AI Generated Image
തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിന് പിന്നാലെ മാസത്തിലെ താഴ്ന്ന നിലയിലെത്തി കേരളത്തിലെ സ്വര്‍ണ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,230 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 1,05,840 രൂപയിലുമാണ് ഇന്നത്തെ സ്വര്‍ണ വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞു. 10,875 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ വില താഴേക്ക് പോകുന്നതാണ് കേരളത്തിലും വില കുറയാന്‍ കാരണം. ആഭരണ പ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് വില ഇനിയും താഴേക്ക് എത്തുമെന്ന സൂചനയുമായി രാജ്യാന്തര ധനകാര്യ സ്ഥാപനമായ ഡോയ്‌ചെ ബാങ്കിന്‍റെ പ്രവചനവും എത്തി.
രാജ്യാന്തര വിലയില്‍ ഇടിവു വന്നതാണ് കേരളത്തില്‍ ആശ്വാസമായത്. യു.എസ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയില്‍ ഡോളര്‍ നിരക്ക് ഉയരുന്നതാണ് രാജ്യാന്തര വിലയിലെ സമ്മര്‍ദത്തിന് കാരണം. രാവിലെ 4,087 ഡോളറിലായിരുന്ന സ്പോട്ട് ഗോള്‍ഡ് നിലവില്‍ 4,057.80 ഡോളറിലേക്ക് താഴ്ന്നു. ഡോളര്‍ നിരക്ക് ഉയരുമ്പോള്‍ നിക്ഷേപം സ്വര്‍ണത്തില്‍ നിന്ന് മാറുന്നതും മറ്റു രാജ്യക്കാര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് ചെലവേറിയതാകുന്നതും ഡിമാന്‍റ് കുറയ്ക്കുന്നു.
ഡോളര്‍ സൂചിക 101.52 ഡോളറിലേക്ക് കുതിച്ച് ഈ വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലായി. ഫെഡറല്‍ റിസര്‍വ് യോഗത്തിന് ശേഷം ജൂണ്‍ 17 മുതല്‍ 100 നിലവാരത്തിന് മുകളിലാണ് ഡോളര്‍ സൂചിക. ഇതോടെ സ്വര്‍ണം വാങ്ങുന്നത് മറ്റു രാജ്യക്കാര്‍ക്ക് ചെലവേറിയതായി മാറി. ഈ വര്‍ഷം മൂന്നു തവണ പലിശ നിരക്ക് ഉയര്‍ത്തിയേക്കാം എന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച പുറത്തുവരുന്ന വ്യക്തിഗത ഉപഭോഗ ചെലവ് ഡാറ്റയിലാണ് വിപണി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പലിശ നിരക്കിന്‍റെ കാര്യത്തില്‍ ഫെഡറല്‍ റിസര്‍വ് എന്ത് തീരുമാനമെടുക്കും എന്നതിനെ സ്വാധീനിക്കുന്ന ഡാറ്റയാണിത്.
അതേസമയം, ആഭരണപ്രേമികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഡോയ്ചെ ബാങ്കിന്‍റെ പുതിയ പ്രവചനം. ജൂലൈ– സെപ്റ്റംബര്‍ പാദത്തില്‍ സ്വര്‍ണ വില ശരാശരി 4,300 ഡോളറിലായിരിക്കും എന്നാണ് ബാങ്കിന്‍റെ നിരീക്ഷണം. നേരത്തെ കണക്കാക്കിയ വിലയില്‍ നിന്നും 22 ശതമാനം കുറവ് വരുത്തിയാണ് പുതിയ പ്രവചനം. ഡിസംബറോടെ 4,800 ഡോളറിലേക്ക് എത്താം എന്നും ഡോയ്ചെ ബാങ്കിലെ റിസർച്ച് അനലിസ്റ്റ് മൈക്കൽ ഹ്സു പ്രവചിക്കുന്നു.
ഫെഡ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തും എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം തയ്യാറാക്കിയത്. എന്നാല്‍ ഫെഡ് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ സ്വര്‍ണ വില ഒക്ടോബര്‍– ഡിസംബര്‍ സമയത്ത് 3,800 ഡോളറിലേക്ക് എത്താമെന്നും ബാങ്ക് നിരീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ കേരളത്തില്‍ സ്വര്‍ണ വില ഒരു ലക്ഷത്തിനും താഴെ എത്തും. നിലവിലെ നിരക്കു പ്രകാരം ഏകദേശം 98,500 രൂപയിലേക്ക് എത്താമെന്നാണ് പ്രതീക്ഷ.