ്ടെത്താനും ശ്രമിക്കണമെന്നാണ് ആർ.ബി.ഐ നൽകുന്ന നിർദ്ദേശം. ഇതോടൊപ്പം ഇത്തരം അക്കൗണ്ടുകൾ കണ്ടെത്താനുള്ള സൗകര്യവും ഉദ്ഗം എന്ന പോർട്ടലിന്റെ ഭാഗമായി ആർ.ബി.ഐ ഒരുക്കിയിട്ടുണ്ട്. 30 ബാങ്കുകൾ നിലവിൽ ഉദ്ഗം പോർട്ടലിൻറെ ഭാഗമാണ്. വെബ്സൈറ്റിൽ പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്ത ശേഷം ഹോം പേജിലെ ഇൻഡിവിജ്വൽ എന്ന ഭാഗത്ത് തിരയേണ്ട അക്കൗണ്ട് ഉടമയുടെ പേര് നൽകി തിരച്ചിൽ നടത്താം. ഓരോ ബാങ്ക് പ്രത്യേകമായോ എല്ലാ ബാങ്കുകളും ഒരുമിച്ചോ തിരയാം. ഇതോടൊപ്പം പാൻ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, വോട്ടർ ഐഡി നമ്പർ, പാസ്പോർട്ട് നമ്പർ, ജനന തീയതി എന്നിവ വഴിയും തിരയാം.