remitly

TOPICS COVERED

കേരളത്തിന് പുറത്തെ ഏറ്റവും വലിയ ഓണാഘോഷമായ 'റെമിറ്റ്‌ലി ഓണമാമാങ്കം 2026' ഷാർജ എക്‌സ്‌പോ സെന്ററിൽ പെയ്തിറങ്ങി. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ്ങും ഹിറ്റ് 96.7 എഫ്.എമ്മും ചേർന്ന് സംഘടിപ്പിച്ച മെഗാ മേളയിൽ പ്രിയതാരം കുഞ്ചാക്കോ ബോബനൊപ്പം ആയിരക്കണക്കിന് പ്രവാസികളാണ് ഓണാഘോഷത്തിൽ പങ്കുചേർന്നത്. ഗൃഹാതുര സ്മരണകളും സംഗീതവും നൃത്തവും ഇഴചേർന്ന അപൂർവ വിരുന്നിനാണ് ഷാർജ സാക്ഷ്യം വഹിച്ചത്.

പ്രിയതാരം കുഞ്ചാക്കോ ബോബന്റെ മാസ് എൻട്രിയോടെയാണ് ഷാർജ എക്‌സ്‌പോ സെന്ററിലെ ഓണമാമാങ്ക വേദി ആവേശക്കടലായത്. സിനിമകളിലെ ഹിറ്റ് ഗാനങ്ങളുടെ അകമ്പടിയോടെ താരമെത്തിയപ്പോൾ നിറഞ്ഞ സദസ്സ് ഹർഷാരവങ്ങളോടെ വരവേറ്റു. ഡാൻസ് ഐക്കൺ കുക്കുവും കെ സ്ക്വാഡും ചേർന്നൊരുക്കിയ ചടുലനൃത്തത്തിനൊപ്പം കുഞ്ചാക്കോ കൂടി ചുവടുവെച്ചതോടെ ഗാലറിയും ഇളകിമറിഞ്ഞു. കാണികളുമായി സംവദിച്ചും ആരാധകരുടെ തുറന്നുപറച്ചിലുകൾക്ക് മറുപടി നൽകിയും ചേർത്തുപിടിച്ചും രണ്ടു മണിക്കൂറോളമാണ് താരം വേദിയെ സജീവമാക്കി. നടൻ ബോബി കുര്യൻ, ആഷിഷ് ജോ ആന്റണി എന്നിവരും സന്നിഹിതരായിരുന്നു.

നേരത്തെ, കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റോറന്റ് ഒരുക്കിയ 27 കൂട്ടം വിഭവങ്ങളടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പം കുഞ്ചാക്കോ ബോബനും സദ്യ ആസ്വദിച്ചു. ആരാധകരുടെ കാതടപ്പിക്കുന്ന ആരവങ്ങൾക്കിടയിൽ വേദിയിലെത്തിയ റാപ്പർ വേടന്റെ പ്രകടനം സദസ്സിനെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. ഹിറ്റ് ഗാനങ്ങളുമായി വേടൻ കാണികൾക്കിടയിലേക്ക് ഇറങ്ങിയതോടെ സദസ്സ് സംഗീത ലഹരിയിലായി.

ഗായിക ശ്വേതാ മോഹനും ബെന്നറ്റ് ആൻഡ് ദ ബാൻഡും ചേർന്നൊരുക്കിയ സംഗീതനിശ  ആസ്വാദകരുടെ മനംകവർന്നു. സുധീർ പറവൂരിന്റെ ചിരിവിരുന്നും ശബരീഷ് പ്രഭാകറിന്റെ വയലിൻ ഫ്യൂഷനും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ഭീമൻ ഊഞ്ഞാലും ചാക്കിലോട്ടം, ഉറിയടി തുടങ്ങിയ പരമ്പരാഗത ഓണക്കളികളും പ്രവാസികൾക്ക് ഗൃഹാതുര സ്മരണകളുണർത്തി. അടുത്ത ദിവസം പ്രവൃത്തിദിനമായിട്ടും രാത്രി വൈകുംവരെ കുടുംബങ്ങളടക്കം പതിനായിരങ്ങളാണ് വേദിയിൽ തങ്ങിനിന്നത്.

ENGLISH SUMMARY:

Onam Mamankam Sharjah, a grand Onam celebration, captivated thousands of expatriates at the Sharjah Expo Centre. This mega event, organized by Equity Plus Advertising and Hit 96.7 FM, featured a special appearance by star Kunchacko Boban and a fusion of nostalgia, music, and dance.