tax-out

TOPICS COVERED

കഴിഞ്ഞയാഴ്ച ബജറ്റ് അവതരണത്തിനിടെ കേന്ദ്രമന്ത്രി നിർമലാ സീതരാമൻ നടത്തിയ  പ്രഖ്യാപനം ഏറെ ആകാംക്ഷയോടെയാണ് സാമ്പത്തിക വിദഗ്ധർ മുതൽ  സാധാരണക്കാർ വരെ കേട്ടിരുന്നത്. ആദായനികുതി ഇളവ് പരിധി ഉയർത്തിയതിന് പിന്നാലെയായിരുന്നു പുതിയ ആദായനികുതി ബിൽ പാർലമെൻറിൽ അവതരിപ്പിക്കുമെന്നുള്ള പ്രഖ്യാപനവും. നിലവിലുള്ള ആദായനികുതി നിയമത്തിൽ സമൂലമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്ന രീതിയിലാണ് പുതിയ ബില്ലെന്നും  ധനമന്ത്രി വ്യക്തമാക്കിയിരുന്നു. 

പുതിയ ബിൽ എന്തിന്?

ഇപ്പോൾ രാജ്യത്ത് നിലവിലുള്ളത് 1961- ലെ ആദായ നികുതി നിയമമാണ്.  ഇടയ്ക്കിടെ നികുതി പരിധിയിൽ മാറ്റം വരുത്തിയതും അടുത്തകാലത്തായി ഡിജിറ്റൽ സംവിധാനങ്ങൾ കൊണ്ടുവന്നതുമായിരുന്നു ഈ നിയമത്തിലെ പ്രധാന പരിഷ്കാരങ്ങൾ. പഴയതും പുതിയതുമായ വ്യവസ്ഥകൾ കൂട്ടിക്കുഴച്ചത്  ആദായ നികുതി നിയമങ്ങളെ കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്തത്. ഇതെല്ലാം ഏകീകരിച്ച് നിയമം ലളിതമാക്കാനാണ്  ഇപ്പോൾ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.  ഒട്ടും സുഗമമല്ലാത്ത നടപടിക്രമങ്ങളാണ് ഇപ്പോൾ നികുതി ദായകരെ  വലയ്ക്കുന്നത്.  ഭാഷ ലളിതമാക്കൽ, തർക്ക പരിഹാരം, കാലഹരണപ്പെട്ട വകുപ്പുകൾ നീക്കം ചെയ്യൽ എന്നിവയായിരിക്കും പുതിയ നിയമത്തിന്റെ കാതൽ.  നിലവിലെ നിയമത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. അപ്പോൾ ലഭിച്ച നിർദ്ദേശങ്ങളുടെ കൂടി അഭിപ്രായത്തിലാണ് പുതിയ ബിൽ തയ്യാറാക്കിയിരിക്കുന്നത്. 

വരുമാന നഷ്ടത്തിനുള്ള പരിഹാരം

പുതിയ ഇളവ് പരിധികളെത്തുടർന്ന് നികുതിവരുമാനത്തിൽ കുറവുണ്ടാകുമെന്നത് ഉറപ്പാണ്. ഇതിനായി പുതിയ നികുതികൾ ഏർപ്പെടുത്തുന്നത് കടുത്ത വിമർശനത്തിന് കാരണമാകും. ഇതിനായി കേന്ദ്ര സർക്കാരിനു മുന്നിൽ അവശേഷിക്കുന്ന പോംവഴികളിലൊന്ന് നികുതിദായകരുടെ എണ്ണം വർധിപ്പിക്കുക എന്നതാണ്. അതായത്, കൂടുതൽ പേരെ ആദായനികുതി കൊടുക്കാൻ പ്രേരിപ്പിക്കുക എന്നത് .  

2020 ലെ ബജറ്റിൽ കേന്ദ്ര സർക്കാർ പുതിയ ആദായ നികുതി സംവിധാനം നടപ്പിലാക്കിയിരുന്നു. തുടക്കത്തിൽ ജനം അത്  സ്വീകരിക്കാൻ മടികാണിച്ചത് ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. അതിനു കാരണം പഴയ നികുതി സംവിധാനം എടുത്തുകളയാതെ പുതിയതിനൊപ്പം നിലനിർത്തിയതാണ്.  അതുകൊണ്ടുതന്നെ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഇളവുകൾ  പുതിയ സംവിധാനത്തിലുള്ളവർക്കു മാത്രമാക്കി.

രാജ്യത്തെ നികുതിദായകരിൽ 65 ശതമാനത്തിലധികം പേരും പുതിയ നികുതി വ്യവസ്ഥ സ്വീകരിച്ചിട്ടുണ്ടെന്നും  അവർ പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലാണ് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതെന്നും  നിർമ്മല സീതാരാമൻ നേരത്തെ പറഞ്ഞിരുന്നു. നിർദ്ദിഷ്ട ആദായനികുതി ബില്ലും കൂടുതൽ പേരെ പുതിയ വ്യവസ്ഥയിലേയ്ക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

വരുമാന പരിധി മാത്രമല്ല ധനമന്ത്രി പ്രഖ്യാപിച്ച ഇളവുകളിൽ  ആദായനികുതിയിലെ ചില ഇനങ്ങളായ  ക്യാപിറ്റൽ ഗെയിൻ ടാക്സ് അടക്കം  ഉൾപ്പെട്ടിരുന്നില്ല.  പക്ഷേ പുതിയ ബില്ലിൽ ഇത്തരം നികുതികളുടെ സങ്കീർണത ഒഴിവാക്കുകയും അനാവശ്യമായ വകുപ്പുകൾ എടുത്തുകളയുകയും ചെയ്യുമെന്നാണ് സൂചന.  ഇത് വ്യക്തികൾക്കു മാത്രമല്ല, ബിസിനസ് ലോകത്തിനും സഹായകരമാകും.  നികുതി കണക്കാക്കുന്നതിലെ രീതികൾ യുക്തിസഹമാക്കുന്നത് ആശയക്കുഴപ്പങ്ങളും തെറ്റുകളും കുറയ്ക്കും. ഇതിനുള്ള  നിർദ്ദേശങ്ങൾ പുതിയ ബില്ലിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.  അനാവശ്യമായ നിയമ നടപടികൾ ഇല്ലാതാക്കാൻ ഇത് സഹായിക്കും. തർക്കങ്ങളുണ്ടായാൽ തന്നെ അവയുടെ പരിഹാര നടപടികൾ ലളിതമാക്കുകയും ചെയ്യും. 

നാളെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കു വരുന്ന ബിൽ ഈ മാസം പത്തിന് പാർലമെൻറിൽ അവതരിപ്പിക്കപ്പെടും എന്നാണ് അറിയുന്നത്.

ENGLISH SUMMARY:

During last week's budget presentation, Union Minister Nirmala Sitharaman’s announcement was keenly followed by both economic experts and the general public. Following the increase in the income tax exemption limit, she also declared that a new Income Tax Bill would be introduced in Parliament. The Finance Minister stated that the new bill would bring comprehensive reforms to the existing income tax laws.