തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് കുടിശികകള്‍ കൊടുത്തുതീര്‍ക്കുകയെന്നാണ് ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളപരിഷ്കരണ, ഡി.എ കുടിശികകള്‍, ക്ഷേമനിധി പെന്‍ഷന്‍ കുടിശിക. ഇതിനെല്ലാമായി അറുപതിനായിരത്തിലധികം കോടി രൂപ അധികമായി കരുതേണ്ടിവരും. വരുമാന വര്‍ധനവിന് അസാധാരണ നീക്കങ്ങള്‍ നടത്താന്‍ ധനമന്ത്രി നിര്‍ബന്ധിതനാകും.
ബജറ്റില്‍ പുതുതായി എന്തൊക്കെ വേണം, അതിന്‍റെ ഫണ്ട് എങ്ങനെ കണ്ടെത്താം എന്നതിലല്ല, മറിച്ച് ഈ സാമ്പത്തിക വര്‍ഷവും മുമ്പുള്ള വര്‍ഷങ്ങളിലുമെല്ലാമായി കുന്നുകൂടിയിരിക്കുന്ന കുടിശികകള്‍ എങ്ങനെ കൊടുത്തുതീര്‍ക്കാം എന്നതിലാണ് ധനമന്ത്രി തലപുകയ്ക്കുന്നത്.
മുപ്പതിനായിരം കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിവിഹിതം. അതിന്‍റെ ഇരട്ടിവേണം ഈ കുടിശികകളെല്ലാം തീര്‍ക്കാന്‍. 19 ശതമാനമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശിക. തീര്‍ക്കാന്‍ വേണ്ടത് 15000 കോടി. ശമ്പള പരിഷ്കരണ കുടിശിക 6000 കോടി. ലീവ് സറണ്ടര്‍ കുടിശിക 14000 കോടി. പെന്‍ഷന്‍കാരുടെ ഡി.ആര്‍–പെന്‍ഷന്‍ പരിഷ്കരണ കുടിശിക വക 7000 കോടി. എല്ലാം ചേര്‍ത്ത് 42000 കോടി. ഇതെപ്പോള്‍ കൊടുത്തു തീര്‍ക്കാനാകുമെന്നതില്‍ ധനമന്ത്രിക്ക് ഇപ്പോഴും വ്യക്തതയില്ല.
ക്ഷേമ പെന്‍ഷന്‍റെ മൂന്ന് മാസത്തെ കുടിശ്ശിക അടുത്ത സാമ്പത്തിക വര്‍ഷം നല്‍കുമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് 2550 കോടി വേണം. ഇതിന് പുറമെയാണ് ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷന്‍ കുടിശികകള്‍. ചുരുങ്ങിയത് 100 കോടിയെങ്കിലും വേണ്ടിവരും.
ആശ്വാസകിരണം പദ്ധതിക്ക് 19 മാസത്തെ കുടിശികയുണ്ട്. സ്നേഹപൂര്‍വ്വം, സമാശ്വാസം, സ്നേഹസ്പര്‍ശം ആരോഗ്യ–ക്ഷേമ പദ്ധതികള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ തുകകളൊന്നും നല്‍കിയിട്ടില്ല. ഇതൊന്നും കൊടുത്തുതീര്‍ക്കാതെ എങ്ങനെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടും. ഇവയൊക്കെ കൊടുക്കാനുള്ള പണം എങ്ങനെ കണ്ടെത്തും. ഉത്തരം ബജറ്റില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കാം.