ചരിത്രത്തിലാദ്യമായി വിപണി മൂല്യം ഒരു ലക്ഷം കോടി കടന്ന് മുത്തൂറ്റ് ഫിനാന്‍സ്. തുടര്‍ച്ചയായി നേട്ടത്തില്‍ കുതിക്കുന്ന ഓഹരി തിങ്കളാഴ്ച വ്യാപാരത്തിനിടെ 4.20 ശതമാനം കുതിച്ച് 2,548 രൂപ എന്ന സര്‍വകാല നേട്ടവും കൈവരിച്ചു. ഇതുപ്രകാരം കമ്പനിയുടെ വിപണി മൂല്യം 102,060 കോടി രൂപ കടന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കേരള കമ്പനികളില്‍ ഒന്നിന്‍റെ വിപണി മൂല്യം 1 ലക്ഷം കോടി രൂപ കടക്കുന്നത് ഇതാദ്യമാണ്.
സ്വര്‍ണപ്പണയ വായ്പ ബിസിനസില്‍ കേന്ദ്രീകരിക്കുന്ന കേരളത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട ബാങ്കിതര ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. ചെറുകിട സ്വര്‍ണ വായ്പകളുടെ ചട്ടങ്ങള്‍ ലഘൂകരിച്ച ആര്‍ബിഐ നടപടിക്ക് പിന്നാലെയാണ് ഓഹരിവിലയിലെ കുതിപ്പ്. രണ്ട് സെഷനുകളിലായി 10 ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
വെള്ളിയാഴ്ചയാണ് 2.50 ലക്ഷം രൂപ വരെയുള്ള സ്വര്‍ണപ്പണയ വായ്പകളുടെ ലോണ്‍ ടു വാല്യു 75 ശതമാനത്തില്‍ നിന്നും 85 ശതമാനമാക്കി ഉയര്‍ത്തിയത്. ഇതിനൊപ്പം ക്രെഡിറ്റ് അപ്രൈസല്‍, സ്വര്‍ണത്തിന്‍റെ ഇന്‍വോയിസ് എന്നിവയിലും ആര്‍ബിഐ ഇളവ് നല്‍കിയിരുന്നു. സ്വര്‍ണപ്പണയ ബിസിനസില്‍ത്തന്നെയുള്ള മണപ്പുറം ഫിനാന്‍സും ഐഐഎഫ്എല്‍ ഫിനാന്‍സും നേട്ടം തുടരുകയാണ്. മണപ്പുറം 7.21 ശതമാനം ഉയര്‍ന്ന് 265.42 രൂപയിലാണ് ക്ലോസ് ചെയതത്. ഐഐഎഫ്എല്‍ ഫിനാന്‍സ് ഓഹരി 7.95 ശതമാനം നേട്ടത്തോടെ 486.90 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.
മൂല്യത്തില്‍ ഒന്നാമന്‍
വിപണി മൂല്യത്തില്‍ ഏറ്റവും വലിയ കമ്പനിയായി മുത്തൂറ്റ് ഫിനാന്‍സ് മാറി. ഫാക്ട്, കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് എന്നിവയാണ് തൊട്ടുപിന്നില്‍. കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിർമാണശാലയായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിന്റെ (ഫാക്ട്) ഓഹരി 1.14 ശതമാനം നേട്ടത്തില്‍ 1,049 രൂപയിലാണ് വ്യാപാരം. കമ്പനിയുടെ വിപണി മൂല്യം 67,887 കോടി രൂപയാണ്.
നാല് ദിവസത്തെ നേട്ടത്തിന് ശേഷം പൊതുമേഖലാ പ്രതിരോധ ഓഹരിയായ കൊച്ചിന്‍ ഷിപ്പായാര്‍ഡ് ഇന്ന് നാല് ശതമാനത്തോളം ഇടിഞ്ഞു. 2302 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 60,588 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)