യുഎഇയിലെ പ്രവാസികൾ കാത്തിരുന്ന മെഗാ ഓണാഘോഷമായ ‘റെമിറ്റ്‌ലി ഓണമാമാങ്കം 2026’ ഇന്ന് ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറും. രാവിലെ പത്തു മുതൽ രാത്രി പത്തു വരെ നീളുന്ന വർണ്ണാഭമായ മേളയിൽ കുഞ്ചാക്കോ ബോബനാണ് മുഖ്യാതിഥി. വിഭവസമൃദ്ധമായ ഓണസദ്യയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന കലാസന്ധ്യയും ഓണക്കളികളും ചേരുന്നതാണ് ഇത്തവണത്തെ ആഘോഷം.
കേരള സർക്കാരിന്‍റെ ഔദ്യോഗിക ഓണാഘോഷങ്ങൾക്ക് പിന്നാലെ അതേ ആവേശത്തോടെയാണ് യുഎഇയിലെ ഏറ്റവും വലിയ ഓണാഘോഷ വേദിയായ ഓണമാമാങ്കത്തിലേക്കും എത്തിയതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. നിരവധി സർപ്രൈസുകളുമായി പ്രവാസികൾക്കൊപ്പം ഇത്തവണ ഓണം ആഘോഷിക്കുന്നതിന്റെ വലിയ ത്രില്ലിലാണ് താനെന്നും താരം വ്യക്തമാക്കി.
തുടക്കം മുതൽ ഇന്നോളം തന്നെ നെഞ്ചിലേറ്റിയ പ്രവാസി സമൂഹത്തിനൊപ്പം ഓണം ആഘോഷിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് ഗായിക ശ്വേതാ മോഹൻ പറഞ്ഞു.
ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ്ങും ഹിറ്റ് 96.7 എഫ്എമ്മും ചേർന്ന് സംഘടിപ്പിക്കുന്ന മേളയിൽ കുഞ്ചാക്കോ ബോബനൊപ്പം ഓണം ആഘോഷിക്കാനും സദ്യ കഴിക്കാനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്തുമണിക്ക് ഓണസദ്യയോടെ പരിപാടികൾക്ക് തുടക്കമാകും. യുഎഇ ഇതുവരെ കാണാത്ത ആഘോഷക്കാഴ്ചകളും അമ്പരപ്പിക്കുന്ന സർപ്രൈസുകളുമായാണ് മേളയൊരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഇത്തരമൊരു ബൃഹത്തായ ഓണാഘോഷത്തിൽ ആദ്യമായി പങ്കെടുക്കാൻ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ് തങ്ങളെന്ന് ചലച്ചിത്ര താരങ്ങളായ ബോബി കുര്യനും ആശിഷ് ജോ ആന്റണിയും വ്യക്തമാക്കി.
ചടുലതാളങ്ങളുമായി റാപ്പർ വേടനും മധുരഗാനങ്ങളുമായി ശ്വേതാ മോഹനും ബെന്നറ്റ് ആൻഡ് ദ ബാൻഡും വയലിൻ ഫ്യൂഷനുമായി ശബരീഷ് പ്രഭാകറും ചിരിയുടെ വിരുന്നൊരുക്കാൻ സുധീർ പറവൂരും വേദിയിലെത്തും. കാലിക്കറ്റ് നോട്ട്ബുക്ക് ഒരുക്കുന്ന 27 വിഭവങ്ങൾ അടങ്ങിയ സദ്യയും ഭീമൻ ഊഞ്ഞാലും ഓണക്കളികളും വേദിയെ സജീവമാക്കും. മഴവിൽ മനോരമ, മനോരമ ന്യൂസ്, മനോരമ മാക്സ്, മലയാള മനോരമയുമാണ് പരിപാടിയുടെ മീഡിയ പാർട്ണർമാർ.