onamamangam

യുഎഇയില്‍ റെമിറ്റ്‌ലി ഓണമാമാങ്കം മെഗാ ഷോയുടെ മുന്നോടിയായി മാർക്ക് ആൻഡ് സേവ് ഔട്ട്‌ലെറ്റുകളിൽ സംഘടിപ്പിച്ച ദ്വിദിന ഓണ മത്സരങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. വൈവിധ്യമാർന്ന മത്സരങ്ങൾക്കൊപ്പം മുഹൈസിനയിൽ നടന്ന വർണാഭമായ അത്തച്ചമയ ഘോഷയാത്രയും യുഎഇയിലെ പ്രവാസി മലയാളികൾക്ക് വേറിട്ട ഓണക്കാഴ്ചയായി. ഇക്വിറ്റി പ്ലസും ഹിറ്റ് 96.7 എഫ്എമ്മും ചേർന്ന് ഒരുക്കുന്ന മെഗാ ഇവന്‍റ് സെപ്റ്റംബർ ആറിന് ഷാർജ എക്സ്പോ സെന്‍ററിൽ അരങ്ങേറും.

ശനി, ഞായർ ദിവസങ്ങളിലായി മാർക്ക് ആൻഡ് സേവിന്റെ വിവിധ ഔട്ട്‌ലെറ്റുകളിലാണ് മത്സരങ്ങൾ അരങ്ങേറിയത്. അത്തപ്പൂക്കളം, ഫാൻസി ഡ്രസ്, ഡാൻസ്, തിരുവാതിരക്കളി, പായസ പാചകം, വടംവലി തുടങ്ങിയ മത്സരങ്ങളിൽ വൻ പങ്കാളിത്തമുണ്ടായി.  മിസ്റ്റർ മലയാളിയായി റെയ്മോൻ വർഗീസും, മലയാളി മങ്കയായി നവമി കുഞ്ഞിരാമനും തിരഞ്ഞെടുക്കപ്പെട്ടു. മിസ്റ്റർ മലയാളി ജേതാക്കൾക്ക് ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ് ഓപ്പറേഷൻസ് മാനേജർ ടൈറ്റസ് മാർക്കോസും, സാപ്പിൽ പൂക്കള മത്സര വിജയികൾക്ക് സാപ്പിൽ പെർഫ്യൂംസ് മാർക്കറ്റിങ് അസിസ്റ്റന്‍റ് അനന്യ ഭവിയും സമ്മാനങ്ങൾ വിതരണം ചെയ്തു.

ഓർമ്മ ദുബായ്, മ്മടെ തൃശൂർ കൂട്ടായ്മകളുടെ നേതൃത്വത്തിൽ 'മുഹൈസ്‌ന മാർക്ക് ആൻഡ് സേവ്' ൽ  നടന്ന അത്തച്ചമയ ഘോഷയാത്ര നാട്ടിലെ ഉത്സവക്കാഴ്ചകളെ ഓർമിപ്പിച്ചു. റോബോട്ടിക് ആനകൾ, ശിങ്കാരിമേളം, പുലിക്കളി, തിരുവാതിര, ഒപ്പന, മാർഗംകളി തുടങ്ങി വൈവിധ്യമാർന്ന കലാരൂപങ്ങളുടെ അകമ്പടിയോടെയെത്തിയ ഘോഷയാത്ര കാണാൻ ആയിരങ്ങള്‍ തടിച്ചുകൂടി.

സെപ്റ്റംബർ ആറിന് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന റെമിറ്റ്‌ലി ഓണമാമാങ്കത്തിൽ നടൻ കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയാകും. റാപ്പർ വേടൻ, പിന്നണി ഗായിക ശ്വേത മോഹൻ, ബെന്നറ്റ് ആൻഡ് ദ ബാൻഡ്, വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ, സുധീർ പറവൂർ തുടങ്ങിയ പ്രമുഖ താരനിരയാണ് അണിനിരക്കുന്നത്.റെമിറ്റ്‌ലി മുഖ്യ സ്പോൺസറായ പരിപാടിയുടെ ടിക്കറ്റുകൾ District.ae, platinumlist.net എന്നീ പ്ലാറ്റ്‌ഫോമുകൾ വഴി ലഭ്യമാണ്. 

ENGLISH SUMMARY:

UAE Onam events saw massive participation in a two-day Onam competition organized by Mark & Save as a prelude to the Remitly Onamaamankam mega show. A vibrant Athachamayam procession in Muhaisina, along with diverse competitions, offered a unique Onam experience for Malayalis in the UAE.