അമേരിക്കന്‍ കേന്ദ്ര ബാങ്ക് പരിശകുറച്ചതിന്‍റെ ബലത്തില്‍ ഇന്ത്യന്‍ ഓഹരിവിപണികളില്‍ മുന്നേറ്റം. സെന്‍സെക്സ് 350 പോയിന്റും നിഫ്റ്റി 80 പോയിന്‍റ് വരെയും ഉയര്‍ന്നു. നിക്ഷേപകര്‍ ലാഭമെടുത്തതോടെ ഇന്ന് സ്വര്‍ണവില പവന് 400 രൂപ കുറഞ്ഞു.
ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കുമെന്ന ഊഹത്തിന്‍റെ പുറത്ത് കഴിഞ്ഞ രണ്ടുദിവസമായി ഇന്ത്യന്‍ ഓഹരിവിപണികള്‍ മുന്നേറ്റത്തിലായിരുന്നു. പലിശ കാല്‍ ശതമാനം കുറച്ചതോടെ ഇന്ത്യന്‍ വിപണികളിലേക്ക് കൂടുതല്‍ നിക്ഷേപം എത്തി. ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 350 പോയന്‍റിലേറെ ഉയര്‍ന്നു. ഐ.ടി, ബാങ്കിഫ്, ഫാര്‍മ, ഓട്ടോ, എഫ്.എം.സി.ജി ഓഹരികളിലാണ് കൂടുതല്‍ മുന്നേറ്റം.
ജി.എസ്.ടി കുറച്ചത് തിങ്കളാഴ്ച പ്രാബല്യത്തില്‍ വരുന്നതും ഇന്ത്യ–അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ നടക്കുന്നതും വിപണികള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാല്‍ ഡോളറിനെതിരെ രൂപയ്ക്ക് മുന്‍ദിവസങ്ങളിലെ നേട്ടം നിലനിര്‍ത്താനായില്ല. ഇന്നലെത്തെ ക്ലോസിങ്ങിലും 16 പൈസ താഴ്ന്ന് 88 രൂപ ഒരു പൈസയ്ക്ക് ഒരു ഡോളര്‍ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.
അമേരിക്ക കാല്‍ ശതമാനം മാത്രം പലിശ കുറച്ചത് സ്വര്‍ണവിലക്കയറ്റവും പിടിച്ചുനിര്‍ത്തി. ഉയര്‍ന്ന വിലയില്‍നിന്ന് നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭമെടുത്തതോടെ രാജ്യാന്തര തലത്തിലും ആഭ്യന്തര വിപണിയിലും വില കുറഞ്ഞു. പവന് 400ഉം ഗ്രാമിന് 50ഉം ആണ് കുറഞ്ഞത്. എന്നാല്‍ വരുംദിവസങ്ങളില്‍ സ്വര്‍ണവില വീണ്ടും ഉയരാന്‍ തന്നെയാണ് സാധ്യത.