stock-market-zudio

ഫാഷന്‍ വിപണിയില്‍ പ്രതിരോധങ്ങള്‍ മറികടന്ന മുന്നേറ്റമാണ്  സമീപകാലത്ത് സുഡിയോ ഉണ്ടാക്കിയത്. സുഡിയോ വളരുന്തോറും ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കിയത് ട്രെന്‍ഡ് ലിമിറ്റഡ് ഓഹരിയാണ്. ടാറ്റ ഗ്രൂപ്പിന്‍റെ റീട്ടെയില്‍ വിഭാഗത്തെ നയിക്കുന്ന ട്രെന്‍ഡ് ലിമിറ്റഡ് കീഴിലാണ് സുഡിയോ. 2024 ല്‍ മാത്രം 115 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരിയാണ് ട്രെന്‍ഡ്. ഒരു വര്‍ഷം മുന്‍പ് 2,438 രൂപയിലുണ്ടായിരുന്ന ഓഹരി 8,345 രൂപ വരെയെത്തി. 

ഒരു മാസത്തോളമായി വിപണിയില്‍ തുടരുന്ന കറക്ഷന്‍ ട്രെന്‍ഡ് ലിമിറ്റഡിനെയും ബാധിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ 21 ശതമാനം ഇടിഞ്ഞ് 6,463 രൂപയിലാണ് ഓഹരിയുടെ ക്ലോസിങ്. നവംബര്‍ ഏഴിന് രണ്ടാം പാദഫലം പുറത്തു വന്നതും ഓഹരി വിലയില്‍ ഇടിവുണ്ടാക്കി. എന്നാല്‍ സുഡിയോയുടെ കുടപിടിച്ച് ട്രെന്‍ഡ് ഓഹരികളില്‍ മുന്നേറ്റ സാധ്യതയുണ്ടെന്ന് പറയുകയാണ് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്സ്. 

സുഡിയോ മുന്നേറും

ഗോള്‍ഡ്മാന്‍ സാച്ചിന്‍റെ റിപ്പോര്‍ട്ട് പ്രകാരം വരും വര്‍ഷങ്ങളില്‍ സുഡിയോയ്ക്ക് വരും വര്‍ഷങ്ങളില്‍ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ്. ഫാഷന്‍ രംഗത്തെ ആഗോള കമ്പനികളെ അപേക്ഷിച്ച് സുഡിയോയുടെ വിപണി വിഹിതം ഇപ്പോഴും കുറവാണ്. നിലവിലെ മാന്ദ്യം വരും വര്‍ഷങ്ങളില്‍ മറികടക്കാന്‍ സാധിക്കുമെന്നും ഗോള്‍ഡ്മാന്‍ സാച്ചസ് വിലയിരുത്തുന്നു. 10 വര്‍ഷത്തിനുള്ളില്‍ 28 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ സുഡിയോയുടെ വില്‍പ്പന 1 ലക്ഷം കോടി കടക്കുമെന്നാണ് വിലയിരുത്തല്‍. 

Also Read: വിലകുറച്ച് വില്‍ക്കുക, വിപണി പിടിച്ചടക്കുക; ‘സുഡിയോ’യുടെ സിംപിള്‍ തന്ത്രം

സുഡിയോയുടെ ബിസിനസ് മോഡല്‍ പകര്‍ത്തുക എളുപ്പമല്ല. അതിനാല്‍ 10 വര്‍ഷത്തിനിടെ വിപണി വിഹിതം അഞ്ച് ശതമാനമായി ഉയരും. ഡിമാൻഡ് മെച്ചപ്പെടുകയും 2026, 2027 സാമ്പത്തിക വർഷങ്ങളിൽ 175 - 200 സ്റ്റോറുകള്‍ അധികമായി കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 

ലാഭം കൊണ്ടുവരുന്ന സുഡിയോ

2023-24 ലെ സാമ്പത്തിക വര്‍ഷത്തില്‍ ട്രെന്‍റ് ലിമിറ്റഡിന്‍റെ വിൽപ്പന 50 ശതമാനം വർധനവോടെ 12,375 കോടി രൂപയായിരുന്നു. ലാഭം നാലിരട്ടി വർധിച്ച് 1,477 കോടി രൂപയായും ഉയർന്നു. അതിൽ ഭൂരിഭാഗവും സുഡിയോയുടെ സംഭാവനയായിരുന്നു. 7,000 കോടി രൂപയുടെ വരുമാനമണ് സുഡിയോ നേടിയത്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും ട്രെന്‍ഡ് ലിമിറ്റഡ് വര്‍ധന രേഖപ്പെടുത്തി. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 39 ശതമാനം ഉയര്‍ന്ന് 4035.56 കോടി രൂപയും ലാഭം 46.18 ശതമാനം ഉയര്‍ന്ന് 423.44 കോടി രൂപയുമാണ്. ദുബായിലെ ഒരു സുഡിയോ സ്റ്റോര്‍ അടക്കം 34 സുഡിയോ സ്റ്റോറുകളാണ് സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി ആരംഭിച്ചത്. 

Also Read: ബ്ലൂ കോളർ ജോലിയിൽ നിന്ന് ചെയർമാനിലേക്ക്; പുതിയ ടാറ്റയുടെ മുഖം; രത്തൻ ടാറ്റ മടങ്ങുമ്പോൾ

ഓഹരി പ്രകടനം

ഗോള്‍ഡ്മാന്‍ സാച്ചിന്‍റെ ബൈ റേറ്റിങ് ലഭിച്ചതോടെ ട്രെന്‍ഡ് ഓഹരി തിങ്കളാഴ്ച 2.60 ശതമാനം നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. 6,463 രൂപയാണ് ഇന്നത്തെ ക്ലോസിങ് വില. ഒരു വര്‍ഷത്തിനിടെ 152 ശതമാനമാണ് ഓഹരി കുതിച്ചത്. അഞ്ചു വര്‍ഷത്തിനിടെ 1,193 ശതമാനമായിരുന്നു കുതിപ്പ്. 500 രൂപയില്‍ നിന്നാണ് ഓഹരി 8345 രൂപയിലേക്ക് എത്തിയത്. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

Zudio continues to grow, Trend Limited stock has been achieving substantial gains in the share market. Zudio operates under Trend Limited, which is part of the retail segment of the Tata Group. In 2024 alone, Trend's stock has provided a return of 115%. The stock, which was priced at ₹2,438 a year ago, has now surged to ₹8,345.