ഏപ്രില്‍– ജൂണ്‍ പാദത്തില്‍ റെക്കോര്‍ഡ് ലാഭം കുറിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 26,994 കോടി രൂപയുടെ അറ്റാദായമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ 15138 കോടി രൂപയേക്കാള്‍ 78.3 ശതമാനം വര്‍ധനയാണ് ലാഭത്തിലുണ്ടായത്. മുന്‍പാദത്തെ അപേക്ഷിച്ച് 39 ശതമാനം വര്‍ധന.
കണ്‍സ്യൂമര്‍ ബിസിനസിന്റെ മികച്ച പ്രകടനമാണ് കമ്പനിക്ക് കരുത്തായത്. റീട്ടെയ്ല്‍, ടെലികോം മേഖലകളിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മികച്ച വളര്‍ച്ച രേഖപ്പെടുത്തി. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ജിയോയ്ക്കായി, അതേസമയം വിപുലമായ ശൃംഖലകളുള്ള റീട്ടെയ്ല്‍ ബിസിനസ് കേന്ദ്രങ്ങളിലേക്ക് എത്തിയവരുടെ എണ്ണത്തിലും ബിസിനസിലും ശക്തമായ വര്‍ധനയുണ്ടായി. പ്രവര്‍ത്തന വരുമാനം 5.26 ശതമാനം വര്‍ധനയോടെ 2.48 ലക്ഷം കോടി രൂപയീയു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ പ്രവര്‍ത്തനവരുമാനം 2.36 ലക്ഷം കോടി രൂപയായിരുന്നു.
ആഗോള സാമ്പത്തികരംഗത്ത് കാര്യമായ അസ്ഥിരത ഉണ്ടായിരുന്നിട്ടും സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ഇബിഐടിഡിഎ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാര്യമായി മെച്ചപ്പെട്ടു. ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കൊപ്പം ഊര്‍ജ്ജ വിപണികള്‍ വലിയ അനിശ്ചിതത്വമുണ്ടായി. ഈ സാഹചര്യത്തിലും ആഭ്യന്തര ആവശ്യകത നിറവേറ്റുന്നതിലും ജിയോ-ബിപി ശ്രംഖല വഴി മൂല്യവര്‍ദ്ധിത സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലും ഓയില്‍ ബിസിനസ് ശക്തമായ വളര്‍ച്ച കൈവരിച്ചെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.