വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപിക്കുന്നു. അഞ്ചുവര്‍ഷത്തിനിടെ 1,79,376 ഹെക്ടര്‍ സ്ഥലത്താണ് പുതുതായി റബര്‍കൃഷി തുടങ്ങിയത്. ഇൻറോഡ് (ഇന്ത്യൻ നാച്ചുറൽ റബ്ബർ ഓപ്പറേഷൻസ് ഫോർ അസിസ്റ്റഡ് ഡെവലപ്‌മെന്‍റ്) എന്ന പേരില്‍ റബര്‍ ബോര്‍ഡും ടയര്‍നിര്‍മാതാക്കളും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് റബര്‍ കൃഷി വ്യാപനത്തിന് പിന്നില്‍.
രണ്ടുലക്ഷം ഹെക്ടര്‍ സ്ഥലത്ത് റബര്‍ കൃഷി വ്യാപിപ്പിക്കാനായിരുന്നു പദ്ധതി. ഇതിന്‍റെ തൊണ്ണൂറു ശതമാനം ലക്ഷ്യവും കൈവരിച്ചു കഴിഞ്ഞു. എം.ആർ.എഫ് , അപ്പോളോ ടയേഴ്‌സ്, സിയറ്റ്, ജെ.കെ ടയർ എന്നീ പ്രമുഖ ടയർ കമ്പനികൾ പദ്ധതിക്ക് ധനസഹായം നല്‍കുന്നു. പദ്ധതിയുടെ നിർവ്വഹണ ചുമതല റബ്ബർ ബോർഡിനാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 113 ജില്ലകളിലായി 8.3 കോടി മികച്ച റബ്ബർ തൈകളാണ് കർഷകർക്ക് വിതരണം ചെയ്തത്.
ഒരു ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ള ചെറുകിട-നാമമാത്ര കർഷകരെയും പിന്നാക്ക ജനവിഭാഗങ്ങളെയും ലക്ഷ്യമിട്ടാണ് പദ്ധതി. വടക്കുകിഴക്കൻ മേഖലയിലെ നഴ്‌സറി ഇൻഫ്രാസ്ട്രക്ചർ നവീകരിക്കാൻ സാധിച്ചതാണ് പദ്ധതിയുടെ പ്രധാന നേട്ടങ്ങളിലൊന്ന്.
ഇരുനൂറിലധികം നഴ്സറികള്‍ ഈ മേഖലയില്‍ സ്ഥാപിക്കാനായി. ഉയർന്ന ഉൽപ്പാദനക്ഷമതയുള്ളതും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതുമായ പുതിയ റബ്ബർ ക്ലോണുകളാണ് കർഷകരിലേക്ക് എത്തിക്കുന്നത്.