.
അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്തി റിസർവ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിച്ചു. പലിശ നിരക്ക് കാൽ ശതമാനം കുറച്ചു. റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ നിന്ന് 5.25 ശതമാനമായി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകൾ കുറയാനാണ് സാധ്യത. അതേസമയം, വ്യാപാരത്തിന്റെ തുടക്കത്തിൽ യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയർന്നു.
രൂപയുടെ വീഴ്ചയും ജിഡിപി കുതിപ്പും പരിഗണിക്കാതെ പണപ്പെരുപ്പക്കുറവ് മാത്രം കണക്കിലെടുത്താണ് റിസർവ് ബാങ്ക് തീരുമാനം. പലിശഭാരം കുറയുന്നതോടെ ജനങ്ങൾക്കും ഓഹരി വിപണിക്കും സാമ്പത്തിക ലോകത്തിനുമൊക്കെ വലിയ ആശ്വാസമാകും. പലിശനിരക്ക് കുറയ്ക്കാനുള്ള ആറംഗ പണ നയ സമിതിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് പലിശ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ എംപിസിക്ക് സ്വാതന്ത്ര്യം നല്‍കുന്ന ന്യൂട്രൽ സ്റ്റാൻസ് തുടരാനും യോഗം തീരുമാനിച്ചു.
നേരത്തെ കഴിഞ്ഞ ജൂണിലാണ് റിപ്പോ നിരക്ക് ആറുശതമാനത്തില്‍നിന്ന് 5.50 ശതമാനമായി കുറച്ചത്. പിന്നീട് ഇതേ നിരക്ക് നിലനിര്‍ത്തുകയായിരുന്നു. അതേസമയം യുഎസ് ഡോളർനെതിരെ രൂപയ്ക്ക് മുന്നേറ്റം ഉണ്ടായി. വ്യാപാരം തുടങ്ങിയപ്പോൾ 13 പൈസ ഉയർന്ന് 89 രൂപ 85 പൈസയിലെത്തി. 2026 ഫെബ്രുവരിയിലാണ് പണനയസമിതിയുടെ അടുത്തയോഗം.