ഇറാന്‍ സംഘര്‍ഷം അവസാനിക്കുന്നുവെന്ന സൂചനയ്ക്കിടെ സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാമിന് 345 രൂപ വര്‍ധിച്ച് 13445 രൂപയായി. പവന് 2,760 രൂപ കൂടി 107560 രൂപയിലെത്തി. രണ്ടു ദിവസം മുന്‍പ് ലക്ഷത്തിന് താഴെ പോയ സ്വര്‍ണ വിലയാണ് തിരികെ കയറുന്നത്. 18 കാരറ്റിന് 280 രൂപ വര്‍ധിച്ച് 11,050 രൂപയായി. പവന് 2,240 രൂപ കൂടി 88400 രൂപയാണ് ഇന്നത്തെ വില.
രണ്ടു ദിവസത്തിനിടെ 8,080 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ വര്‍ധന. തിങ്കളാഴ്ച ഒരു ലക്ഷത്തിന് താഴെ പോയ സ്വര്‍ണ വില അന്നു തന്നെ തിരികെ കയറാന്‍ തുടങ്ങി. 99,480 രൂപയില്‍ നിന്ന് രാത്രിയോടെ 105080 രൂപയിലേക്ക് തിരികെ കയറി. ഇന്നലെ കൂടിയും കുറഞ്ഞും 104800 രൂപയിലായിരുന്നു സ്വര്‍ണ വില.
പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുമെന്ന യു.എസ് പ്രിസഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉറപ്പിലാണ് സ്വര്‍ണ വില മുന്നേറുന്നത്. എണ്ണ വില കുറഞ്ഞതും ഡോളര്‍ ഇടിയുന്നതും സ്വര്‍ണത്തിന് നേട്ടമായി. എണ്ണവിലയിലുണ്ടായ ഇടിവ് ഉയർന്ന പണപ്പെരുപ്പം പലിശനിരക്ക് എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ കുറച്ചു. രാജ്യാന്തര സ്വര്‍ണ വില 4600 ഡോളര്‍ വരെയെത്തി. ഡോളര്‍ ഇടിയുന്നത് സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്താന്‍ കാരണമാകും.
എണ്ണവില ബാരലിന് 100 ഡോളറിൽ താഴെയായതോടെ പണപ്പെരുപ്പ ആശങ്കകൾ കുറഞ്ഞു. വെടിനിർത്തൽ സാധ്യമാകുന്നത് എണ്ണ വിതരണവുമായി ബന്ധപ്പെട്ട തടസങ്ങൾ കുറയ്ക്കുമെന്നതാണ് വിലയെ സ്വാധീനിക്കുന്നത്. തിങ്കളാഴ്ച 4098.60 ഡോളര്‍ വരെ ഇടിഞ്ഞ വില ഇപ്പോഴുള്ളത് 4,568.40 ഡോളറില്‍. ഇതാണ് കേരളത്തില്‍ സ്വര്‍ണ വില കൂടാന്‍ കാരണായത്.