വ്യാപാര ആഴ്ചയില്‍ ഏഴു ശതമാനത്തോളം മുന്നേറ്റമുണ്ടാക്കിയ ഓഹരിയാണ് ആൽഗോക്വാന്ത് ഫിൻടെക് ലിമിറ്റഡ്. ഇന്‍ട്രാ ഡേയില്‍ 1,169 രൂപയിലെത്തിയ ഓഹരി ലാഭമെടുപ്പിന് ശേഷം നാലു ശതമാനം നേട്ടത്തില്‍ 1,109.10 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇതോടെ കമ്പനിയുടെ വിപണി മൂലധനം ഏകദേശം 1,732.02 കോടി രൂപയായി ഉയർന്നു.
വരാനിരിക്കുന്ന ഓഹരി വിഭജനവും ബോണസ് ഓഹരിയുമാണ് ഓഹരിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. കമ്പനിയുടെ രണ്ടു രൂപ മുഖവിലയുള്ള ഓഹരികള്‍ ഒരു രൂപ വിലയുള്ള രണ്ട് ഓഹരികളായി വിഭജിക്കും. ശേഷം ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് എട്ടു ബോണസ് ഓഹരികളും കമ്പനി അനുവദിക്കും. അതായത് ഒരു ഓഹരി കയ്യിലുള്ളവര്‍ക്ക് 18 ഓഹരികള്‍ ലഭിക്കും. നൂറ് ഓഹരികള്‍ കയ്യിലുണ്ടെങ്കില്‍ ഇത് 1800 എണ്ണമായി മാറും. ഓഹരിയുടെ കോര്‍പ്പറേറ്റ് നടപടിക്കുള്ള റെക്കോര്‍ഡ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വരുന്ന ആഴ്ച ബോണസ് ഓഹരി നല്‍കുന്ന ഓഹരികള്‍ മേഘ്‌ന ഇൻഫ്രാക്കോൺ ഇൻഫ്രാസ്ട്രക്ചർ, റോട്ടോ പമ്പ്സ് എന്നിവയാണ്. മേഘ്‌ന ഇൻഫ്രാക്കോൺ ജൂലൈ എട്ടനും റോട്ടോ പമ്പ്സ് ജൂലൈ 11 നുമാണ് റെക്കോര്‍ഡ് തീയതി.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)