സ്വകാര്യ കമ്പനിയായി തുടരാന്‍ റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണി കാത്തിരിക്കുന്നത് വമ്പന്‍ ഐപിഒ. ടാറ്റ സണ്‍സിന്റെ വിപണി മൂല്യം 9-12.5 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് കണക്ക്. കമ്പനിയുടെ പോര്‍ട്ട്ഫോളിയോ മൂല്യം 15-16 ലക്ഷം കോടി രൂപയാണെങ്കിലും ഇത് ഐപിഒയില്‍ പ്രതിഫലിക്കില്ല.
Also Read: ടാറ്റ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യേണ്ടി വരും; NBFC ലൈസന്‍സ് റദ്ദാക്കാനുള്ള അപേക്ഷ RBI തള്ളി
ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 12 ലക്ഷം കോടി രൂപയും അണ്‍ലിസ്റ്റഡ് കമ്പനികളുടെ മൂല്യം നാലു കോടി രൂപയുമാണെന്നാണ് വിലയിരുത്തല്‍. എന്നാൽ ഈ 16 ലക്ഷം കോടി രൂപ ഐപിഒ.യിൽ പ്രതിഫലിക്കില്ല. ടാറ്റ സൺസ് മാതൃ കമ്പനിയായതുകൊണ്ട് ലിസ്റ്റ് ചെയ്ത ഓഹരികൾക്ക് 41-45 ശതമാനം വരെയും ലിസ്റ്റ് ചെയ്യാത്ത ആസ്തികൾക്ക് 15 ശതമാനം വരെയും ഡിസ്‌കൗണ്ടുണ്ടാകും. ഐപിഒയിലേക്ക് വരുമ്പോള്‍ വീണ്ടും 10-15 ശതമാനം കുറവുവരും. നിക്ഷേപകരെ ആകര്‍ഷിക്കാനാണിത്.
ഇതുപ്രകാരം, എല്ലാ ഡിസ്‌കൗണ്ടുകളും കഴിഞ്ഞ് ഐപിഒ വഴി ടാറ്റ സൺസിന് 9 -12.5 ലക്ഷം കോടി രൂപ വരെയാണ് മൂല്യം ലഭിക്കാന്‍ സാധ്യതയെന്ന് വിദഗ്ധർ കണക്കാക്കുന്നു. ബജാജ് ഹോൾഡിങ്സ്, ഗോദ്റെജ് ഇൻഡസ്ട്രീസ് എന്നിവ വിപണിയിൽ 30-40 ശതമാനം ഡിസ്‌കൗണ്ടിലാണ് വ്യാപാരം ചെയ്യുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ടാറ്റ സൺസിൽ 18.37 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഷാപൂർജി പല്ലോൻജി ഗ്രൂപ്പിന് ഐപിഒ നേട്ടമാകും. കടം വിട്ടാന്‍ ശ്രമങ്ങള്‍ നടത്തുന്ന കമ്പനിയുടെ ഓഹരികള്‍ക്ക് ഏകദേശം 2.3 ലക്ഷം കോടി രൂപ മൂല്യം വരും എന്നാണ് കണക്ക്.
പുതിയ സംഭവവികാസങ്ങള്‍ക്കിടെ സെപ്റ്റംബർ 17-ന് ടാറ്റ സൺസ് ബോർഡ് യോഗം ചേരുന്നുണ്ട്. ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റിങ്, എൻ. ചന്ദ്രശേഖരന് ശേഷം മാതൃ കമ്പനിയെ ആര് നയിക്കും എന്നി വിഷയങ്ങള്‍ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയാകും.
ബാങ്ക് ഇതര ധനകാര്യ സ്ഥാപനമെന്ന രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടാറ്റാ സൺസ് സമർപ്പിച്ച അപേക്ഷ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തള്ളിയതോടെയാണ് കമ്പനിക്ക് ലിസ്റ്റിങ് നിര്‍ബന്ധമായത്. അൺരജിസ്റ്റേർഡ് കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായി മാറുന്നതിനായുള്ള അപേക്ഷയാണ് ആർബിഐ നിരസിച്ചത്. ഇതോടെ ടാറ്റ ഗ്രൂപ്പിന്‍റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസ്, അപ്പർ ലെയർ എൻ.ബി.എഫ്.സി വിഭാഗത്തിൽപ്പെടുന്ന സ്ഥാപനമായി തുടരും. ഈ വിഭാഗത്തിൽപ്പെടുന്ന കമ്പനികൾ നിർബന്ധമായും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്.