കെ.ജി.ഐ 'ലീഡര്‍ഷിപ്പ് ആന്‍ഡ് ഗവേണന്‍സ് കോണ്‍ക്ലേവ് 2026' കേരള ഡി.ജി.പി ശ്രീ. രവാഡ ആസാദ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു.

 ഭരണനിര്‍വഹണം, പൊതുസേവനം, രാഷ്ട്രനിര്‍മ്മാണം എന്നീ മേഖലകളില്‍ ഭാവി നേതാക്കളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (KGI) സംഘടിപ്പിച്ച 'ലീഡര്‍ഷിപ്പ് ആന്‍ഡ് ഗവേണന്‍സ് കോണ്‍ക്ലേവ് 2026' ശ്രദ്ധേയമായി. വരും തലമുറയെ കരുത്തുറ്റ നേതൃപാടവമുള്ളവരാക്കി മാറ്റുന്നതിനായി കെ.ജി.ഐ ആവിഷ്‌കരിച്ച നിരന്തരമായ ഉന്നതതല പദ്ധതികളുടെ തുടക്കമായാണ് ഈ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ ഗുണമേന്മയുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന ഒരു സ്ഥാപനമാണ് കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (KGI). പരമ്പരാഗത വിദ്യാഭ്യാസത്തിനപ്പുറം, സാമൂഹിക പ്രതിബദ്ധതയുള്ള യുവത്വത്തെ കെട്ടിപ്പടുക്കുക എന്ന കെ.ജി.ഐയുടെ വലിയ കാഴ്ചപ്പാടിന്റെ ഭാഗമാണിത്. സിവില്‍ സര്‍വീസ് പരിശീലനം, നേതൃത്വ പരിശീലനം, സാമൂഹിക സ്വാധീനം എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് കെ.ജി.ഐ പ്രവര്‍ത്തനരീതി.

ഡി.ജി.പി രവാഡ ആസാദ് ചന്ദ്രശേഖര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭരണരംഗത്തെയും ക്രമസമാധാന പാലനത്തിലെയും ദീര്‍ഘകാല അനുഭവസമ്പത്തിന്‍റെ വെളിച്ചത്തില്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദം, പൊതുസേവന രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  പ്രചോദനമായി.   കേരള സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ (SPC) നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. കെ.ജി.ഐ ഡയറക്ടര്‍ ഡോ. ലക്ഷ്മി ഭായ് പി.എസ്. സ്വാഗതം ആശംസിച്ച ചടങ്ങില്‍ പാട്രണ്‍ ഷംഷാദ് അധ്യക്ഷപ്രസംഗം നടത്തി. ചടങ്ങില്‍ വെച്ച് എസ്.പി.സി (SPC) കേഡറ്റുകള്‍ക്കുള്ള പുരസ്‌കാര വിതരണവും ആദരിക്കലും നടന്നു. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി (SP), വിജയ് ഭരത് റെഡ്ഡി, ബേക്കല്‍ എസ്.എച്ച്.ഒ ശിവം താക്കൂര്‍ ഐ.പി.എസ്, കെ.ജി.ഐ പാട്രണ്‍മാരായ രാജീവ് ആനന്ദ്, ഗഗന്‍, രാഹുല്‍ പ്രകാശ് ചന്ദ്ര റായ് എന്നിവര്‍ ചടങ്ങില്‍ സാന്നിധ്യമായി. ചടങ്ങില്‍ SPC കാഡറ്റുകളുടെ മരം നട്ടുപിടിപ്പിക്കല്‍ ചടങ്ങ് നടന്നു. പരിസ്ഥിതി സംരക്ഷണവും സാമൂഹിക ഉത്തരവാദിത്വവും കൂട്ടിയിണക്കുന്ന ശക്തമായ സന്ദേശം SPC കേഡറ്റുകള്‍ക്ക് പകര്‍ന്നുനല്കുന്നത് ഡിജിറ്റല്‍ ലോകത്തെ തിരക്കുകളില്‍ നിന്നും മാറി, ക്ഷമയും ഉത്തരവാദിത്തബോധവും വളര്‍ത്താന്‍ സഹായിക്കുമെന്ന് കെ.ജി.ഐ അധികൃതര്‍ വ്യക്തമാക്കി.

ഇബ്രാഹിം അഹമ്മദ് അലിയുടെ വീക്ഷണത്തില്‍ സ്ഥാപിതമായ കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, വാണിജ്യ താല്‍പ്പര്യങ്ങളില്ലാതെ പ്രാദേശികമായ വിദ്യാഭ്യാസസാമൂഹിക പുരോഗതി ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ 'യൂണിവേഴ്‌സിറ്റി ഓഫ് കുണിയ' ആയി മാറാനുള്ള ലക്ഷ്യത്തോടെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം, ഗവേഷണം, നവീന ആശയങ്ങള്‍ എന്നിവയില്‍ കെ.ജി.ഐ സജീവമായി ഇടപെടുന്നു. ഭരണകര്‍ത്താക്കള്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഒരുമിച്ചു കൊണ്ടുവരുന്ന 'ലീഡര്‍ഷിപ്പ് ആന്‍ഡ് ഗവേണന്‍സ് കോണ്‍ക്ലേവ്' വരും വര്‍ഷങ്ങളിലും തുടരുമെന്ന് കെ.ജി.ഐ അറിയിച്ചു. ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ ഉന്നത പദവികള്‍ക്കപ്പുറം, സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ധാര്‍മ്മിക ബോധമുള്ള നേതാക്കളായി വിദ്യാര്‍ത്ഥികളെ മാറ്റിയെടുക്കുകയാണ് കെ.ജി.ഐയുടെ ലക്ഷ്യം.

ENGLISH SUMMARY:

The Leadership and Governance Conclave 2026 organized by KGI aimed to shape future leaders in governance, public service, and nation-building. This event marks the beginning of KGI's continuous high-level initiatives to empower the next generation with robust leadership skills.