gst-price-drop

TOPICS COVERED

സോപ്പ്, ഷാംപൂ, ടൂത്ത് പേസ്റ്റ് തുടങ്ങി പല നിത്യോപയോഗ സാധനങ്ങള്‍ക്കും തിങ്കളാഴ്ച മുതല്‍ വില കുറയുകയാണ്. ജിഎസ്ടി നിരക്കില്‍ വന്ന മാറ്റത്തിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് അതേപടി നല്‍കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികളും. 

വിലയിലെ വ്യത്യാസം കൂടുതല്‍ പ്രതിഫലിക്കുക നിത്യാപയോഗ സാധനങ്ങള്‍ക്കായി ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന  സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തന്നെയാണ്. നിലവിലുള്ള സ്റ്റോക്കും  തിങ്കളാഴ്ച മുതല്‍ പുതിയ നിരക്കിലേ വില്‍ക്കാനാകൂ. 

ശീതീകരിച്ച പാല്‍ ഉല്‍പ്പന്നങ്ങള്‍, ബിസ്ക്കറ്റ്, ന്യൂഡില്‍സ്, ഡ്രൈഫ്രൂട്ട്സ്  തുടങ്ങിയവയാണ് വിലകുറയുന്ന ഭക്ഷ്യവസ്തുക്കള്‍. സോപ്പ്, ഷാംപൂ, ഷേവിങ് ക്രീം, പെര്‍ഫ്യൂം എന്നിവയ്ക്കും ജി എസ് ടി  18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയും.  12 ശതമാനം ജിഎസ്ടി ഈടാക്കിയിരുന്ന നോട്ട് ബുക്ക് അടക്കമുള്ള സ്കൂള്‍ സാധനങ്ങള്‍ക്ക് ജിഎസ്ടി പൂര്‍ണമായും ഇല്ലാതാകുന്നതോടെ കാര്യമായ വിലക്കുറവ് ഉണ്ടാകും. 

വിലക്കുറവ് പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് കൈമാറാനാണ് വ്യാപാരികളുടെ തീരുമാനം. വിലയിലുള്ള കുറവ് ഒാരോ ഉല്‍പന്നത്തിനൊപ്പം  തിങ്കളാഴ്ച മുതല്‍    പ്രദര്‍ശിപ്പിക്കും.  

പുതിയ നിരക്കില്‍ ബില്ല് അടിക്കാന്‍  കടകളിലെ  സോഫ്റ്റ് വെയറും അപ് ഡേറ്റ് ചെയ്യുന്നുണ്ട്. മിക്ക സാധനങ്ങള്‍ക്കും വില കുറയുമ്പോഴും സെസ് ഈടാക്കിയിരുന്ന ചില  ശീതള പാനീയങ്ങള്‍ക്ക് ജി എസ് ടി നിരക്ക് കൂടുകയാണ് ചെയ്തത്. 

ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും  വിലകുറയും. ടിവി, എ.സി, ഡിഷ് വാഷര്‍, ഇന്‍വര്‍ട്ടര്‍ ബാറ്ററി എന്നിവ തിങ്കള്‍ മുതല്‍ വന്‍ വിലക്കുറവില്‍ കിട്ടും. ഗൃഹോപകരണ വിപണിയില്‍ പുതിയ ട്രെന്‍‍ഡുകള്‍ക്കും ഇത് തുടക്കമിടും.

32 ഇഞ്ചിന് മുകളിലുള്ള എല്‍.ഇ.ഡി ടി.വി, എ.സി, ഡിഷ് വാഷര്‍, ബാറ്ററി എന്നിവയുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനത്തിലേക്ക് കുറയുകയാണ്. ഉല്‍പന്നങ്ങളുടെ അടിസ്ഥാനവിലയില്‍ നിന്ന് പത്തുശതമാനം കുറവുവരുമെന്നാണ് വിതരണക്കാര്‍ പറയുന്നത്.

ഓണക്കാലത്ത് കൂടുതല്‍ വിറ്റത് 50 മുതല്‍ 65 ഇഞ്ച് വരെയുള്ള എല്‍.ഇ.ഡി ടിവികളായിരുന്നു. 35000 മുതല്‍ 80000 വരെയാണ് വില. 3800 രൂപ മുതല്‍ 10000 രൂപ വരെ വില കുറയാനാണ് സാധ്യത. വലിപ്പം കൂടിയ ടിവിയുടെ വില കുറയുന്നതോടെ 32 ഇഞ്ച് ടിവി വൈകാതെ വിപണിയില്‍ നിന്ന് പുറത്താകുമെന്ന് വിതരണക്കാര്‍ കണക്കുകൂട്ടുന്നു. 

എ.സിയ്ക്ക് എം.ആര്‍.പി ഇട്ടിരിക്കുന്നത് 60000 രൂപയൊക്കെ ആണെങ്കിലും 50 ശതമാനം ഡിസ്കൗണ്ട് വരെ വിതരണക്കാര്‍ നല്‍കാറുണ്ട്. ത്രിസ്റ്റാര്‍ റേറ്റിങ്ങുള്ള ഒരു ടണ്ണിന്‍റെ എ.സിക്കാണ് ഡിമാന്‍റ്. എല്‍.ജിയും വോള്‍ട്ടാസുമാണ് ഈ സെഗ്മെന്‍റില്‍ മുന്നില്‍. 28500 മുതല്‍ 32000 രൂപവരെയാണ് വില. 3000 മുതല്‍ 6000 വരെ വിലയില്‍ കുറവുവരും. 

എല്‍.ജി, ബോഷ്, ഐ.എഫ്.ബി എന്നിവയുടെ ഡിഷ് വാഷറുകളാണ് കൂടുതല്‍ വില്‍ക്കുന്നത്. എട്ടു പ്ലേറ്റുകള്‍ കഴുകാവുന്നതാണ് അടിസ്ഥാന മോഡല്‍, വില 25000. 18 പ്ലേറ്റിന്‍റേതിന് 75000 രൂപ വരെ വിലയുണ്ട്. 3000 മുതല്‍ 7500 രൂപ വരെ ഡിഷ് വാഷറിന്‍റെ വിവിധ മോഡലുകള്‍ക്ക് വില കുറഞ്ഞേക്കും. 8 മുതല്‍ 9 ശതമാനം വരെയായിരിക്കും വിലകുറയുന്നതെന്ന് ചില കമ്പനികള്‍ പറഞ്ഞിട്ടുള്ളതിനാല്‍ വിതരണക്കാര്‍ കണക്കുകൂട്ടിയിരിക്കുന്നതില്‍ നിന്ന് മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. 

ഞായറാഴ്ച രാത്രി എല്ലാ ഉല്‍പന്നങ്ങള്‍ക്കു മുകളിലും പുതുക്കിയ വിലയുള്ള സ്റ്റിക്കര്‍ ഒട്ടിക്കും. വില കുറയുന്നതോടെ വില്‍പനയില്‍ വരും ദിവസങ്ങളില്‍ വന്‍ കുതിപ്പുണ്ടാകുമെന്നാണ് വിതരണക്കാരുടെ പ്രതീക്ഷ.

ENGLISH SUMMARY:

GST Rate Cut affects the prices of daily use products. Prices are set to decrease for various items including soap, shampoo, and toothpaste due to revised GST rates, with retailers passing on the benefits to consumers.