TOPICS COVERED

തുടര്‍ച്ചയായ മൂന്നാം ദിവസത്തിലും നഷ്ടം തുടര്‍ന്ന് ഇന്ത്യന്‍ ഓഹരിവിപണി. ട്രംപിന്‍റെ  താരിഫ് ഭീഷണിയും ഇതുവഴിയുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളുമാണ് വിപണിയെ പ്രതികൂലമായി ബാധിക്കുന്നത്. ഇത് രൂപയുടെ മൂല്യത്തെയും ബാധിച്ചു. ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 88 ലേക്ക് താഴ്ന്നു. 

സെന്‍സെക്സ് 271 പോയിന്‍റ് നഷ്ടത്തില്‍ 79809.65 നിലവാരത്തിലും നിഫ്റ്റി 74 പോയിന്‍റ് നഷ്ടത്തില്‍ 24426.85 നിലവാരത്തിലും ക്ലോസ് ചെയ്തു. ഒരാഴ്ചയ്ക്കിടെ സെന്‍സെക്സും നിഫ്റ്റിയും രണ്ട് ശതമാനത്തോളം ഇടിഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര പ്രതിസന്ധി അയയുന്ന സൂചനകളൊന്നും നിലവിലില്ല. 50 ശതമാനം താരിഫ് ദീര്‍ഘകാലത്തേക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയുണ്ടാകും എന്നാണ് വിദഗ്ധ നിഗമനം. 

ശ്രീറാം ഫിനാന്‍സ്, ഐടിസി, ഭാരത് ഇലക്ട്രോണിക്സ്, ട്രെന്‍ഡ്, ഏഷ്യന്‍ പെയിന്‍റ് എന്നിവയാണ് വെള്ളിയാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്ത ഓഹരികള്‍. എംആന്‍ഡ് എം, ഇന്‍ഫോസിസ്, അപ്പോളോ ഹോസ്പിറ്റല്‍സ്, അദാനി എന്‍റര്‍പ്രൈസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്കാപ് സൂചിക 0.4 ശതമാനനും സ്മോള്‍ ക്യാപ് സൂചിക 0.3 ശതമാനവും ഇടിവും ഇടിഞ്ഞു. സെക്ടറല്‍ സൂചികയില്‍ മെറ്റല്‍, ഐടി, റിയലിറ്റി, ഓട്ടോ എന്നിവ 0.5-1 ശതമാനം വരെ ഇടിഞ്ഞു. ക്യാപിറ്റല്‍ ഗുഡ്സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മീഡിയ, എഫ്എംസിജി എന്നിവ 0.2-1 ശതമാനം വരെ നേട്ടമുണ്ടാക്കി.

ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 88 നിലവാരത്തിലേക്ക് വീണ് രൂപ. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യു.എസ് ഏര്‍പ്പെടുത്തിയ തീരുവയുടെ പ്രത്യാഘാതങ്ങള്‍ക്കിടെയാണ് രൂപയുടെ ഇടിവ്. 88.31 നിലവാരത്തിലേക്ക് വീണ രൂപ 61 പൈസ നഷ്ടത്തില്‍ 88.19 നിലവാരത്തില്‍ ക്ലോസ് ചെയ്തു.

ENGLISH SUMMARY:

Indian Stock Market faced a downturn today with Sensex and Nifty closing in the red. The rupee also weakened against the dollar, reaching a historic low.