• യു.എസ് ഫെഡ് യോഗത്തിന് മുന്നേ സ്വര്‍ണ വില കുറഞ്ഞു. കേരളത്തിൽ പവന് 1,13,000 രൂപയായി.

യു.എസ്. ഫെഡറല്‍ റിസര്‍വ് പണനയ യോഗത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ഇടിവിലേക്ക് പോയി സ്വര്‍ണ വില. പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലായിരുന്നു കഴിഞ്ഞാഴ്ച പുറത്തുവന്ന യു.എസ് പണപ്പെരുപ്പ നിരക്കുകള്‍. ഇതോടെ സെപ്റ്റംബര്‍ യോഗത്തില്‍ ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിക്കും എന്നാണ് വിലയിരുത്തല്‍. അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് ഡോളറിനും ബോണ്ട് യീല്‍ഡിനും നേട്ടമാകും. ഡോളര്‍ ഉയരുന്നതോടെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കുറയും. നിക്ഷേപങ്ങള്‍ ബോണ്ടിലേക്ക് തിരിയുന്നതും സ്വര്‍ണത്തിനു തിരിച്ചടിയാണ്. നിലവില്‍ 4321 ഡോളറിലാണ് രാജ്യാന്തര വില. കേരളത്തിലും ഇന്ന് വില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 14,125 രൂപയും പവന് 240 രൂപ താഴ്ന്ന് 1,13,000 രൂപയുമാണ് വില.

ഓഗസ്റ്റിലെ യു.എസ് ഉപഭോക്തൃ വിലക്കയറ്റം പ്രതീക്ഷിച്ചതിലും അധികമാണെന്നാണ് വെള്ളിയാഴ്ച പുറത്തുവിട്ട ഡാറ്റയിലുള്ളത്. ഇതോടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ആദ്യത്തെ പലിശനിരക്ക് വർധനവിലേക്ക് ഫെഡറൽ റിസർവ് നീങ്ങാം എന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ യോഗത്തിൽ ഫെഡ് പലിശനിരക്ക് ഉയർത്തുമെന്നും ഈ വര്‍ഷം രണ്ട് തവണ പലിശനിരക്ക് വർധനവ് ഉണ്ടാകുമെന്നുമാണ് വിപണി പ്രതീക്ഷിക്കുന്നത്. നാളെ ആരംഭിക്കുന്ന ഫെഡ് യോഗ തീരുമാനം മറ്റന്നാള്‍ പുറത്തുവരും. ഈ സഹചര്യത്തില്‍ ബോണ്ട് യീല്‍ഡ് ഉയരുകയാണ്. നിലവില്‍ 10 വര്‍ഷ ബോണ്ട് യീല്‍ഡ് 4.99 ശതമാനത്തിലാണ്. 2023 നവംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്നനിലയാണിത്. 

പലിശനിരക്ക് കൂട്ടിയാൽ ഡോളറും ബോണ്ട് യീൽഡും കൂടുതൽ ശക്തിപ്രാപിക്കും. ഇത് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കുകയും വില കൂപ്പുകുത്തുകയും ചെയ്യും. അതേസമയം, ഡോളറില്‍ സ്വര്‍ണം വാങ്ങുന്ന രാജ്യങ്ങളില്‍ ഇറക്കുമതി ചെലവ് വര്‍ധിക്കുകയും ഡിമാന്‍ഡ് കുറയുകയും ചെയ്യും. 

അതേസമയം, പലിശ നിരക്ക് സംബന്ധിച്ച് യു.എസ് പ്രസിഡന്‍റ് ഡൊണള്‍‍ഡ് ട്രംപിന്‍റെ പ്രസ്താവന പുറത്തുവന്നു. ഫെഡ് പലിശനിരക്ക് ഉയർത്തുമോ ഇല്ലയോ എന്ന് തനിക്ക് അറിയില്ലെന്നും യു.എസ് ലോകത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ പലിശ നിരക്ക് കുറയ്ക്കാത്തതിന് മുൻ ഫെഡ് മേധാവി ജെറോം പവലിനെ ട്രമ്പ് നിരന്തരം വിമർശിച്ചിരുന്നു. കേന്ദ്ര ബാങ്കിന്റെ തലപ്പത്ത് കെവിൻ വാർഷ് ചുമതലയേറ്റ ശേഷം അത്രയധികം സമ്മർദം ട്രംപിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എങ്കിലും ഈയിടെയായി പലിശ നിരക്കു വര്‍ധനയ്ക്കെതിരെ ട്രംപ് സംസാരിക്കുന്നുണ്ട്. പലിശ നിരക്കുയര്‍ത്തിയാല്‍ ഫെഡിന് ട്രംപിന്‍റെ ഭീഷണികള്‍ നേരിടേണ്ടി വന്നേക്കാം എന്നാണ് വിലയിരുത്തല്‍.  

പലിശയ്ക്കൊപ്പം സ്വര്‍ണ വില കുറയ്ക്കുന്നത് എണ്ണ വിലയാണ്. മധ്യേഷ്യന്‍ സംഘര്‍ഷം പടരുന്നതിനിടെ എണ്ണ വിതരണത്തിലെ പ്രതിസന്ധി കാരണം അസംസ്കൃത എണ്ണ വില 107 ഡോളര്‍ കടന്നു. ഒരാഴ്ചയ്ക്കിടെ ഒന്‍പതു ശതമാനമാണ് വര്‍ധനവ്. ഇത് പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്നതിനാല്‍ സ്വര്‍ണ വില താഴേക്കാണ്. 

ഇനി വില എങ്ങോട്ട് 

നിലവില്‍ രാജ്യാന്ത സ്വര്‍ണ വില 4,321 ഡോളറിലാണ്. 4,166 ഡോളറിലാണ് സ്വര്‍ണ വിലയുടെ അടുത്ത പിന്തുണ. ഇടിവ് തുടരുകയാണെങ്കില്‍ ഈ നിലവാരം വരെ സ്വര്‍ണ വില എത്താമെന്നാണ് വിശകലന വിദഗ്ധര്‍ നല്‍കുന്ന സൂചന. 4,393.82 ഡോളര്‍ കടന്ന് മുകളിലേക്ക് സ്ഥിരതയോടെ ഉയരാനായാൽ മാത്രമേ വില വീണ്ടും ഉയർന്ന ലക്ഷ്യങ്ങളിലേക്ക് എത്താൻ സാധിക്കൂ.

ENGLISH SUMMARY:

Gold prices declined ahead of the crucial U.S. Federal Reserve policy meeting following higher-than-expected inflation data that raised expectations of a rate hike. Strengthening the U.S. dollar and soaring bond yields have reduced the overall demand for gold in international markets. In Kerala, gold rates dropped today by 240 rupees, bringing the price of a sovereign down to 1,13,000 rupees. Market analysts suggest that prices could drop further towards the 4,166 dollar support level if the downward trend continues.