TOPICS COVERED

കേരളത്തില്‍ നിന്നുള്ള രണ്ട് കമ്പനികള്‍ കൂടി ഓഹരിവിപണിയില്‍ പ്രവേശിക്കുകയാണ്. വീഗാലാന്‍ഡ് ഡവലപ്പേഴ്സും സില്‍വര്‍ സ്റ്റോം പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്സും. ഇന്ത്യന്‍ വിപണി കണ്ട വലിയ രണ്ട് ഐ.പി.ഒകള്‍ ഇനി വരാനിരിക്കുന്നു. എന്‍.എസ്.ഇയുടെയും റിലയന്‍സ് ജിയോയുടെയും. ഈ സാഹചര്യത്തില്‍ ഐ.പി.ഒകളില്‍ നിക്ഷേപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

​ഐ.പി.ഒ എന്നു പറഞ്ഞാല്‍ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍. പ്രാഥമിക ഓഹരി വില്‍പന. ഒരു കമ്പനി പബ്ലിക് ലിസ്റ്റഡ് കമ്പനിയാകുന്നത് ഐ.പി.ഒ  വഴി ഓഹരി വിറ്റഴിച്ചാണ്. ഐ.പി.ഒ വിപണിക്ക് നമ്മള്‍ പ്രാഥമിക വിപണി എന്നും പറയും. ഐ.പി.ഒയ്ക്ക് ആര്‍ക്കൊക്കെ അപേക്ഷിക്കാം. മ്യൂച്വല്‍ഫണ്ടുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഐ.പി.ഒയ്ക്കായി അപേക്ഷിക്കാം. ആകെ ഐ.പി.ഒയിലെ നിശ്ചിത ഓഹരികള്‍ സ്ഥാപനങ്ങള്‍ക്കായി നീക്കി വച്ചിരിക്കുകയാണ്. അവശേഷിക്കുന്നതാണ് ചെറുകിട നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. 

​​എല്ലാ ഐ.പി.ഒകളും സുരക്ഷിതമാണ് എന്ന് പറയാനാവില്ല. പണം നിക്ഷേപിക്കും മുമ്പ് ചില കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കണം. ഓഫര്‍ പ്രൈസ് എത്രയാണ് എന്നത് പ്രധാനമാണ്. പി.ഇ റേഷ്യോ പരിശോധിക്കണം. ഐ.പി.ഒ നടത്തുന്ന കമ്പനിയുടെ അതേ സെക്ടറില്‍ പെടുന്ന മറ്റ് കമ്പനികളുടെ നിലവിലെ വിപണിയിലെ പ്രകടനവും പഠിക്കണം. ഇത്തരത്തിലുള്ള താരതമ്യ പഠനങ്ങള്‍ കൂടി നടത്തിയതിനുശേഷമേ ഐ.പി.ഒയില്‍ പണം മുടക്കാവൂ. എങ്ങനെയാണ് ഐ.പി.ഒ വഴി വില്‍ക്കുന്ന ഓഹരികള്‍ വാങ്ങുന്നത്?​

​അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഐ.പി.ഒ വഴി ഓഹരികള്‍ ലഭിക്കുമോ? ഇല്ലെങ്കില്‍ അപേക്ഷിക്കുന്ന അത്രയും ഓഹരികള്‍ ലഭിക്കുമോ? ഐ.പി.ഒ സംബന്ധിച്ച് പൊതുവില്‍ കേള്‍ക്കുന്ന സംശയങ്ങളാണിത്. ലോട്ടറിയടിക്കുന്നതുപോലെയാണ് ഐ.പി.ഒ എന്ന് ചിലര്‍ തമാശക്ക് പറയാറുണ്ട്. അതില്‍ കഴമ്പുണ്ടുതാനും. മിക്ക ഐ.പി.ഒകളും ഇപ്പോള്‍ പലമടങ്ങ് ഓവര്‍ സബ്സ്ക്രൈബ് ചെയ്ത് പോകാറുണ്ട്. അതായത് ആകെ വിറ്റഴിക്കുന്ന ഓഹരികളെക്കാലും പലമടങ്ങ് കൂടുതല്‍ അപേക്ഷകള്‍ ഉണ്ടാകും. അങ്ങനെ വരുമ്പോള്‍ അപേക്ഷകര്‍ക്ക് ആനുപാതികമായി ഓഹരികള്‍ വീതം വച്ചു നല്‍കുകയാണ് ചെയ്യാറുള്ളത്.

​ചുരുക്കത്തില്‍ ഐ.പി.ഒ സാധ്യതകളുടെ വാതിലാണ്. നിരവധി പുതിയ നിക്ഷേപകര്‍ക്ക് ഓഹരി വിപണിയിലേക്കുള്ള വാതില്‍. പക്ഷേ കൃത്യമായി പഠിച്ചും ഉപദേശം സ്വീകരിച്ചും മാത്രമേ ആ വാതില്‍ വഴി അകത്തേക്ക് കടക്കാവൂ.

ENGLISH SUMMARY:

IPO investing is a gateway for many new investors into the stock market. However, one should only enter through this gateway after thorough research and seeking expert advice.