Kitex Logo Credits: www.kitexgarments.com
നീണ്ട ഇടിവിന് ശേഷം കിറ്റെക്സ് ഓഹരിയില്‍ വന്‍കുതിപ്പ്. വെള്ളിയാഴ്ച 10 ശതമാനം വരെ ഉയര്‍ന്ന് ഓഹരി വില 167.19 രൂപയിലെത്തി. യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫിന് പിന്നാലെ കനത്ത ഇടിവിലേക്ക് പോയ ടെക്സ്റ്റൈല്‍ ഓഹരികളില്‍ പ്രധാനപ്പെട്ടവയാണ് കിറ്റെക്സ്. മറ്റു ടെക്സ്റ്റൈല്‍ ഓഹരികള്‍ ഇടിവില്‍ തുടരുമ്പോഴാണ് കിറ്റെക്സിന്‍റെ കുതിപ്പ്.
എൻ.ഡി.എ പ്രവേശനം സാബു എം.ജേക്കബ് ഒറ്റക്കൊടുത്ത തീരുമാനമെന്ന് പ്രവര്‍ത്തകര്‍
വ്യാഴാഴ്ച മുതല്‍ കിറ്റെക്സ് ഓഹരിയില്‍ മുന്നേറ്റം കാണാനുണ്ട്. ബുധനാഴ്ച 140.40 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച കിറ്റെക്സ് ഓഹരി വ്യാഴാഴ്ച 144 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. 154.98 രൂപ വരെ കുതിച്ച ശേഷം 152.94 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.
െവള്ളിയാഴ്ച 154 രൂപയിലായിരുന്നു കിറ്റെക്സ് ഓഹരി വ്യാപാരം തുടങ്ങിയത്. 10 ശതമാനം ഉയര്‍ന്ന് 167.19 രൂപ വരെ ഓഹരി വില കുതിച്ചു. നിലവില്‍ എട്ടു ശതമാനം നേട്ടത്തില്‍ 163.49 രൂപയിലാണ് വ്യാപാരം. രണ്ടു ദിവസത്തിനിടെ 17 ശതമാനത്തോളമാണ് നേട്ടം.
വെള്ളിയാഴ്ച കിറ്റെക്സ് ഓഹരി വിലയിലുണ്ടായ മുന്നേറ്റം. Image Credit: NSE
യു.എസിലേക്ക് കയറ്റുമതിയുള്ള കിറ്റെക്സ് ട്രംപിന്‍റെ താരിഫിന് പിന്നാലെ കനത്ത തിരിച്ചടി നേരിട്ടിരുന്നു. 50 ശതമാനമാണ് നിലവില്‍ ഇന്ത്യയില്‍ നിന്നും യുഎസിലേക്കുള്ള കയറ്റുമതിക്ക് ഈടാക്കുന്ന നിരക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയില്‍ 27.68 ശതമാനമാണ് ഓഹരിയിലുണ്ടായ ഇടിവ്. 324.42 രൂപയില്‍ നിന്നാണ് ഓഹരി താഴേക്ക് വന്നത്. ജനുവരി 21 ന് രേഖപ്പെടുത്തിയ 138.20 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. ഇവിടെ നിന്നാണ് ഓഹരിയുടെ കുതിപ്പ് ആരംഭിച്ചത്.
അതേസമയം, മറ്റു ടെക്സ്റ്റൈല്‍ ഓഹരികള്‍ എല്ലാം തന്നെ ഇടിവിലാണ്. വെൽസ്പൺ ഇന്ത്യ 3.75 ശതമാനമാണ് ഇടിവ് നേരിടുന്നത്. ഗോകല്‍ദാസ് എക്സ്പോര്‍ട്ട് 6.18 ശതമാനവും വർധമാൻ ടെക്സ്റ്റൈൽസ് ഓഹരി 1.17 ശതമാനവും ഇടിഞ്ഞു. ഇടിവില്‍ കെപിആര്‍ മില്‍സ് അരശതമാനവും അരവിന്ദ് ലിമിറ്റഡ് 1.44 ശതമാനവും നഷ്ടത്തിലാണ്.
ഇന്നലെയാണ് കിറ്റെക്സ് ഉടമ സാബു എം ജേക്കബിന്‍റെ നേതൃത്വം നല്‍കുന്ന ട്വന്‍റി 20 എന്‍ഡിഎയുടെ ഭാഗമായത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരറുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുന്നണിയില്‍ ചേര്‍ന്ന കാര്യം പ്രഖ്യാപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും അവരുടെ ചിഹ്നം പോലും മാറ്റിവച്ച് വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ട്വന്‍റി 20 യെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടാണ് എന്‍.ഡി.എയില്‍ ചേരാന്‍ തീരുമാനിച്ചതെന്നയിരുന്നു സാബു എം. ജേക്കബ്ബ് വിശദീകരിച്ചത്.