ധനലക്ഷ്മി ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തിലെ  ഒന്നാം പാദത്തിൽ 24.91 കോടി രൂപയുടെ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 12.18 കോടി രൂപയിൽനിന്ന് ഇരട്ടിയിലേറെയാണിത്. ബാങ്കിന്‍റെ പ്രവർത്തന ലാഭം 33.28 കോടിയിൽനിന്ന് 51.45 കോടിയായി ഉയർന്നു. ബാങ്കിന്‍റെ മൊത്തം ബിസിനസ് 21.13% വാർഷിക വളർച്ചയോടെ 29,051 കോടിയിൽ നിന്നും 35,190 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം 17.10% വർധിച്ച് 19,404 കോടി രൂപയായും വായ്പകൾ 26.47% വർധിച്ച് 15,786 കോടി രൂപയായും മാറി. സ്വർണപ്പണയ വായ്പയിൽ 75.91 ശതമാനത്തിന്റെ കുതിപ്പുണ്ടായി. 

ഇക്കാലയളവിൽ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി ഗണ്യമായി കുറഞ്ഞു. മൊത്തം നിഷ്ക്രിയ ആസ്തി  3.22 ശതമാനത്തിൽനിന്ന് 1.82 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി   1.13 ശതമാനത്തിൽനിന്ന് 0.47 ശതമാനമായും താഴ്ന്നു. ബാങ്കിന്‍റെ സുസ്ഥിര വളർച്ചാ തന്ത്രത്തിന് ശക്തമായ അടിത്തറ നൽകുന്നതാണ് ഒന്നാം പാദത്തിലെ പ്രകടനമെന്നും ശതാബ്ദി വർഷത്തിലേക്ക് കടക്കാനൊരുങ്ങുമ്പോൾ ഈ മുന്നേറ്റം തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും മാനേജിങ് ഡയറക്ടറും സിഇഒയുമായ അജിത് കുമാർ കെ.കെ. പറഞ്ഞു. 

ENGLISH SUMMARY:

Dhanalakshmi Bank has achieved a significant milestone by reporting a net profit of ₹24.91 crore in the first quarter of the current financial year, more than doubling its earnings from the previous year. This strong performance, marked by robust business growth, reduced non-performing assets, and a substantial increase in gold loan portfolios, signals a positive trajectory for the bank as it approaches its centenary year.