രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ത്താന്‍ വന്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 10,000 കോടി രൂപയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വകയിരുത്തിയത്. വനിതകള്‍, എസ്ടി, എസ്ടി വിഭാഗങ്ങള്‍ എന്നിവരിലെ അഞ്ചുലക്ഷം പുതുസംരംഭകര്‍ക്കായി രണ്ടുകോടി രൂപ വരെ വായ്പ അനുവദിക്കും. അടുത്ത അഞ്ചുവര്‍ഷമാണ് പദ്ധതിയുടെ കാലാവധിയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സ്റ്റാന്‍ഡപ് ഇന്ത്യയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാവും പദ്ധതി നടത്തുക. സംരംഭകത്വ പരിശീലനമടക്കം സര്‍ക്കാര്‍ നല്‍കും.

പാദരക്ഷ മേഖലയ്ക്ക് പ്രത്യേക പദ്ധതി, തൊഴിലവസരം

രാജ്യത്തെ ചെരുപ്പ് നിര്‍മാണ മേഖലയുടെ പുനരുദ്ധാരണത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്ന് ധനമന്ത്രി. ഉല്‍പാദനവും ഗുണനിലവാരവും വര്‍ധിപ്പിക്കുന്നതിനും വിപണിയില്‍ പിടിച്ചു നിര്‍ത്തുന്നതിനുമായി ചെരുപ്പ് നിര്‍മാണ– ലെതര്‍ മേഖലയില്‍ പ്രത്യേക നയം കൊണ്ടുവരും. ലെതറല്ലാത്ത തരം ചെരുപ്പുകളുടെ  രൂപകല്‍പ്പന മെച്ചപ്പെടുത്തുന്നതിനും പുതിയ മെഷീനുകള്‍ കൊണ്ടുവരുന്നതിനും ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുമായും പദ്ധതി ആവിഷ്കരിക്കും. 22 ലക്ഷം പേര്‍ക്ക്  ഇതിലൂടെ തൊഴിലവസരങ്ങളും ഇതിന്‍റെ ഗുണവും ലഭിക്കുമെന്നും ധനമന്ത്രി അവകാശപ്പെട്ടു. 

ENGLISH SUMMARY:

The Indian government has allocated ₹10,000 crore to promote startups, offering loans of up to ₹2 crore for women, SC, and ST entrepreneurs over the next five years