തുടക്കത്തിലെ നേട്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് വഴുതി ഇന്ത്യന്‍ ഓഹരി വിപണി. 11.30 ഓടെ സെന്‍സെക്സ് 1009 പോയിന്‍റ് നഷ്ടത്തില്‍ 78792.70 ലും നിഫ്റ്റി 346 പോയിന്‍റ് നഷ്ടത്തില്‍ 23,900 ലുമാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സില്‍ ഇന്‍ഫോസിസ്, ടിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവ ഒഴികെ ഓഹരികളെല്ലാം നഷ്ടത്തിലാണ്. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ സെന്‍സെക്സ് 80130 നിലവാരം മറികടന്നിരുന്നു. നിഫ്റ്റി 24350 മറികടന്ന ശേഷമാണ് ഇടിഞ്ഞത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന ഇന്ത്യ–പാക്ക് സംഘര്‍ഷ സാധ്യതയാണ് ഇടിവിന് കാരണം.
ബിഎസ്ഇ മിഡ്കാപ് സ്മോള്‍ കാപ് സൂചികകള്‍ മൂന്ന് ശതമാനം ഇടിഞ്ഞു. ബിഎസഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം വ്യാഴാഴ്ചയിലെ ക്ലോസിങായ 430 ലക്ഷം കോടി രൂപയില്‍ നിന്നും 420 ലക്ഷം കോടി രൂപയായി. ഇന്നത്തെ ഇടിവില്‍ 10 ലക്ഷം കോടി രൂപയ്ക്കടുത്താണ് നിക്ഷേപകര്‍ക്ക് നഷ്ടം.
യുഎസ് വിപണിയിലെ നേട്ടത്തിന്‍റെ ചുവട് പിടിച്ച് ഐടി ഓഹരികള്‍ മുന്നേറിയതൊഴിച്ചാല്‍ മുന്‍നിര ഓഹരികളെല്ലാം നഷ്ടത്തിലാണ്. ഐടി ഓഹരികളില്‍ 2.50 ശതമാനത്തോളം ഓഹരികളില്‍ ഉണര്‍വുണ്ടായി. പെർസിസ്റ്റന്റ് സിസ്റ്റംസ്, എംഫസിസ്, ടിസിഎസ്, ഇൻഫോസിസ് എന്നിവയാണ് നിഫ്റ്റി ഐടി സൂചികയിൽ നേട്ടമുണ്ടാക്കിയത്. സെക്ടറല്‍ സൂചികകളില്‍ ഐടി ഒഴികെ എല്ലാ സൂചികകളും നഷ്ടത്തിലാണ്. ഫിനാന്‍ഷ്യല്‍ സര്‍വീസ് സൂചിക അരശതമാനം ഇടിഞ്ഞു.
വെള്ളിയാഴ്ച ഏഷ്യന്‍ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാന്‍ നിക്കിയും കൊറിയയുടെ കോസ്പിയുടെ ഒരു ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി. ചൈനയുമായി വ്യാപാര തര്‍ക്കത്തില്‍ ചര്‍ച്ച നടക്കുന്ന എന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയാണ് യുഎസ് വിപണിയിലെ നേട്ടത്തിന് കാരണം. നാസ്ഡാക്ക് മൂന്ന് ശതമാനം എസ് ആന്‍ഡ് പി 500 രണ്ടു ശതമാനവും ഉയര്‍ന്നു.
കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് നിക്ഷേപകര്‍ ജാഗ്രത പാലിച്ചതിനാലും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാധ്യതയുമാണ് വിപണി വികാരത്തെ ഇടിച്ചത്. കഴിഞ്ഞ എഴു സെഷനുകളിലായി 8.60 ശതമാനമാണ് നിഫ്റ്റി നേട്ടമുണ്ടാക്കിയത്. ഈ റാലിക്ക് പിന്നാലെ വാല്യുവേഷന്‍ ആശങ്കയും നിക്ഷേപകര്‍ ലാഭമെടുത്തതും ഇടിവിന് കാരണമായി. ഇന്നത്തെ ഇടിവിന് പ്രധാനികള്‍ ഫിനാന്‍ഷ്യല്‍ ഓഹരികളാണ്. ആക്സിസ് ബാങ്ക്, എസ്‌ബിഐ, ബജാജ് ഫിനാൻസ്, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പെടെ നഷ്ടത്തിലാണ്. സെന്‍സെക്സിലെ നഷ്ടത്തില്‍ 360 പോയിന്റിലധികം കൊണ്ടുപോയത് ബാങ്കിങ് ഓഹരികളാണ്.