ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണത്തിന് പിന്നാലെ കുതിച്ചു കയറി ടെല്‍ അവീവ് ഓഹരി വിപണി. വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനികള്‍ ഉള്‍കൊള്ളുന്ന ടിഎ 125 സൂചിക 1.05 ശതമാനം ഉയര്‍ന്ന് 2899 നിലവാരത്തിലെത്തി. ബ്ലൂ ചിപ്പ് കമ്പനികള്‍ ഉള്‍പ്പെടുന്ന ടിഎ– 35 സൂചിക 1.5 ശതമാനം നേട്ടത്തിലാണ്. ടിഎ-90 സൂചിക 2.1 ശതമാനം ഉയർന്നു. കഴിഞ്ഞ അഞ്ച് സെഷനുകളിലായി ആറു ശതമാനം നേട്ടമാണ് ഓഹരി വിപണിയിലുണ്ടായത്.
വ്യാഴാഴ്ച ഇസ്രായേലിലെ ടെൽ അവീവ്, ബിയർ ഷെവ നഗരങ്ങളില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. വ്യാപാരം തുടര്‍ന്ന ഓഹരി വിപണി അന്നും നേട്ടത്തിലാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. ഈ വർഷം ഇതുവരെ 16 ശതമാനമാണ് ടിഎ125 സൂചിക നടത്തിയ മുന്നേറ്റം. യുഎസിന്റെ എസ് ആൻഡ് 500 സൂചികയെ ബഹുദൂരം പിന്നിലാക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷത്തിന്‍റെ പത്താം ദിവസമാണ് ഇറാനിലെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങളിലേക്ക് യുഎസ് ആക്രമണം നടത്തിയത്. ബി2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഉപയോഗിച്ച് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് യുഎസ് പ്രഹരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍റെ ആണവകേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്.