കടുത്ത സാമ്പത്തിക പ്രതിസന്ധി വരാനിരിക്കുന്നു എന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധൻ മുത്തുകൃഷ്ണൻ ദണ്ഡപാണി. വലിയതുകയുടെ എമർജൻസി ഫണ്ട് സ്വരൂപിക്കാനും മൂന്നു വർഷം വരെയുള്ള ചെലവുകൾക്കുള്ള നീക്കിയിരിപ്പ് കണ്ടെത്താനുമാണ് മുത്തുകൃഷ്ണൻ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം പുതിയ കടങ്ങൾ ഒഴിവാക്കണമെന്നും വീട് വാങ്ങുന്നതും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും പുനപരിശോധിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിക്ഷേപ ഉപദേഷ്ടാവാണ് അദ്ദേഹം.
ജോലിയെ കുറിച്ചും പദവികളെകുറിച്ചും നിർബന്ധ ബുദ്ധിവേണ്ടെന്നും വരുമാനം ഉറപ്പാക്കുന്നതിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ആകാശമിടിഞ്ഞുവീഴാൻ പോവുകയല്ലെന്നും ലോകം മുൻപും ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്.
ആളുകളെ ഭയപ്പെടുത്തുകയല്ല, മറിച്ച് മുൻകരുതൽ എടുക്കാൻ പ്രാപ്തമാക്കുകയാണിതിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. താൻ കഴിഞ്ഞ രണ്ട് വർഷമായി ഇത് പറയുന്നുണ്ട്. ആഗോള, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങൾ കണക്കിലെടുക്കുമ്പോൾ ജാഗ്രത പാലിക്കുന്നതാണ് ബുദ്ധിയെന്നും അദ്ദേഹം മറ്റൊരു കുറിപ്പിൽ പറയുന്നു. മുത്തുകൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ വരുന്നുണ്ട്. വെൽത്ത് പ്ലാനിങിന്റെ അടിസ്ഥാന തത്വമാണ് അദ്ദേഹം പറഞ്ഞതെന്നും ഏതൊരാളും ആറു മാസത്തേക്കുള്ള എമർജൻസി ഫണ്ട് കരുതണമെന്നുമാണ് എക്സിലെ കമന്റുകൾ.