രൂപയുടെ ഇടിവ് നേട്ടമാക്കി പ്രവാസികള്‍. ഓണക്കാലത്ത് മികച്ച വിനിമയ നിരക്ക് ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കുന്ന അളവിലും വര്‍ധനവുണ്ട്. ഒരു ദിര്‍ഹത്തിന് 24 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്.
ദിര്‍ഹത്തിനെതിരെ 24.04 രൂപവരെ മൂല്യം ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള പണമയക്കല്‍ വോളിയത്തില്‍ വലിയ വര്‍ധനവുണ്ടായത്. ഓണത്തിന് മുന്‍പെ മികച്ച എക്സചേഞ്ച് നിരക്ക് ലഭിച്ചതോടെ പ്രവാസികള്‍ പണമയക്കുന്നത് കൂടിയതായി എക്സ്ചേഞ്ച് കമ്പനികളും സാക്ഷ്യപ്പെടുത്തുന്നു. 23.95 രൂപ മുതല്‍ 24.01 രൂപ വരെയാണ് കമ്പനികള്‍ നല്‍കുന്ന നിരക്ക്. രൂപയുടെ മൂല്യം ഇടിയുന്നതോടെ വിദേശ വിപണിയിലേക്ക് കയറ്റി അയക്കുന്നവര്‍ക്ക് നേട്ടമാണ്.
50 ശതമാനം താരിഫ് പ്രാബല്യത്തില്‍ വന്നതോടെയാണ് രൂപയുടെ ഇടിവ് കനത്തത്. റഷ്യന്‍ ഓയില്‍ വാങ്ങുന്നതിന്‍റെ പേരില്‍ ട്രംപ് ഏര്‍പ്പെടുത്തിയ അധിക നിരക്കാണ് കഴിഞ്ഞ മാസാവസാനം പ്രാബല്യത്തിലായത്. ഡോളര്‍ ഇടിയുന്നതിനൊപ്പമാണ് രൂപയും മൂല്യത്തകര്‍ച്ച നേരിടുന്നത്. ഡോളര്‍ സൂചിക 97.79 നിലവാരത്തിലേക്ക് വീണിരുന്നു.