say-no-to-drugs

കോതമംഗലം തോരാതെ പെയ്ത കനത്ത മഴയ്ക്കു ചെക്ക് പറഞ്ഞ് ചെസ് ആവേശം. കണക്കു പിഴയ്ക്കാത്ത കരുനീക്കങ്ങളിലൂടെ ചതുരംഗക്കളത്തിൽ മാറ്റുരച്ച് ആയിരത്തോളം വിദ്യാർഥികൾ. മലയാള മനോരമ നല്ലപാഠവും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളും ചേർന്ന് സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ സൗജന്യ ചെസ് മത്സരം, 'ചെക്ക് ടു ഡ്രഗ്സ്– ചിൽഡ്രൻസ് ചെസ് കാർണിവൽ–2026'ൽ ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂൾ കിരീടജേതാക്കളായി. 

മാള ഡോ.രാജു ജേവിസ് ഇന്റർനാഷനൽ സ്കൂൾ ഫസ്റ്റ് റണ്ണർ അപ് ട്രോഫിയും പുല്ലുവഴി സെന്റ് ജോസഫ്സ് കോൺവന്റ് സീനിയർ സെക്കൻഡറി ഇംഗ്ലിഷ് മീഡിയം സ്കൂൾ സെക്കൻഡ് റണ്ണർ അപ് ട്രോഫിയും സ്വന്തമാക്കി. ലഹരിവിരുദ്ധ സന്ദേശം ഉയർത്തിയാണു കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിൽ അണ്ടർ 9, അണ്ടർ 12, അണ്ടർ 15 വിഭാഗങ്ങളിലായി മത്സരം സംഘടിപ്പിച്ചത്. ഷിബു തെക്കുംപുറം എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. കസ്റ്റംസ് കമ്മിഷണർ ഡോ. ടി.ടിജു മുഖ്യപ്രഭാഷണം നടത്തി. കോതമംഗലം ഡിഎഫ്ഒ കെ.ആർ.സൂരജ് ബെൻ മുഖ്യാതിഥിയായി. 

ഗ്രീൻവാലി സ്കൂൾ ഡയറക്ടർ പ്രദീപ് കുര്യാക്കോസ്, മാർ ബസേലിയോസ് ഡന്റൽ കോളജ് സെക്രട്ടറി സലീം ചെറിയാൻ എന്നിവർ പ്രസംഗിച്ചു. പ്രദീപ് കുര്യാക്കോസ്, മലയാള മനോരമ കൊച്ചി യൂണിറ്റ് സർക്കുലേഷൻ ഹെഡ് ആർ.രഞ്ജി തോമസ്, സർക്കുലേഷൻ പബ്ലിക്കേഷൻസ് ഹെഡ് കുരുവിള ഈപ്പൻ എന്നിവർ സമ്മാനദാനം നടത്തി. പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

ENGLISH SUMMARY:

The 'Check to Drugs – Children's Chess Carnival – 2026' organized in Kothamangalam saw over a thousand students compete in chess. This free chess competition, a collaboration between Malayala Manorama Nallapaadam and Greenvalley Public School, aimed to raise awareness against drug abuse.