AI ഉപയോഗിച്ച് നിര്‍മിച്ച ചിത്രം.
ലക്ഷത്തിന് താഴേക്കെന്ന സൂചനകള്‍ക്കിടെ സ്വര്‍ണ വിലയില്‍ തിരിച്ചു കയറ്റം. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇന്ന് വീണ്ടും സ്വര്‍ണ വില ഉയര്‍ന്നു. പവന് 200 രൂപ വര്‍ധിച്ച് 1,03,840 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 12980 രൂപയിലെത്തി. ഇന്നലെ രാവിലെ 1,02,760 രൂപയിലെത്തി മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തിയിരുന്നു. പെട്ടന്നാണ് ഉച്ചയ്ക്ക് വില കൂടിയത്.
2025 നവംബറിന് ശേഷം ആദ്യമായി സ്വര്‍ണ വില 4000 ഡോളറിന് താഴേക്ക് പോയ ദിവസമായിരുന്നു ഇന്നലെ. ഇതാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. പിന്നീട് സ്വര്‍ണ വില 4000 ഡോളറിലേക്ക് തിരികെ കയറിയതോടെയാണ് കേരളത്തിലും വില കൂടിയത്. നിലവില്‍ 4009 ഡോളറിലാണ് സ്വര്‍ണ വില. 4037 ഡോളര്‍ വരെ തിരികെ കയറിയ ശേഷമാണ് ഇറക്കം. ഈ ചാഞ്ചാട്ടമാണ് കേരളത്തില്‍ വില ഉയര്‍ത്തിയത്.
പണപ്പെരുപ്പം അളക്കുന്ന ഫെഡിന്‍റെ പ്രധാന ടൂളായ വ്യക്തിഗത ഉപഭോഗ ചെലവ് വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ താഴെയായി ഇതോടെ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയില്‍ ചെറിയ ഇടിവ് വന്നിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ മറ്റൊരു നിരക്ക് വർധന ഉണ്ടാകുമെന്ന പ്രതീക്ഷ കുറഞ്ഞു. ഇതാണ് നേരിയ മുന്നേറ്റം സ്വര്‍ണ വിലയിലുണ്ടാക്കിയത്. എന്നാല്‍ 2025 മേയ് മാസത്തിനു ശേഷം ഏറ്റവും ശക്തമായ നിലയിലാണ് ഡോളര്‍. ഇത് സ്വര്‍ണത്തിന്‍റെ മുന്നേറ്റത്തെ തടസപ്പെടുത്തും എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.