മൂന്നാം മോദിസര്‍ക്കാര്‍ ആദ്യത്തെ ബജറ്റവതരണത്തിനൊരുങ്ങുകയാണ്. കഴിഞ്ഞ രണ്ട് ടേമുകളിലെപ്പോലെയല്ല കാര്യങ്ങള്‍. സഖ്യകക്ഷികളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തിവേണം നയങ്ങളും തീരുമാനങ്ങളും എടുക്കാന്‍. ചരിത്രപരമായ നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവുമെന്നാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിലെ സൂചന. തൊഴിലില്ലായ്മ കുറയ്ക്കാനുള്ള പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കിയേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ജനപ്രിയപ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. പ്രത്യേകിച്ച് മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍.
ധനമന്ത്രി നിര്‍മല സീതാരാമന്‍റെ സാന്നിധ്യത്തില്‍ ഹല്‍വ തയാറാക്കി മധുരം പങ്കിടുന്ന ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. നിര്‍മലയുടെ ബജറ്റ് മധുരിക്കുമോ, അതോ ജീവിതം കൂടുതല്‍ കയ്പേറിയതാക്കുമോയെന്ന് 23ന് രാവിലെയറിയാം. തുടര്‍ച്ചയായി ഏഴാം തവണയാണ് നിര്‍മല സീതാരാമന്‍ ബജറ്റവതരിപ്പിക്കുന്നത്. ഇതോടെ ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചത് മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡ് ഇത്തവണ നിര്‍മല മറികടക്കും.
ബജറ്റില്‍ എന്തുപ്രതീക്ഷിക്കാം
അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍ എന്നിവയ്ക്കാകും മുന്‍ഗണന. നികുതി ഇളവുണ്ടാകുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. നികുതി നല്‍കേണ്ട വരുമാനപരിധി ഉയര്‍ത്തുകയോ നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപ പരിധി ഉയര്‍ത്തുകയോ വേണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനുള്ള പരിധി നിലവിലെ അന്‍പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷമായി ഉയര്‍ത്താനും സാധ്യതയുണ്ട്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ഐടി ആക്ട് പ്രകാരമുള്ള 80ഡി പ്രകാരമുള്ള ഇളവ് കൂട്ടാനും സാധ്യതയുണ്ട്. പ്രൊവിഡന്‍റ് ഫണ്ട് പരിധി ഇരുപത്തയ്യായിരമായി ഉയര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നു.
റിസര്‍വ് ബാങ്ക് നല്‍കിയ വന്‍തുകയുടെ ഡിവിഡന്‍റ് വിഭവസമാഹരണത്തില്‍ സര്‍ക്കാരിന് മുതല്‍ക്കൂട്ടാകും. മൂലധനച്ചെലവ് കൂട്ടാനും ധനക്കമ്മി 5 ശതമാനത്തില്‍ നിയന്ത്രിച്ചുനിര്‍ത്താനും ഈ തുക ഉപയോഗിക്കാം. ഗ്രാമീണ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ഉള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവും. ഇതിന്‍റെ ഭാഗമായി എം.എസ്.എം.ഇകള്‍ക്ക് കൂടുതല്‍ പിന്തുണ പ്രതീക്ഷിക്കുന്നു. രാസവള സബ്സിഡി ഉള്‍പ്പെടെ കാര്‍ഷിക മേഖലയ്ക്കും ആനുകൂല്യങ്ങളുണ്ടാകും. ഇടക്കാല ബജറ്റില്‍ 1.64 ലക്ഷം കോടി ആയിരുന്നു രാസവള സബ്സിഡി. ചിപ്പ് നിര്‍മാണം ഉള്‍പ്പെടെ സാങ്കേതിക മേഖലയ്ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കാര്യമായ പരിഗണന ലഭിച്ചേക്കും. ആഭ്യന്തര ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കാന്‍ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. പുകയില ഉല്‍പന്നങ്ങള്‍ക്കും മദ്യത്തിനും വീണ്ടും നികുതി വര്‍ധിച്ചേക്കും. എന്നാല്‍ ആഭ്യന്തര ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കാന്‍ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.
യുവാക്കളെയും കര്‍ഷകരെയും ലക്ഷ്യംവച്ചുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. ജനങ്ങളുടെ കൈകളിൽ കൂടുതൽ പണം എത്തിക്കാനും ഉപഭോഗം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് ചില നികുതിയിളവുകള്‍ പരിഗണനയിലുണ്ട്. 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഹൃസ്വകാല, ദീര്‍ഘകാല പദ്ധതികളുടെ പ്രഖ്യാപനമുണ്ടായേക്കും. കര്‍ഷക രോഷം നന്നായി അറിഞ്ഞ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കര്‍ഷകരെ ചേര്‍ത്തുപിടിക്കാനാവും ഇത്തവണത്തെ ശ്രമം. വിവിധ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചേക്കും. ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതുപോലുള്ള ചരിത്ര തീരുമാനങ്ങള്‍ക്ക് ധനമന്ത്രി മുതിരുമോയെന്നും കണ്ടറിയണം.
ഗ്രാമവികസനം
ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ പ്രതിമാസ ഫണ്ടിന് കൂടുതല്‍ പണം വകയിരുത്തുക, വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കുക, വളം ലഭ്യത ഉറപ്പാക്കുക, ഭവന നിര്‍മ്മാണത്തിനും കുടിവെള്ളത്തിനുമുള്ള പദ്ധതികള്‍ പരിഷ്‌ക്കരിക്കുക, ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ക്ക് സൗജന്യ ഭക്ഷണം തുടങ്ങി ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള പല ആവശ്യങ്ങളും ഘടകകക്ഷികള്‍ അടക്കം മുന്നോട്ടുവച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ വികസനം, ഗ്രാമങ്ങളിലെ തൊഴിൽ ലഭ്യത തുടങ്ങിയവ ഉറപ്പാക്കാനും നടപടി പ്രതീക്ഷിക്കുന്നു. പൊതുജനാരോഗ്യ ഇൻഷുറൻസ് പ്രോഗ്രാം, സ്ത്രീകളുടെ സാമ്പത്തിക ഉന്നമനം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചേക്കാം.
നികുതി സ്ലാബ് പുനഃക്രമീകരണം
2020ല്‍ അവതരിപ്പിച്ച ബജറ്റിലാണ് പുതിയ നികുതി ഘടന അവതരിപ്പിച്ചത്. അതിൽ ഇളവുകളും ഡിഡക്ഷനുകളും തീര്‍ത്തും പരിമിതമായിരുന്നു. പിന്നീട് പല മാറ്റങ്ങളും അതില്‍ ഉള്‍പ്പെടുത്തി. ഈ ബജറ്റിലും പുതിയ നികുതി ഘടന പരിഷ്കരിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴും പഴയ നികുതി ഘടന തിരഞ്ഞെടുക്കുന്നവരെ ആകർഷിക്കുന്ന തരം പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. ടാക്സ് സ്ലാബുകൾ പുനഃക്രമീകരിച്ചോ, വിശാലമാക്കിയോ നികുതി ഘടന കൂടുതൽ ലളിതമാക്കിയേക്കും. 15 ലക്ഷം രൂപയിലധികമുള്ള വരുമാനത്തിന് ഇപ്പോള്‍ 30 ശതമാനമാണ് നികുതി. ഈ പരിധി 20 ലക്ഷത്തിലേക്ക് ഉയർത്താന്‍ സാധ്യതയുണ്ട്. ബാങ്കിലെ പലിശ വരുമാനത്തിന്‍റെ നികുതി പരിധിയും ഉയർത്തിയേക്കാം. 5 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ളവരുടെ നികുതി നിരക്കുകൾ കുറയ്ക്കാനും സാധ്യതയുണ്ട്.
സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി വർധന
ശമ്പളവരുമാനക്കാർക്ക് ഗുണകരമായ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. നികുതി ഘടന ലളിതമാക്കുന്നതിനൊപ്പം സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയാക്കി ഉയർത്തുമെന്നും പ്രതീക്ഷുന്നു. വിദേശത്തെ ബാങ്കുകളിലേക്ക് ടാക്സ് റീഫണ്ട് നേരിട്ട് ലഭ്യമാക്കുന്ന നടപടികൾ പ്രഖ്യാപിച്ചേക്കാം. നോൺ റസിഡന്‍റ് സ്റ്റാറ്റസ് ഉള്ളവർക്ക് ഇന്ത്യയിൽ ബാങ്ക് അക്കൗണ്ടില്ലെങ്കിൽ ഈ സൗകര്യം പ്രയോജനപ്പെടും.
ബജറ്റും ഓഹരിവിപണിയും
ഓഹരിവിപണിയില്‍ പ്രതിവര്‍ഷം 20 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ധനകമ്മി ജി.ഡി.പിയുടെ 5.1 ശതമാനമാക്കി നിര്‍ത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. 2026ല്‍ ഇത് 4.5 ശതമാനമായി കുറയ്ക്കാനും ലക്ഷ്യമിടുന്നു. അതിന് സാമ്പത്തിക അച്ചടക്കം ആവശ്യമാണ്. അതിനുള്ള ഇടപെടലുകള്‍ ഓഹരി വിപണിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ ഓഹരിവിപണിക്ക് 2024 സുവര്‍ണവര്‍ഷമാണെന്ന് പറയാം. റെക്കോര്‍ഡ് കുതിപ്പാണ് രണ്ട് പ്രധാന ഓഹരി സൂചികകളിലും ഏതാനും മാസങ്ങളായി കാണുന്നത്. കഴിഞ്ഞ 10 ബജറ്റുകള്‍ പരിശോധിച്ചാല്‍ ആറുതവണ ബജറ്റിന്‍റെ തലേന്ന് വരെ ഓഹരിവിപണിയില്‍ മുന്നേറ്റമാണ് കണ്ടിട്ടുള്ളത്. രണ്ടുതവണ മാത്രമേ വിപണി ഇടിഞ്ഞിട്ടുള്ളു (2017, 2021). രണ്ടുവട്ടം (2018, 2020) ഒരുമാറ്റവും ഉണ്ടായില്ല. സാമ്പത്തിക അച്ചടക്കം, ഉപഭോഗം വര്‍ധിപ്പിക്കല്‍, മൂലധനച്ചെലവ് വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കായി നല്ല പ്രഖ്യാപനങ്ങളുണ്ടായാല്‍ വരുംദിവസങ്ങളിലും വിപണിയില്‍ മുന്നേറ്റം തുടരും.
ഗ്രാമീണ ജനതയുടെ വരുമാനവും വേതനവും ഉപഭോഗവും വര്‍ധിപ്പിക്കാനുള്ള നടപടികളും വിപണി ഉറ്റുനോക്കുന്ന ഘടകമാണ്. ഇത്തരം നടപടികള്‍ റീട്ടെയില്‍ മേഖലയ്ക്ക് ഉണര്‍വേകും.
കേരളത്തിനെന്ത് കിട്ടും?
24,000 കോടിയുടെ പ്രത്യേക പാക്കേജാണ് കേരളത്തിന്‍റെ ആവശ്യം. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്യം നിയന്ത്രിക്കുന്ന നടപടികളില്‍ നിന്ന് കേന്ദ്രം കുറച്ചെങ്കിലും പിന്നോട്ടുപോയാല്‍ നേട്ടമാകുമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞം തുറമുഖവികസത്തിന് 5000 കോടി, കോഴിക്കോടും വയനാടും തമ്മില്‍ ബന്ധിപ്പിക്കുന്ന ടണല്‍ റോഡിന് 5000 കോടി, കടമെടുപ്പ് പരിധി 3 ശതമാനത്തില്‍ നിന്നും 3.5 ശതമാനമാക്കല്‍ തുടങ്ങിയവയും കേരളത്തിന്‍റെ ആവശ്യങ്ങളിലുണ്ട്.
എയിംസ്, കണ്ണൂരില്‍ രാജ്യാന്തര ആയൂര്‍വേദ ഗവേഷണകേന്ദ്രം എന്നീ ആവശ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. റബ്ബറിന്‍റെ താങ്ങുവില 250 രൂപ ആയി ഉയര്‍ത്തുക, സെമി ഹൈസ്പീഡ് റയിലിന് അംഗീകാരം എന്നിവയും ലക്ഷ്യമിടുന്നു. വനം-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള കേന്ദ്ര സഹായവും പ്രതീക്ഷയുടെ പട്ടികയിലുണ്ട്.