വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികള്‍. 19 കിലോ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഡല്‍ഹിയില്‍ പുതുക്കിയ നിരക്ക് 1631.50 രൂപയാണ്. ഇതോടെ കൊച്ചിയിൽ 1,637.5 രൂപയാണ് വില. കോഴിക്കോട്ട് 1,670 രൂപയും തിരുവനന്തപുരത്ത് 1,658.5 രൂപയുമാണ് വാണിജ്യ സിലിണ്ടറിന്റെ വില. പുതുക്കിയ വില ഓഗസ്റ്റ് ഒന്നുമുതല്‍ നിലവില്‍ വരും. അതേസമയം ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2 കിലോ സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവാണ് രാജ്യത്ത് എല്‍പിജി സിലണ്ടര്‍ വില കുറയാന്‍ കാരണം. വാണിജ്യ സിലിണ്ടറിന് ജൂലൈയില്‍ 58 രൂപയും ജൂണില്‍ 24 രൂപയുമാണ് വാണിജ്യ സിലണ്ടറിന് വില കുറഞ്ഞത്. മേയിൽ 15 രൂപയും ഏപ്രിലിൽ 43 രൂപയും കുറച്ചിരുന്നു. ഫെബ്രുവരിയില്‍ ഏഴു രൂപയാണ് കുറഞ്ഞത്. അതേസമയം ഒരു വര്‍ഷത്തിലേറെയായി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് കാരണം ആഗോള അസംസ്കൃത എണ്ണ വില ഉയർന്നതിനെത്തുടർന്ന് മാർച്ചിൽ 50 രൂപ വർധിപ്പിക്കുകയും ചെയ്തിരുന്നു. നിലവിൽ കൊച്ചിയിൽ 860 രൂപ, കോഴിക്കോട്ട് 861.5 രൂപ, തിരുവനന്തപുരത്ത് 862 രൂപ എന്നിങ്ങനെയാണ് ഗാർഹിക സിലിണ്ടറിനു വില.