ആദ്യം വാർത്ത നൽകുന്നവരല്ല, വിശ്വാസ്യതയോടെ വാർത്ത നൽകുന്നവരെയാണു ലോകം ഓർക്കുകയെന്നു മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു കേൽക്കർ. മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷന്‍റെ ഇരുപത്തിനാലാമത് ബാച്ചിന്‍റെ ബിരുദ സമർപ്പണം കോട്ടയം മലയാള മനോരമയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മികച്ച വിദ്യാർഥിക്കുള്ള കെ സി മാമ്മൻ മാപ്പിള എൻഡോവ്മെന്‍റ് ഏബൽ മാത്യൂസ് അലക്സിനു സമ്മാനിച്ചു. പ്രിന്‍റ്, ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ വിഭാഗങ്ങളിലായാണ് വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയത്. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററും മാസ്കോം മാനേജിങ് ട്രസ്റ്റിയുമായ ജയന്ത് മാമ്മൻ മാത്യു രത്തൻ യു കേൽക്കറിന് ഉപഹാരം സമർപ്പിച്ചു. മാസ്കോം ഡയറക്ടർ വി എം രാജശേഖർ, അസിസ്റ്റന്റ് ഡയറക്ടർ എസ് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.