gold-price
  • കേരളത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ്; ഉച്ചയ്ക്ക് ശേഷം പവന് 1,360 രൂപ കൂടി 94,160 രൂപയിലെത്തി. ഇന്നത്തെ ആകെ വർധന 2,640 രൂപ.

ഉച്ചയ്ക്ക് ശേഷം കേരളത്തിൽ സ്വർണവില വീണ്ടും കൂടി. പവന് 1360 രൂപ കൂടി 94,160 രൂപയിലെത്തി. ഗ്രാമിന് 170 രൂപ വർധിച്ച് 11,770 രൂപയായി. രാവിലെയും സ്വർണവില വർധിച്ചിരുന്നു. പവന് 92,800 രൂപയും ഗ്രാമിന് 11,600 രൂപയുമായിരുന്നു രാവിലത്തെ വില. ഉച്ചയ്ക്ക് ശേഷം വീണ്ടും വില കൂടിയതോടെ ഇന്ന് ആകെ പവന് കൂടിയത് 2640 രൂപയാണ്. രാജ്യാന്തര വില കൂടിയതും ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതുമാണ് കേരളത്തിൽ വില കൂടാൻ കാരണം.

ട്രോയ് ഔൺസിന് 3500 ഡോളറിലായിരുന്ന രാജ്യാന്തര വില രാവിലെ 3620 ഡോളറിലായിരുന്നു. ഇപ്പോൾ 3,669 ഡോളറിലാണ് വ്യാപാരം. 3686 ഡോളർ വരെ വില ഉയർന്നിരുന്നു. വില കുത്തനെ താഴ്ന്നതോടെ കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാൻ തുടങ്ങിയതും ടെക് ഓഹരികളിലെ തിരിച്ചുകയറ്റവുമെല്ലാം സ്വർണവിലയിലെ മുന്നേറ്റത്തിനു കാരണമായി. യുഎസ് ഡോളറിന്റെ മൂല്യത്തകർച്ചയാണ് സ്വർണവിലയ്ക്ക് മുന്നേറ്റം നൽകുന്നത്.

യുഎസ് ഡോളർ ഇടിഞ്ഞതോടെ രൂപയ്ക്ക് നേട്ടമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും രൂപ ഇടിവ് രേഖപ്പെടുത്തി. ഇത് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ വിലവർധനയ്ക്ക് കാരണമായി. ടെക് ഓഹരികളിൽ മുന്നേറ്റമുണ്ടായതോടെ സ്വർണം വിറ്റ് പണം സമാഹരിക്കുന്നത് നിലച്ചതും വിപണിയിൽ വില ഉയർത്തി. യുഎസ് വിപണിയിൽ താങ്ക്സ്ഗിവിങ് അവധിയായതിനാൽ വ്യാപാരം കുറഞ്ഞതും വില കൂട്ടി.

അതേസമയം, യുഎസ് ഫെഡ് പലിശ നിരക്ക് കൂട്ടുമെന്ന് ഉറപ്പായതോടെ സ്വർണവിലയിലെ മുന്നേറ്റം അധിക ദിവസം നീണ്ടുനിൽക്കില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. ഡിസംബർ ഒൻപതിന് യുഎസിലെ ഫെഡറൽ റിസർവിന്റെ പണനയയോഗ തീരുമാനം പുറത്തുവരും. പലിശ നിരക്ക് കൂട്ടുമെന്ന് ഏകദേശം ഉറപ്പാണ്. ഇതിനൊപ്പം ഭാവിയിലെ ഫെഡ് നയം എങ്ങനെ എന്ന സൂചന സ്വർണത്തിന്റെ തുടർസഞ്ചാരത്തെ നിർണയിക്കും. ഇതിനൊപ്പം ഡോളറിനെതിരെ രൂപ എങ്ങനെ നീങ്ങുന്നു എന്നതും വിലയെ സ്വാധീനിക്കും.

ENGLISH SUMMARY:

Gold prices in Kerala surged by a total of Rs 2,640 per pavan today after a fresh afternoon hike of Rs 1,360 brought the rate to Rs 94,160 per pavan and Rs 11,770 per gram, up from a morning rate of Rs 92,800 per pavan. International gold prices climbed to around $3,669 per troy ounce (reaching as high as $3,686) amid bargain buying following earlier dips, a weaker US dollar, a rebound in tech stocks reducing gold sell-offs, and lower trading volumes due to the US Thanksgiving holiday, while a weaker rupee against the dollar also pushed domestic prices higher.