മലബാറിലെ ഐ.ടി. മേഖലയില്‍ വന്‍കുതിച്ചു ചാട്ടത്തിനു വഴിതുറക്കുന്ന ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ സൈബര്‍ ടവറിന്‍റെ നിര്‍മാണം തുടങ്ങി. കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ സര്‍ക്കാര്‍ കൈമാറിയ രണ്ടര ഏക്കറില്‍, ഒന്‍പതു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിച്ചു.
കേരളത്തിലെ ആദ്യത്തെ റെഡിമിക്സ് സിമെന്‍റ് പ്ലാന്‍ററും ആദ്യമാളും അവതരിപ്പിച്ചു വിസ്മയിപ്പിച്ച ഹൈലൈറ്റ് ഗ്രൂപ്പാണു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐടി പാര്‍ക്കിന് തുടക്കമിട്ടത്. ഐ.ടി. ഐ.ടി അനുബന്ധ വ്യവസായ മേഖലയിലെ രാജ്യാന്തര കമ്പനികളെ ആകര്‍ഷിക്കുന്ന തരത്തില്‍ എഗ്രേഡ് കെട്ടിടമാണ് ഉയരുന്നത്. 2028ലെ ഗാന്ധി ജയന്തി ദിനത്തില്‍ കെട്ടിടം തുറന്നു നല്‍കുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.സുലൈന്‍മാന്‍ പ്രഖ്യാപിച്ചു.
600 കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് നടത്തുന്നത്. തിരുവനന്തപുരത്തിനും കൊച്ചിക്കും പിറകെ കോഴിക്കോടിനെ കേരളത്തിന്‍റെ ഐ.ടി വ്യവസായ ഹബ്ബാക്കുകയാണു ലക്ഷ്യമെന്നും സംരഭകരെ ശത്രുക്കളായി കാണുന്ന രീതി സര്‍ക്കാരിനില്ലെന്നും തറക്കല്ലിടല്‍ നിര്‍വഹിച്ച മുഖ്യമന്ത്രി വ്യക്തമാക്കി.
പതിനായിരം ഐ.ടി. പ്രൊഫഷണലുകള്‍ക്ക് നേരിട്ടു ജോലി ലഭിക്കുന്നതാണ് പദ്ധതി. ചടങ്ങില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലികുട്ടി.എപി. അനില്‍കുമാര്‍, എം.കെ. രാഘവന്‍ എം.പി തുടങ്ങിയവര്‍ പങ്കെടുത്തു.