എക്സിറ്റ് പോള്‍ തരംഗത്തില്‍ വന്‍ മുന്നേറ്റം നടത്തി ഓഹരിവിപണി. സെന്‍സെക്സ് 2,600ഉം നിഫ്റ്റി 800ഉം പോയിന്‍റ് ഉയര്‍ന്നതോടെ വ്യാപാരത്തിനിടെ ഇരു സൂചികകളും റെക്കോര്‍ഡ് മറികടന്നു. നാളെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നേട്ടം ഇരട്ടിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍.
എക്സിറ്റ് പോളില്‍ കണ്ണുനട്ടിരുന്ന നിക്ഷേപകര്‍ക്ക് ബംപറടിച്ചു. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ തന്നെ സൂചികകള്‍ അടിച്ചുകയറി. സെന്‍സെക്സ് 2,622 പോയിന്‍റ് കൂടി 76,583ലേക്ക് കുതിച്ചു. നിഫ്റ്റിയാകട്ടെ 807 പോയിന്‍റ് നേട്ടത്തോടെ 23,338ലേക്ക്. വ്യാപാരത്തിനിടെ ഇരു സൂചികകളും പുതിയ ഉയരത്തിലെത്തി. എതാണ്ട് എല്ലാ സെക്ടറല്‍ സൂചികകളും മികച്ച നേട്ടത്തിലാണ്. ബാങ്ക് നിഫ്റ്റി, ഓട്ടോ, ധനകാര്യസേവനം, പവര്‍, റിയാല്‍റ്റി മേഖലകളില്‍ വലിയ കുതിപ്പ്. എന്‍ഡിഎയ്ക്ക് അനുകൂലമായി പുറത്തുവന്ന ഫലസൂചനകളാണ് വിപണിയെ ഏറെ സ്വാധീനിച്ചത്. ഒപ്പം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാംപാദ വളര്‍ച്ചാനിരക്ക് 7.8 ശതമാനത്തില്‍ എത്തിയതും അനുകൂലമായി. നാളെത്തെ ഫലത്തെ ഉറ്റുനോക്കുകയാണ് വിപണി. ജൂണ്‍ നാലിന് വിപണിയില്‍ ശക്തമായ മുന്നേറ്റം പ്രവചിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളും നേരത്തെ ചര്‍ച്ചയായിരുന്നു. സര്‍ക്കാരിന്‍റെ മാത്രമല്ല വിപണിയുടെ വിശ്വാസം കൂടി നാളത്തെ തല്‍സമയ ഫലങ്ങളില്‍ പരീക്ഷിക്കപ്പെടും.