jio-ipo-deatils-malayalam

TOPICS COVERED

  • 30,000 കോടി രൂപയിലധികം സമാഹരിക്കാൻ ലക്ഷ്യമിടുന്ന ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ റെക്കോർഡ് മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പനയായി മാറും.

ഇന്ത്യൻ ഐപിഒ ചരിത്രത്തിലെ ഏറ്റവും വലിയ അങ്കത്തിന് ഒരുങ്ങുകയാണ് ജിയോ പ്ലാറ്റ്ഫോംസ്. 30,000 കോടിക്ക് മുകളിൽ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐപിഒ തന്നെയാണ് ഈ ആഴ്ച ഓഹരിവിപണിയിലെ ശ്രദ്ധാകേന്ദ്രം. റീട്ടെയിൽ നിക്ഷേപകർക്ക് 14,000 രൂപയുണ്ടെങ്കിൽ ജിയോ ഐപിഒയ്ക്ക് അപേക്ഷിക്കാം. ഐപിഒയ്ക്ക് അപേക്ഷിക്കും മുന്‍പ് അറിഞ്ഞിരിക്കേണ്ട ഒന്‍പതു കാര്യങ്ങള്‍ നോക്കാം.

* ഒക്ടോബർ 21 നാണ് ജിയോ ഐപിഒ സ്ബസ്ക്രിപ്ഷൻ ആരംഭിക്കുക. 23 വരെ നിക്ഷേപകർക്ക് അപേക്ഷിക്കാനാകും.  26ന് ഓഹരികളുടെ അലോട്ട്മെന്റ് നടക്കും. 28 ന് ബിഎസ്ഇയിലും എൻഎസ്ഇയിലും ഓഹരി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

* 27 കോടി പുതിയ ഓഹരികളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. 1,065 രൂപ മുതൽ 1,119 രൂപ വരെയാണ്  ഓഹരിയുടെ പ്രൈസ് ബാൻഡ്. ഉയർന്ന പ്രൈസ് ബാൻഡ് കണക്കിലെടുത്താൽ കമ്പനിക്ക് ഏകദേശം 30,200 കോടി രൂപ സമാഹരിക്കാൻ സാധിക്കും. ഐപിഒ പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പനയായി ജിയോ ഐപിഒ മാറും. 2024 ഒക്ടോബറിലെ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ 27,856 കോടി രൂപയുടെ ഐപിഒയെ ജിയോ  മറികടക്കും. 10.3 ലക്ഷം കോടി രൂപയുടെ മൂല്യമാണ് കമ്പനി ഈ ഐപിഒ ലക്ഷ്യമിടുന്നത്. 

* ആകെ ഇഷ്യുവിന്റെ 35 ശതമാനം ഓഹരികളാണ് റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റിവച്ചിട്ടുള്ളത്. റീട്ടെയിൽ നിക്ഷേപകർക്ക് 12 ഓഹരികളുള്ള ഒരു ലോട്ട് മുതൽ അപേക്ഷിക്കാം. ഉയർന്ന പ്രൈസ് ബാൻഡ് പ്രകാരം 13,428 രൂപയാണ് നിക്ഷേപത്തിന് ആവശ്യം. പരമാവധി 168 ഓഹരികളാണ് റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാൻ സാധിക്കുക. ഇതിന് 1,87,992 രൂപ ചെലവാകും. 

* ഓഫർ ഫോർ സെയിൽ ഇല്ലാതെ പൂർണമായും പുതിയ ഓഹരികളാണ് ജിയോ വിറ്റഴിക്കുന്നത്. അതിനാൽ റിലയൻസ് ഇൻഡസ്ട്രീസോ മെറ്റ, ഗൂഗിൾ അടക്കമുള്ള വിദേശ നിക്ഷേപകരോ ഓഹരികൾ വിൽക്കില്ല. ഐപിഒ വഴി ലഭിക്കുന്ന തുക മുഴുവൻ ജിയോ പ്ലാറ്റ്‌ഫോംസിന് ലഭിക്കും. സബ്സിഡിയറിയായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്‍റെ വായ്പകൾ തീർക്കാനാണ് കമ്പനി പ്രധാനമായും ഈ തുക ഉപയോഗിക്കുക. 

* റിലയൻസ് ഇൻഡസ്ട്രീസാണ് ജിയോയുടെ ഏറ്റവും വലിയ ഓഹരി ഉടമ. 66.43 ശതമാനം ഓഹരികള് റിലയൻസിന്‍റെ പക്കലുണ്ട്. 2020ല്‍  ജിയോയിൽ നിക്ഷേപകരായി എത്തിയ ഗൂഗിളിന്‍റെ കയ്യിൽ 7.73 ശതമാനം ഓഹരികളുണ്ട്. മെറ്റയ്ക്ക് 9.98 ശതമാനം ഓഹരികളാണ് ജിയോയിലുള്ളത്. 

* റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഉടമകൾക്കും കമ്പനി ജീവനക്കാർക്കും ജിയോ ഐപിഒയിൽ ഓഹരികള് മാറ്റിവച്ചിട്ടുണ്ട്. ഒക്ടോബർ 14 നു മുൻപ് റിലയൻസ് ഓഹരികൾ കൈവശമുള്ളവർക്കായി 2,500 കോടി രൂപയുടെ ഓഹരികളാണ് മാറ്റിവച്ചത്. ജിയോ ജീവനക്കാർക്കായി 500 കോടി രൂപയുടെ ഓഹരികളും മാറ്റിവച്ചിട്ടുണ്ട്. ജീവനക്കാർക്ക് 54 രൂപ ഡിസ്ക്കൌണ്ടും ലഭിക്കും.

* രാജ്യത്തുടനീളമുള്ള മികച്ച കവറേജും പുതിയ സാങ്കേതികവിദ്യകളിലെ മികച്ച നിക്ഷേപവും ജിയോയുടെ പ്ലസ് പോയിന്റാണ്. ഉപഭോക്തൃ പങ്കാളിത്തം കൂട്ടുന്നതിനൊപ്പം ക്ലൗഡ് ഗെയിമിംഗ്, സ്ട്രീമിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളിലും ജിയോയ്ക്ക് പങ്കാളിത്തുണ്ട്. കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭം 30053 കോടി രൂപയാണ്. 1,49,759 കോടി രൂപയുടെ പ്രവർത്തന വരുമാനവും  നേടി. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 16 ശതമാനവും ലാഭത്തിൽ 15 ശതമാനവും ആരോഗ്യകരമായ വളർച്ച കമ്പനിക്കുണ്ട്. 

* ജിയോ നേരിടുന്ന പ്രധാന വെല്ലുവിളികള് ലൈസൻസും സ്പ്കെട്രവുമാണ്. ജിയോയുടെ സ്പെക്ട്രം-ലൈസൻസ് ജിയോ ഇൻഫകോമിന്‍റെ കയ്യിലാണ്. ലൈസൻസുകൾ പുതുക്കുന്നതിലോ നിലനിർത്തുന്നതിലോ, അല്ലെങ്കിൽ സ്പെക്ട്രം ലേലത്തിൽ വീഴ്ചകകളോ കമ്പനി ബിസിനസിനെ ​ഗുരുതരമായാ ബാധിക്കാം. സാങ്കേതിക തടസ്സങ്ങൾ, വലിയ കടബാധ്യതകൾ, ടെലികോം മേഖലയിലെ കർശന സർക്കാർ നിയന്ത്രണങ്ങൾ എന്നിവയാണ് കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളികൾ. നിലവിലുള്ളവരെ നിലനിർത്തി പുതിയ ഉപഭോക്താക്കളെ എത്തിച്ചാൽ മാത്രമെ കമ്പനിക്ക് ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം വ‍ർധിക്കാനാകൂ. ഇത് കമ്പനിയുടെ വള‌ർച്ചയ്ക്ക് നിർണായകമാണ്. 

* ഗ്രേ മാർക്കറ്റിൽ ജിയോ ഓഹരിക്ക് ശക്തമായ താൽപ്പര്യമാണ് കാണിക്കുന്നത്. ജിയോ പ്ലാറ്റ്‌ഫോംസിന്‍റെ അൺലിസ്റ്റഡ് ഓഹരികൾ 1337 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. ഇത് ഉയർന്ന പ്രൈസ് ബാൻഡായ 1,119 രൂപയേക്കാള് 218 രൂപ അധികമാണ്. അതായത് 19% ത്തിൽ ഓഹരി ലിസ്റ്റ് ചെയ്തേക്കാം എന്നാണ് വിപണിയിലെ പ്രതീക്ഷ.

ENGLISH SUMMARY:

Jio Platforms is gearing up for India's largest-ever initial public offering, aiming to raise over 30,000 crore rupees with a price band set between 1,065 and 1,119 rupees. The subscription window opens on October 21 and closes on October 23, requiring retail investors to invest around 13,428 rupees for a minimum lot of 12 shares. Entirely consisting of a fresh issue of shares, the capital raised will primarily be utilized to clear debts and fund advanced digital services. With strong gray market premiums signaling a robust debut, investors should carefully review these nine essential details before applying.