കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരള ഗ്രാമീണ ബാങ്ക് റെക്കോർഡ് സാമ്പത്തിക നേട്ടം കൈവരിച്ചു. ബാങ്കിന്റെ അറ്റാദായം 148.08 ശതമാനം വർധിച്ച് 776 കോടി രൂപയിലെത്തിയതായി അധികൃതർ അറിയിച്ചു.

ബാങ്കിന്റെ മൊത്തം ബിസിനസ് 19.72 ശതമാനം വളർച്ചയോടെ 65,835 കോടി രൂപയായി ഉയർന്നു. നിക്ഷേപത്തിൽ 18.46 ശതമാനം വർധന രേഖപ്പെടുത്തി 32,489 കോടി രൂപയിലെത്തി. വായ്പ വിതരണം 20.98 ശതമാനം വളർച്ചയോടെ 33,346 കോടി രൂപയായി ഉയർന്നതും ബാങ്കിന്റെ വളർച്ചയ്ക്ക് കരുത്തേകി.

പ്രവർത്തന ലാഭത്തിലും ശ്രദ്ധേയമായ നേട്ടമാണ് ബാങ്ക് കൈവരിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 119.33 ശതമാനം വർധനയോടെ പ്രവർത്തന ലാഭം 940 കോടി രൂപയായി.

മലപ്പുറത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് ബാങ്കിന്റെ വാർഷിക പ്രവർത്തന റിപ്പോർട്ടിന്റെ പ്രധാന വിവരങ്ങൾ അധികൃതർ പുറത്തുവിട്ടത്. ചെയർപേഴ്സൺ വിമല വിജയഭാസ്കർ, ജനറൽ മാനേജർമാരായ ഹർകേശ്വർ പ്രസാദ്, ഗുണ്ടകർ ഹരീഷ് ഗംഗാധർ റാവു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഉപഭോക്തൃ വിശ്വാസവും വായ്പ-നിക്ഷേപ മേഖലകളിലെ വളർച്ചയും ബാങ്കിന്റെ സാമ്പത്തിക പ്രകടനത്തിന് നിർണായകമായതായും അധികൃതർ വ്യക്തമാക്കി.

ENGLISH SUMMARY:

Kerala Gramin Bank achieved record financial gains in the past fiscal year, with its net profit surging by 148.08% to ₹776 crore. The bank's total business grew by 19.72% to ₹65,835 crore, fueled by a significant increase in both deposits and loan disbursement.