യു.എസ് ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവയുടെ വെല്ലുവിളി മറികടക്കാന്‍ നവജാതശിശുക്കള്‍ക്കും കുട്ടികള്‍ക്കുമായുള്ള വസ്ത്രവിപണിയില്‍ വിപ്ലവം ലക്ഷ്യമിട്ട് കിറ്റെക്സ്. നവജാതശിശുക്കള്‍ക്കായുള്ള കിറ്റെക്സിന്‍റെ യു.എസ് ബ്രാന്‍ഡായ ലിറ്റില്‍ സ്റ്റാറിന്‍റെ രണ്ടായിരം ഫ്രാഞ്ചൈസി സ്റ്റോറുകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ തുറക്കും. ഇതിന്‍റെ ഭാഗമായുള്ള ആദ്യ സ്റ്റോര്‍ കിഴക്കമ്പലത്ത് പ്രവര്‍ത്തനം ആരംഭിച്ചു.
യു.എസ് ഏര്‍പ്പെടുത്തിയ താരിഫ് നിലവിലുള്ള ഓര്‍ഡറുകളെ ബാധിക്കില്ലെങ്കിലും ക്രമേണ അത് പ്രശ്നമാകും എന്ന തിരിച്ചറിവിലാണ് കിറ്റെക്സിന്‍റെ സുപ്രധാന ചുവടുവയ്പ്പ്. യുറോപ്യന്‍ യുകെ വിപണി വികസിപ്പിക്കുന്നതിനൊപ്പം റഷ്യന്‍ വിപണിയുടെ സാധ്യതകളും തേടുകയാണ്. ഇതിനൊപ്പം ആഭ്യന്തര വിപണിയുടെയും സാധ്യത തേടുന്നതിന്‍റെ ഭാഗമായാണ് കിഴക്കമ്പലത്ത് പരീക്ഷണമെന്നോണം നവജാതശിശുക്കള്‍ക്കും കുട്ടികള്‍ക്കുമായുള്ള കിറ്റെക്സിന്‍റെ യു.എസ് ബ്രാന്‍ഡായ ലിറ്റില്‍ സ്റ്റാര്‍ വസ്ത്രങ്ങളുടെ വില്‍പന തുടങ്ങിയത്. ഈ ശ്രേണിയില്‍ 90000 കോടിരൂപയുടെ വില്‍പന നടക്കുന്ന വിപണിയാണ് ഇന്ത്യയുടേത്. ഇന്ത്യയൊട്ടൊകെ രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടായിരം ഫ്രാഞ്ചൈസി സ്റ്റോറുകള്‍ തുടങ്ങും. മിഡില്‍ ഈസ്റ്റില്‍ നൂറു സ്റ്റോറുകളുമാണ് ലക്ഷ്യമിടുന്നതെന്ന് കിറ്റെക്സ് ഗാര്‍മെന്‍റ്സ് ലിമിറ്റഡ് എം.ഡി സാബു എം.ജേക്കബ് മനോരമ ന്യൂസിനോട് പറഞ്ഞു.
കിഴക്കമ്പലത്തെ സ്റ്റോറില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഓണം ഓഫറായി 50 ശതമാനം വിലക്കുറവിലാണ് വസ്ത്രങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളതെന്നും സാബു എം.ജേക്കബ് വ്യക്തമാക്കി.