സെലിബ്രിറ്റികള്‍ പണമുണ്ടാക്കുന്നത് പോലെ കൃത്യമായ നിക്ഷേപങ്ങളും നടത്താറുണ്ട്. സെലിബ്രറ്റി നിക്ഷേപങ്ങളില്‍ പുതിയ വാര്‍ത്തയാണ് രോഹിത് ശര്‍മയുടേത്. സ്മോള്‍കാപ് ഐടി ഓഹരിയിലുണ്ടായ നിക്ഷേപം വിറ്റ രോഹിത് ശര്‍മ 87 ലക്ഷത്തോളം രൂപയാണ് കയ്യിലാക്കിയത്.
ഐടി സര്‍വീസ് ഡാറ്റ സൊല്യൂഷന്‍ കമ്പനിയായ റിലയബിള്‍ ഡാറ്റ സര്‍വീസിലെ ഓഹരി പങ്കാളിത്തമാണ് രോഹിത് ശര്‍മ കുറച്ചത്. ഒരു ശതമാനത്തോളം ഓഹരികള്‍ കയ്യിലുണ്ടായിരുന്ന രോഹിത് ശര്‍മ ഓഹരികളില്‍ 87ലക്ഷം രൂപ മൂല്യം വരുന്ന 53,200 ഓഹരികളാണ് വിറ്റഴിച്ചത്. ഐടി കമ്പനിയിലെ 0.52 ശതമാനം ഓഹരികളാണ് രോഹിത് വിറ്റൊഴിവാക്കിയത്. 163.91 രൂപ നിരക്കില്‍ 87.2 ലക്ഷം കോടി രൂപയുടേതാണ് ഇടപാട്.
തുടര്‍ച്ചയായ ഏഴു ദിവസം നേട്ടത്തില്‍ വ്യാപാരം ചെയ്ത ഓഹരി വെള്ളിയാഴ്ച പത്ത് ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഒരാഴ്ചയ്ക്കിടെ 73.2 ശതമാനം ഉയര്‍ന്നിരുന്നു. ഒരു മാസത്തിനിടെ നിക്ഷേപം ഇരട്ടിയാക്കിയ ഓഹരിയാണിത്. അതായത് ഓഹരിയില്‍ നിന്നും മികച്ച തുക രോഹിതിന് ലാഭമുണ്ടായെന്ന് ചുരുക്കം. വാങ്ങിയ വില എത്രയെന്നത് വ്യക്തമല്ലാത്തതിനാല്‍ കൃത്യമായ ലാഭം കണക്കാക്കാന്‍ സാധിക്കില്ല.
അതേസമയം, 160 കോടി രൂപ വിപണി മൂല്യമുള്ള ഓഹരി തിങ്കളാഴ്ച 155.71 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞാഴ്ച 163.91 രൂപ വരെ കുതിച്ച ഓഹരി ഇന്ന് അഞ്ച് ശതമാനം ലോവര്‍ സര്‍ക്യൂട്ടിലേക്ക് വീഴുകയായിരുന്നു.
2023 സെപ്റ്റംബറില്‍ റിലയബിള്‍ ഡാറ്റ സര്‍വീസിന്‍റെ 1,03,200 ഓഹരികളാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. കമ്പനിയിലെ ഏകദേശം ഒരു ശതമാനത്തോളം ഓഹരിക്ക് തുല്യമായിരുന്നിത്. 2025 മാര്‍ച്ച് വരെയുള്ള ഷെയര്‍ ഹോള്‍ഡിങ് പാറ്റേണ്‍ പ്രകാരം കമ്പനിയില്‍ രോഹിത് ശര്‍മയ്ക്ക് ഒരു ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. കൈവശമുള്ള ഓഹരികളുടെ വില ഒരു ശതമാനത്തില്‍ താഴ്ന്നതോടെ ജൂണ്‍പാദത്തിലെ ഷെയര്‍ ഹോള്‍ഡിങ് പാറ്റേണില്‍ രോഹിതിന്‍റെ പേരില്ലായിരുന്നു.