ദീപീന്ദര്‍ ഗോയല്‍
ശതകോടീശ്വരനും സൊമാറ്റോ സ്ഥാപകനുമായ ദീപീന്ദര്‍ ഗോയലിന്‍റെ ആസ്തിയില്‍ രണ്ടു ദിവസം കൊണ്ട് ഉണ്ടായ വര്‍ധന 2,000 കോടി. സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേണൽ ഓഹരികളിലെ മിന്നുന്ന റാലിയാണ് കോടികളുടെ വരവിന് കാരണം. പാദഫലത്തിന് പിന്നാലെ രണ്ട് ദിവസത്തിനിടെ 21 ശതമാനമാണ് ഓഹരി മുന്നേറിയത്. 311.60 രൂപ എന്ന പുതിയ സര്‍വകാല ഉയരവും ഓഹരിതൊട്ടു.
കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ദീപീന്ദറിന് 3.83 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഓഹരിയിലുണ്ടായ കുതിപ്പ് നിക്ഷേപമൂല്യം 11,515 കോടി രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഫോബ്സ് റിയല്‍ ടൈം ബില്യണയര്‍ പട്ടിക പ്രകാരം 15,770 കോടി രൂപയാണ് ദീപീന്ദറിന്‍റെ ആസ്തി മൂല്യം. ഓഹരിയിലുണ്ടായ കുതിപ്പിന് പിന്നാലെ എറ്റേണലിന്‍റെ വിപണി മൂല്യം 3 ലക്ഷം കോടി രൂപ മറികടന്നു. ഇതോടെ വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, നെസ്‌ലെ, ഏഷ്യൻ പെയിന്റ്സ് എന്നിവയേക്കാൾ മൂല്യമുള്ള കമ്പനിയായി ഇത് മാറി.
ലാഭത്തില്‍ കുറവുണ്ടായെങ്കിലും കമ്പനിയുടെ ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റിലുള്ള മികച്ച വളര്‍ച്ചയാണ് ഓഹരിയുടെ മുന്നേറ്റത്തിന് മുതല്‍കൂട്ടായത്. ഒന്നാം പാദത്തില്‍ അറ്റാദായത്തിലുണ്ടായ കുറവ് 90 ശതമാനമാണ്. 25 കോടി രൂപയാണ് ഒന്നാം പാദത്തിലെ ലാഭം. അതേസമയം പ്രവര്‍ത്തന വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനം വർധിച്ച് 7,167 കോടി രൂപയായി ഉയർന്നു. ബ്ലിങ്കിറ്റിലുള്ള വർധിച്ച നിക്ഷേപങ്ങളും ലോജിസ്റ്റിക്സ് സൗകര്യങ്ങളും പരസ്യ ചെലവുകളുമാണ് ലാഭം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ബ്ലിങ്കിറ്റില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഒന്നാം പാദത്തില്‍ ബ്ലിങ്കില്‍ നിന്നുള്ള വരുമാനം 2,400 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇത് 942 കോടി രൂപയായിരുന്നു.