ഇറാനുമായി താല്‍ക്കാലിക വെടിനിര്‍ത്തലെന്ന യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ സാമ്പത്തിക വിപണിയില്‍ വലിയ മാറ്റമാണുണ്ടായത്. ഓഹരി വിപണി കുതിച്ചപ്പോള്‍ എണ്ണ വില ഇടിഞ്ഞു. എന്നാല്‍ തങ്ങളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സാമ്പത്തിക, എണ്ണ വിപണികളെ നിയന്ത്രിക്കാന്‍ ട്രംപ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നുമാണ് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗർ ഗാലിബാഫിന്‍റെ ആരോപണം. ഈ സമയം വിപണിയില്‍ ചില അസാധാരണ ഇടപാടുകള്‍ നടന്നു എന്നാണ് പുറത്തുവരുന്നത്.
ട്രംപിന്‍റെ പ്രഖ്യാപനത്തിന് മുൻപ് ക്രൂഡ് ഓയിൽ വിപണിയിലും യു.എസ് ഓഹരി വിപണിയിലും ചില വിചിത്ര ഇടപാടുകള്‍ നടന്നു. 20 മിനുട്ടിനിടെ നടന്ന ഈ ഇടപാടുകളിലൂടെ 840 കോടി രൂപ ലാഭമുണ്ടാക്കി എന്നാണ് കണക്കാക്കുന്നത്. ന്യൂയോര്‍ക്ക് സമയം രാവിലെ 6.50 ന് ചിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ചില്‍ ഫ്യൂച്ചേഴ്സ് വിപണിയിലെ ഇടപാടുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. സമാനമായി എണ്ണ വിപണിയിലെ ഇടപാടുകളും കുതിച്ചു. ഇതിന് 15 മനുറ്റിന് ശേഷമാണ് 7.05 ഓടെ ട്രംപ് ഇറാനുമായി ചര്‍ച്ച നടത്തിയെന്നും ആക്രമണം താല്‍ക്കാലികമായി നിര്‍ത്തുന്നു എന്ന് വ്യക്തമാക്കിയതും.
ചിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ചില്‍ ഏകദേശം 12,600 കോടി രൂപ (1.5 ബില്യൺ ഡോളർ) മൂല്യമുള്ള എസ് ആൻഡ് പി 500 ഫ്യൂച്ചേഴ്സ് ആണ് വാങ്ങിക്കൂട്ടിയത്. സംഘര്‍ഷം അവസാനിക്കുമെന്നും വിപണി കുതിക്കും എന്നുമുള്ള പ്രതീക്ഷയിലാണ് നിക്ഷേപകര്‍ ഫ്യൂച്ചേഴ്സ് വാങ്ങുക. കുറഞ്ഞ വിലയ്ക്ക് കരാറിൽ ഏർപ്പെടുകയും പിന്നീട് വില കൂടുമ്പോൾ അത് വിറ്റ് ലാഭമെടുക്കുകയും ചെയ്യും.
ഇതേസമയം തന്നെ 1,615 കോടി രൂപ മൂല്യമുള്ള (192 മില്യണ്‍ ഡോളര്‍) ഓയില്‍ ഫ്യൂച്ചേഴ്സ് വില്‍പ്പന നടത്തി. വിതരണത്തിലെ പ്രശ്നങ്ങള്‍ അവസാനിച്ച് എണ്ണ വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നിടത്താണ് ഫ്യൂച്ചേഴസ് വില്‍പ്പന നടത്തിയത്. ഉയർന്ന വിലയിൽ ഫ്യൂച്ചേഴ്സ് വിൽക്കുകയും, പിന്നീട് വില കുറയുമ്പോൾ അത് തിരികെ വാങ്ങുകയും ചെയ്യുമ്പോൾ ആ വ്യത്യാസം ലാഭമായി ലഭിക്കും.
ട്രംപിന്റെ പോസ്റ്റിന് ശേഷം വിപണികൾ പ്രതികരിച്ചു: എസ് ആന്‍ഡ് പി 500 ഫ്യൂച്ചറുകൾ 2.5 ശതമാനത്തിലധികം ഉയർന്നു. എണ്ണവില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് 109 ഡോളറിൽ നിന്ന് 92 ഡോളറായി കുറഞ്ഞു. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഏകദേശം 6 ശതമാനം ഇടിഞ്ഞ് ബാരലിന് 88.70 ഡോളറിലെത്തി. ഈ സാഹചര്യത്തില്‍ എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകൾ കൊണ്ടു മാത്രം വെറും ഇരുപത് മിനിറ്റിനുള്ളിൽ 100 മില്യൺ ഡോളറിലധികം ലാഭം ഉണ്ടാക്കാനാകും എന്നാണ് കണക്കാക്കുന്നത്. ഏകദേശം 840 കോടി രൂപ. എസ് ആൻഡ് പി 500 ഫ്യൂച്ചേഴ്സിന്‍റെ ലാഭം കൂടി പരിഗണിച്ചാല്‍ ഇത് വലിയ തുകയാകും.