യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിലും ഉലഞ്ഞ് വിപണി. വെള്ളിയാഴ്ച നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച സൂചികകളില്‍ തുടര്‍ന്നുണ്ടായത് കനത്ത ഇടിവാണ്.
സെന്‍സക്സ് 1471 പോയിന്‍റ് ഇടിഞ്ഞ് 73,141 വരെ ഒരുവേള സെന്‍സെക്സ് എത്തി. 1,414 പോയിന്‍റ് നഷ്ടത്തില്‍ 73,198 ലായിരുന്നു സെന്‍സെക്സിന്‍റെ ക്ലോസിങ്. 22,105 വരെ എത്തിയ നിഫ്റ്റി 420 പോയിന്‍റ് നഷ്ടത്തില്‍ 22,125 ലും വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിങ്, ഐടി ഓഹരികളിലെ ഇടിവാണ് വിപണിയെ കാര്യമായി ബാധിച്ചത്. ഇതോടെ നിക്ഷേപ സമ്പത്തില്‍ നഷ്ടം 9 ലക്ഷം കോടി രൂപയാണ്. സെന്‍സെക്സില്‍ എച്ച്ഡിഎഫ്സി ബാങ്ക് ഒഴികെ 29 ഓഹരികളും നഷ്ടത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക് 1.86 % നേട്ടമുണ്ടാക്കി. നിഫ്റ്റി50യില്‍ അഞ്ച് ഓഹരികളാണ് നേട്ടത്തില്‍. കോള്‍ ഇന്ത്യ, ശ്രീറാം ഫിനാന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, 'ട്രെന്‍ഡ് ലിമിറ്റഡ്, ഹിന്‍ഡാല്‍കോ എന്നിവയാണ് ഇടിവിലും നേട്ടമുണ്ടാക്കിയത്.
എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ്. നിഫ്റ്റി ഓട്ടോ മൂന്ന് ശതമാനവും നിഫ്റ്റി ഐടി നാല് ശതമാനവും ഇടിഞ്ഞു. നിഫ്റ്റി മീഡിയ. പിഎസ്‍യു ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബില്‍ എന്നി സൂചികകളും കനത്ത നഷ്ടം രേഖപ്പെടുത്തുന്നു. എംഫസിസ്, ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ് എന്നിവയാണ് ഐടി ഓഹരികളില്‍ കൂടുതല്‍ നഷ്ടം വരുത്തിയത്.
കുറഞ്ഞ സാമ്പത്തികവളര്‍ച്ച, കമ്പനികളുടെ മോശം പ്രകടനം, ട്രംപിന്‍റെ താരിഫ് ഭീഷണി, വിദേശ നിക്ഷേപകരുടെ വില്‍പ്പന എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ആഴ്ചകളായി വിപണിയെ താഴേക്ക് കൊണ്ടുപോകുന്നത്. ഇതിനൊപ്പം താരിഫ് നയം സംബന്ധിച്ചുള്ള അനിശ്ചിതത്വം വിപണിയെ കൂടുതല്‍ ചാഞ്ചാട്ടത്തിലെത്തിച്ചു. ട്രംപിന്‍റെ താരിഫ് ഭീഷണിയെ തുടർന്ന് യുഎസ്, ഏഷ്യൻ ഓഹരികൾ ഇടിഞ്ഞത് ഇന്ത്യയിലും പ്രതിഫലിച്ചു.
മെക്സിക്കോ, കാനഡ, ചൈന എന്നി രാജ്യങ്ങള്‍ക്കെതിരെ നികുതി ചുമത്തുമെന്നത് നേരത്തെയാക്കിയ ട്രംപിന്‍റെ തീരുമാനം വിപണിക്ക് തിരിച്ചടിയായി.
കാനഡ, മെക്സിക്കോ എന്നിവയ്ക്ക് 25% ഇറക്കുമതി തീരുവയും ചൈനയ്ക്ക് മേല്‍ 10 ശതമാനം നികുതിയുമാണ് ട്രംപ് പ്രഖ്യാപിച്ചത്. ഏപ്രില്‍ രണ്ട് മുതല്‍ നികുതി ചുമത്തുമെന്ന് പറഞ്ഞ ട്രംപ് ഇത് മാർച്ച് 4 മുതലെന്ന് തിരുത്തുകയായിരുന്നു. ഇത് വ്യാപാര യുദ്ധം രൂക്ഷമാക്കുമെന്ന വിലയിരുത്തലാണ് വില്‍പ്പന സമ്മര്‍ദ്ദത്തിന് കാരണം.
ഇതിനൊപ്പം ഇന്ത്യയുടെ ഡിസംബര്‍ പാദത്തിലെ ജിഡിപി ഡാറ്റ വെള്ളിയാഴ്ച പുറത്തുവരും. റോയിട്ടേഴ്സ് നടത്തിയ പോള്‍ പ്രകാരം ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയ്ക്ക് ഡിസംബര്‍ പാദത്തില്‍ തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് ഇക്കണോമിസ്റ്റുകള്‍ പ്രവചിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതും തിരിച്ചടിക്ക് കാരണമായി.
എൻവിഡിയ താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ 8 ശതമാനത്തിലധികം ഇടിഞ്ഞു. ഇതിനൊപ്പം പ്രവർത്തനഫലം ഇക്കുറി മോശമാകുമെന്ന എൻവിഡിയയുടെ സ്വയംവിലയിരുത്തലും ഐടി ഓഹരികളെ സമ്മർദത്തിലാക്കി. യുഎസ് സമ്പദ്‍വ്യവസ്ഥയിലെ മാന്ദ്യഭീതിയാണ് യുഎസ് പ്രധാന വിപണിയായ ഐടി കമ്പനികള്‍ക്ക് തിരിച്ചടിയായ മറ്റൊരു കാരണം. ഇന്നലെ പുറത്തുവന്ന യുഎസ് ലേബര് മാര്‍ക്കറ്റ് ഡാറ്റ പ്രകാരം സാമ്പത്തിക വളര്‍ച്ച കുറയുന്നതിന്‍റെ സൂചനകള്‍ കാണിക്കുന്നുണ്ട്.
മറ്റ് കറൻസികള്‍ക്കെതിരെ ഡോളർ ശക്തമാകുന്നതും വിദേശ നിക്ഷേപത്തിലെ നഷ്ടവും ഇന്ത്യൻ വിപണികൾക്ക് തിരിച്ചടിയാകുന്നുണ്ട്. 2025 ല്‍ ഇതുവരെ 1.13 ലക്ഷം കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികഴാണ് വിദേശ നിക്ഷേപകര്‍ വിറ്റത്. 47,349 കോടി രൂപയുടെ ഓഹരികള്‍ ഫെബ്രുവരിയില്‍ മാത്രം വിദേശ നിക്ഷേപകര്‍ വിറ്റു. യുഎസിലെ ബോണ്ട് യീല്‍ഡ് സെപ്റ്റംബറില്‍ 3.70 ശതമാനമായിരുന്നത് നിലവില്‍ 4.50 ശതമാനത്തിന് അടുത്താണ്. ഇതും വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ഊര്‍ജമാണ്.