Image Credit: atherenergy.com

ഇലക്ട്രിക് ടൂവിലർ നിർമാതാക്കളായ ഏഥർ എനർജിയും പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക്. ഏപ്രിൽ 28 മുതൽ 30 വരെ നിക്ഷേപകർക്ക് ഏഥർ എനർജി ഐപിഒയ്ക്ക് അപേക്ഷിക്കാനാകും. 9,28 കോടി ഓഹരികൾ വിറ്റഴിക്കുന്ന 2,980.76 കോടി രൂപയുടെ ഐപിഒ ആണിത്. ഫെബ്രുവരി 18 ന് നടന്ന ക്വാളിറ്റി പവർ എക്യുപ്‌മെന്റ്‌സിന്റെ ഐപിഒയ്ക്ക് ശേഷമുള്ള ആദ്യത്തെ ഐപിഒയാണിത്.

* 8.10 കോടി പുതിയ ഓഹരികളുടെ വിൽപ്പനയോടെ 2626 കോടി രൂപയാണ് ഏഥർ വിപണിയിൽ നിന്നും സമാഹരിക്കുക. 1.10 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിലും അടക്കം ആകെ ഓഹരി വിൽപ്പന 2981 കോടി രൂപയുടേതാണ്. 

* 304-321 രൂപ നിരക്കിലാണ് ഏഥർ എനർജി ഐപിഒയുടെ പ്രൈസ് ബാൻഡ്. 75 ശതമാനം ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കും ഉള്ളതാണ്. 10 ശതമാനം ഓഹരികളാണ് റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റിവച്ചിരിക്കുന്നത്. 

* റീട്ടെയിൽ നിക്ഷേപകർക്ക് 46 ഓഹരികളുള്ള ഒരു ലോട്ടിന് അപേക്ഷിക്കാനാകും. ഇതിനുള്ള കുറഞ്ഞ നിക്ഷേപ തുക 13984 രൂപയാണ്. ഉയർന്ന പ്രൈസ് ബാൻഡിൽ അപേക്ഷ സമർപ്പിക്കാൻ 14766 രൂപ വേണ്ടി വരും. പരമാവധി 14 ലോട്ടിന് (644 ഓഹരികൾ) അപേക്ഷിക്കാം. ഇതിനായി 2,06,724 രൂപ വേണം. 

* നിലവിൽ തന്നെ ഗ്രേ മാർക്കറ്റിൽ നേട്ടത്തിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. 17 രൂപ നേട്ടം കാണിക്കുന്ന ഓഹരി അപ്പർ പ്രൈസ് ബാൻഡിൽ 5.30 ശതമാനം ലാഭം കാണിക്കുന്നു. 

* ഐപിഒയിൽ നിന്ന് സമാഹരിക്കുന്ന തുക മഹാരാഷ്ട്രയിൽ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹന ഫാക്ടറി നിർമിക്കുന്നതിനുള്ള മൂലധന ചെലവ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ബാക്കി തുക കടം തിരിച്ചടയ്ക്കൽ, ഗവേഷണ വിഭാ​ഗം വികസിപ്പിക്കാനുള്ള നിക്ഷേപം, മാർക്കറ്റിംഗ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കുള്ള ചെലവുകൾക്കായി നീക്കിവയ്ക്കും.

* ഏഥറിൽ 40 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഹീറോമോട്ടോ കോർപ്പ് ഐപിഒയിൽ ഓഹരികളൊന്നും വിറ്റഴിക്കുന്നില്ല.

* 2024 ഡിസംബർ വരെയുള്ള ഒൻപത് മാസങ്ങളിൽ 107,983 ഇലക്ട്രിക് 2വീലറുകളാണ് കമ്പനി വിറ്റഴിച്ചത്. 2024 ഡിംസബർ 31 വരെ 265 എക്സ്പീരിയൻ സെന്ററുകളും 233 സർവീസ് സെന്ററുകളും കമ്പനിക്കുണ്ട്. ഇന്ത്യയെ കൂടാതെ നേപ്പാളിലും ശ്രീലങ്കയിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

Electric two-wheeler manufacturer Ather Energy is set to launch its IPO from April 28 to 30, offering 9.28 crore shares worth ₹2,980.76 crore. This is the first IPO after the Quality Power Equipments issue in February.